തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പൊള്ളലേറ്റ് ചികിത്സയില്‍കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും തീരുമാനമായി.
ഞായറാഴ്ച രാത്രി 09.20ഓടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഒരാള്‍ യാത്രക്കാരുടെമേല്‍ പെട്രോളൊഴിച്ച് തീകത്തിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ മരിച്ചിരുന്നു. മട്ടന്നൂർ സ്വദേശി റഹ്മത്ത് സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ മകൾ രണ്ട് വയസുകാരി സഹറ, മട്ടന്നൂർ സ്വദേശി നൗഫിക് നൗഫിക്ക് എന്നിവരാണ് മരിച്ചത്. തലയടിച്ച് വീണാണ് മരണം.
കൊയിലാണ്ടിക്കും കോരപ്പുഴയ്ക്കും ഇടയിലുള്ള മേഖലയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിലേക്ക് നയിച്ചത്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്നും കുഞ്ഞുമായി മടങ്ങുകയായിരുന്നു റഹ്മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പ് തുറ കഴിഞ്ഞു വരികയായിരുന്നു. കോഴിക്കോട് നിന്നും ട്രെയിന്‍ കയറിയതായിരുന്നു ഇയാൾ.
തീ പൊള്ളലിൽ ഒമ്പത് പേർക്കാണ് പരിക്കേറ്റത്. ഇവരിൽ എട്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പി.സി.ലതീഷ്, ജ്യോതീന്ദ്രനാഥ്, പ്രകാശൻ എന്നിവർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 5 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയാണ്. പരിക്കേറ്റ ഒമ്പതാമത്തെയാൾ റാസിഖ് കൊയിലാണ്ടിയിലായിരുന്നു ചികിത്സ തേടിയത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: