ന്യൂദല്‍ഹി : മാന നഷ്ടക്കേസില്‍ എംപി സ്ഥാനം നഷ്ടമായതിനെതിരെ രാഹുല്‍ ഗാന്ധി നിയമ നടപടികളിലേക്ക് നീങ്ങും. അയോഗ്യനാക്കപ്പെട്ട വിധിക്കെതിരെ സൂറത്ത് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ നിയമ നടപടികളിലേക്ക് നീങ്ങുന്നതായി അറിയിച്ചിരിക്കുന്നത്. കള്ളമാര്‍ക്കെല്ലാം മോദിയെന്ന പേര് എങ്ങനെ ലഭിച്ചുവെന്ന പരാമര്‍ശത്തിലാണ് രാഹുലിനെ കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
തിങ്കളാഴ്ച സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ നേരിട്ട് ഹാജരായി അപ്പീല്‍ നല്‍കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച രാഹുലിന് അപ്പീല്‍ നല്‍കാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിരുന്നു. അതേസമയം ഇതേ പരാമര്‍ശത്തില്‍ പാട്ന കോടതിയിലും രാഹുലിനെതിരെ കേസുണ്ട്. ബിജെപി എംപി സുശീല്‍ കുമാര്‍ മോദിയാണ് കേസ് നല്‍കിയിരിക്കുന്നത്. കേസില്‍ ഏപ്രില്‍ 12ന് നേരിട്ട് ഹാജരാകാന്‍ പാട്ന കോടതി രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: