ഫരീദാബാദ്: ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതികളിലൊന്നായ സിവില്‍ 20 (സി 20) യുടെ ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് ഉച്ചകോടി എട്ട്, ഒന്‍പത് തിയ്യതികളില്‍ ഫരീദാബാദ് അമൃത ആശുപത്രിയില്‍ നടക്കും. എട്ടിന് രാവിലെ 11.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ, സഹമന്ത്രി കൃഷന് പാല് ഗുര്‍ജാര്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, മന്ത്രിമാരായ ഡോ. അനില്‍ വിജ്, രഞ്ജിത് സിങ്, രാജേഷ് നഗാര്‍ എംഎല്‍എ, ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച തുടങ്ങിയവര്‍ സംസാരിക്കും.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. മാതാ അമൃതാനന്ദമയി ദേവിയാണ് സി 20 യുടെ അധ്യക്ഷ. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ 700 ലധികം സിഎസ്ഒകളില് നിന്നുള്ള പ്രതിനിധികള്‍, ആരോഗ്യ വിദഗ്ധര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, പൊതുജനാരോഗ്യ മേഖലയിലുള്ളവര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാനസികാരോഗ്യം, പോഷകാഹാരം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, വയോജന പരിചരണം, സമഗ്രമായ ആരോഗ്യ സമീപനങ്ങള്‍, വണ്‍ ഹെല്‍ത്ത്, സാംക്രമികേതര രോഗങ്ങള്‍ കുറയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ഏഴ് പ്രധാന മേഖലകളില്‍ ചര്‍ച്ചകള്‍ നടക്കും.
ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് വര്‍ക്കിങ് ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ പോളിസി ഇവന്റുകളില്‍ ആരംഭിച്ച പ്രാഥമിക ചര്‍ച്ചകള്‍ ഫരീദാബാദ് അമൃത ആശുപത്രിയില്‍ തുടര്‍ന്നും നടക്കുമെന്ന് സി 20 വര്‍ക്കിങ് ഗ്രൂപ്പിന്റെ കോ ഓര്‍ഡിനേറ്റര്‍ ഡോ. പ്രിയ നായര്‍ അറിയിച്ചു. സി 20 ഉച്ചകോടിയില്‍ മുന്നോട്ടുവെക്കാന്‍ പോകുന്ന നയരൂപീകരണ നിര്‍ദ്ദേശങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ഈ ചര്‍ച്ചകളിലൂടെ സാധിക്കുമെന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: