തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ആഡംബര ബസിൽ കഞ്ചാവ് കടത്തിയ തിരുവനന്തപുരം സ്വദേശികൾ പിടിയിൽ. കവടിയാർ സ്വദേശി വരുൺ ബാബു ചുള്ളിമാനൂർ സ്വദേശി വിനിഷ എന്നിവരാണ് പിടിയിലായത്. പാറശാല പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്ത് വരുകയായിരുന്ന ബസ്സില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 15 ഗ്രാം തായ്ലൻഡ് കഞ്ചാവ് ആണ് ആന്റി നാർക്കോട്ടിക് സംഘം പിടികൂടിയത്. പരശുവയ്ക്കലിൽ വച്ച് ബസ് തടഞ്ഞു പരിശോധിച്ചപ്പോൾ ഇരുവരുടെയും ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പ്ലാസ്റ്റിക് കവറിനുള്ളില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
പിടിയിലായ വരുൺ ബാബു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരുപത് ഗ്രാമോളം തായ്ലൻഡ് കഞ്ചാവാണ് ഉണ്ടായിരുന്നത്.വിപണിയിൽ വലിയ വില വരുന്ന കഞ്ചാവാണിതെന്നു പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. വിനിഷയ്ക്കെതിരെയും ക്രിമിനൽ കേസുകളുണ്ടെന്നു പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: