എന്താണ് സംസ്കാരം എന്ന് ചോദിച്ചാല്‍ അത്ര കൃത്യമായി നിര്‍വചിക്കാന്‍ വിഷമമാണ്. നിര്‍വചനങ്ങള്‍ക്ക് അങ്ങനെ ചില നിര്‍ബന്ധമുണ്ട്. അത് കൃത്യമായിരിക്കണം. ഒരിക്കലും ദുര്‍വ്യാഖ്യാനത്തിന് ഇടകൊടുക്കുന്നതാകരുത്. സര്‍വകാലത്തിലും സര്‍വദേശത്തിനും ബാധകമായിരിക്കണം. തര്‍ക്കങ്ങള്‍ക്ക് ഇടകൊടുക്കരുത്.
അങ്ങനെ നിര്‍വചിക്കാന്‍ ഒരുപക്ഷേ ശാസ്ത്രീയ വിഷയങ്ങളിലേ പറ്റൂ. രസതന്ത്രത്തില്‍ അങ്ങനെയാണ്. ഹൈഡ്രജന്‍ ഓക്സിജന്‍ തന്മാത്രകള് പ്രത്യേക അനുപാതത്തില്‍ ചേര്‍ന്നാല്‍ ഉണ്ടാകുന്നത് വ്യത്യസ്ത വസ്തുക്കളാണ്. രണ്ട് ഹൈഡ്രജന്‍ തന്മാത്രകളും ഒരു ഓക്സിജന്‍ തന്മാത്രയും ചേരുമ്പോള്‍ ജലം ആകണമെന്നാണ് രാസ സമവാക്യം. അത് രണ്ട് ഹൈഡ്രജനോടൊപ്പമായാല്‍ ഹൈഡ്രജന്‍ പെറോക്സൈഡാകും. പക്ഷേ ഭാഷയില്‍, അങ്ങനെയല്ല. അവിടെ ശാസ്ത്രത്തില്‍ നിന്ന് വ്യത്യസ്തമാണ്. രണ്ടു വാക്കുകള്‍ ചേരുമ്പോള്‍ മറ്റൊരു വാക്കുണ്ടാകാം, വാക്യമാകാം. ചിലപ്പോള്‍ അത് നക്ഷത്രവുമാകും. രണ്ടു വാക്കുകള്‍ ചേരുമ്പോള്‍ നക്ഷത്രം ഉണ്ടാകുന്നുവെന്നാണല്ലോ സാഹിത്യവൃത്തിയെക്കുറിച്ച് പറയാറ്. അതായത് കൃത്യമായ നിര്‍വചനത്തിലൊതുങ്ങുന്നില്ല, ഭാഷയും കലയുമെന്നര്‍ത്ഥം. ഏറെ ചര്‍ച്ചചെയ്തിട്ടുള്ള വിഷയമാണിത്. അവസാന വാക്കും വിധിയും വരാത്ത ഇത്തരം ചര്‍ച്ചകളും ചിന്തകളും ഏറെയുണ്ട് എന്നതാണ് സര്‍ഗമേഖലയിലെ ജനാധിപത്യവും സ്വാതന്ത്ര്യവും.
ഭരണ വ്യവസ്ഥയിലും സാമൂഹ്യ സംവിധാനത്തിലും ജനാധിപത്യത്തിനുള്ള സാധ്യതകളും പരിമിതികളുംപോലെ സര്ഗക്രിയാ രംഗത്തുമുണ്ട്. രണ്ടിടത്തും അത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളേയും ബാധിക്കാതിരിക്കുന്നിടത്തോളം പ്രശ്നമില്ല. നിങ്ങളുടെ സ്വാതന്ത്ര്യം അപരന്റെ മൂക്കിന്‍തുമ്പത്തോളം എന്നാണല്ലോ പറച്ചില്. സര്‍ഗമേഖലയിലെ ഈ സ്വാതന്ത്ര്യങ്ങള്‍ കുറഞ്ഞുകുറഞ്ഞു വരുന്നുവെന്നതാണ് ആധുനിക കാലത്തെ അനുഭവങ്ങള്‍. അത് സംസ്കാരത്തെ കാര്യമായി ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
സകല മേഖലയിലും ഈ നിയന്ത്രണങ്ങളാണ് നിയമങ്ങള്‍, ചട്ടങ്ങള്‍, വ്യവസ്ഥകളൊക്കെയായി മാറുന്നത്. ചിലത് ശീലങ്ങളാകും. ഈ ചട്ടങ്ങളും നിയമങ്ങളും മറികടക്കേണ്ടുന്ന അവസ്ഥയുണ്ടാകുമ്പോഴാണ് പുതിയ നിയമ നിര്‍മാണങ്ങള്‍ ഉണ്ടാകുന്നത്. ഭരണഘടനയില്‍പോലും അങ്ങനെയാണ് ഭേദഗതിയും പരിഷ്കാരങ്ങളും വരുന്നത്. ഈ പരിഷ്കാരങ്ങള്‍ കൂട്ടായി ചിന്തിച്ച് ഇനിയൊരിക്കലും മാറ്റേണ്ടതായി വരില്ലെന്ന് കരുതി തിരുത്തുകയും പിന്നെയും അത്യപൂര്‍വ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഷ്കരിച്ചതിനുമേല്‍ പരിഷ്കാരം കൊണ്ടുവരികയും വേണ്ടിവരും. ഉദാഹരണത്തിന്, ദീര്‍ഘനാളത്തെ വിദേശ രാജ്യങ്ങളുടെ അധികാരമേല്‍ക്കോയ്മയില്‍നിന്ന് മോചിതമായ നമ്മുടെ രാജ്യം നമ്മുടെ ഭരണഘടനയുണ്ടാക്കി. അത് ഏറ്റവും സമഗ്രവും സമ്പൂര്‍ണവും കുറ്റമറ്റതുമാണെന്ന് നാം പലവട്ടം അഭിമാനിച്ചു. പക്ഷേ അതില്‍ പലകാലങ്ങളിലായി ഭേദഗതി വേണ്ടിവന്നില്ലേ. ആരെങ്കിലും കരുതിയോ വിദേശ പൗരത്വമുള്ള ഒരാള്‍ വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തില്‍ എത്തിപ്പെടാനുള്ള സാധ്യതയെക്കുറിച്ച്. ഇല്ല, അതുകൊണ്ടാണല്ലോ സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ പൗരത്വം ആദ്യവും ഇന്ത്യയില്‍ ജനിച്ചയാളല്ലെന്ന് വിഷയവും മറ്റും മറ്റും ഒരിക്കല്‍ വലിയ ചര്‍ച്ചയായത്. അങ്ങനെ നിയമങ്ങള്‍ മാറ്റേണ്ടിവരുന്നു.
കലയില്‍ ഇങ്ങനെ നിലവിലുള്ള വ്യവസ്ഥയില്‍നിന്ന് മാറി നടത്തുന്ന പരീക്ഷണങ്ങളാണ് പുതിയ കലാരൂപങ്ങള്‍ ഉണ്ടാക്കുന്നത്. സാഹിത്യത്തിലും അങ്ങനെയാണ്. സ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലും അങ്ങനെ മാറിച്ചിന്തിക്കുന്നവരുണ്ടാകുമ്പോഴാണ് പുതിയവ ഉണ്ടാകുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാര്യത്തിലൊഴികെ ഈ മാറിച്ചിന്തകള്‍ക്ക് വ്യക്തമായ ആധാരമുണ്ടാകും; അവിടെ, പലപ്പോഴും നയിക്കുന്നവര്‍ മാറുന്നുവെന്നുമാത്രമാണ് വ്യത്യാസം കാണുന്നത്.
കൂത്തിന് മിഴാവുവായിച്ച കുഞ്ചന്‍ നമ്പ്യാര്‍ ചാക്യാരുടെ പരിഹാസം സഹിക്കാഞ്ഞ് തൊട്ടപ്പുറത്തെ വേദിയില്‍ തുള്ളല്‍ അരങ്ങേറിയെന്നൊക്കെ കഥപറച്ചിലില്‍ ഉണ്ടെങ്കിലും വാസ്തവത്തില്‍ വേറിട്ട് ചിന്തിച്ച ഒരു കലാകാരന്റെ സര്‍ഗ വൈഭവമാണല്ലോ തുള്ളലായത്. ഇത്തരത്തിലുള്ള സ്വാതന്ത്ര്യങ്ങള്‍ സംസ്കാരത്തെ പോഷിപ്പിക്കുകയാണ് ചെയ്യുന്നത്. പക്ഷേ വിലക്കുകള്‍ അങ്ങനെയല്ല, മറിച്ചാണ്. അത് ശോഷിപ്പിക്കുകയേ ചെയ്യൂ.
വിലക്കുകള്‍ നിയമങ്ങളായി മാറുമ്പോഴുണ്ടാകുന്ന സാംസ്കാരിക ശോഷണം വലുതാണ്. അത് യഥാര്‍ത്ഥ ലോകവും സങ്കല്പ്പ ലോകവും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമാകുന്നു. സങ്കല്‍പ്പിക്കാനുള്ള അവസരവും ശേഷിയും ഇല്ലാതാക്കുന്നു. അത് സാംസ്കാരിക അപചയത്തിന് കാരണമാകുന്നു. പൊളിറ്റിക്കല്‍ കറക്ട്നസ് ആണ് ഇന്ന് ഈ വിലക്കുകള്‍ക്ക് വഴിവെക്കുന്നത്. സാമൂഹ്യ വിമര്‍ശനത്തില്‍ ഏറെ ഉദാരമായിരുന്ന കലാവിഭാഗങ്ങളില്‍പോലും ഈ സ്വാതന്ത്ര്യം ഇന്ന് കുറഞ്ഞുകുറഞ്ഞുവരുന്നു. രണ്ടു കാര്യങ്ങള്‍കൊണ്ടാണ്, ഒന്ന് എതിര്‍പ്പുകൊണ്ട്, എതിര്‍ത്തേക്കുമെന്ന ആത്മഭയംകൊണ്ട്. രണ്ടും അപകടകരമാണല്ലോ.
സാമാന്യം മികച്ച രീതിയില്‍ പ്രേക്ഷകര്‍ ഉണ്ടായിരുന്ന ഒരു ഡിജിറ്റല്‍ നര്‍മ പരിപാടിക്ക് നര്‍മം നഷ്ടപ്പെട്ടതിന് കാരണം അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി, പൊളിറ്റിക്കലി കറക്ടാകാനുള്ള തത്രപ്പാടില്‍ നര്‍മം നഷ്ടമായി എന്നായിരുന്നു. ഒരു പ്രമുഖ സാഹിത്യകാരന് അഭിമുഖത്തിനിടെ, ‘ഇനി പറയുന്നത് എഴുതരുത്’ എന്ന് നിര്‍ദേശത്തോടെ പറഞ്ഞതായിരുന്നു, വാസ്തവത്തില്‍ സമൂഹം അറിയേണ്ടത്. പക്ഷേ പൊളിറ്റിക്കല്‍ സാമൂഹ്യ വിലക്കും സ്വയം വിലക്കുംകൊണ്ട് അദ്ദേഹത്തിന് അത് പുറംലോകം അറിയെ പറയാനാവുന്നില്ല. എന്തൊരു ദുരന്തമാണത്.
കലാവിഷ്കാരത്തില്‍, സാഹിത്യ രചനയില്‍, പ്രസംഗത്തില്‍ പ്രസ്താവനയില്‍ എല്ലാം ഈ പൊളിറ്റിക്കല്‍ കറക്ട്നസ് (പക്ഷരഹിത നിലപാട്) അല്ലെങ്കില്‍ ബാലന്‍സിങ് (സന്തുലനം) കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന അപകടകരമായ അപചയം ചെറുതല്ല. അത് ഭാഷയെ ബാധിക്കുന്നത് എത്രകടുത്ത തോതിലാണെന്നോ.
കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍പാട്ടുകള്‍ ഇനി പൊതുവേദിയില്‍ പാടുമ്പോള്‍ ശ്രദ്ധിക്കേണ്ടിവരുമെന്നുവന്നാലോ. നിലവിലെ സ്ഥിതി അനുസരിച്ച് അങ്ങനെ വേണ്ടിവരിലേ. ”എഴുപത്തഞ്ച് വയസ്സു കഴിഞ്ഞൊരു/ കിതവ ബ്രാഹ്മണനിത പോകുന്നു,/പൊരിവെയില്‍തട്ടിച്ചുട്ട കഷണ്ടിയി/ലൊരുപിടിനെല്ലാല്‍ മലരു വറുക്കാം…” എന്ന നമ്പ്യാരെ പാടിയാല്‍ ബ്രാഹ്മണര്‍ക്ക്, പ്രായമായവര്‍ക്ക്, കഷണ്ടിക്കാര്‍ക്ക് ഒക്കെ ആക്ഷേപകരമാകുമെന്ന ആക്ഷേപം ഉയരാം. വികെഎന്നിന്റെ കഥകളിലെ നര്‍മം ആക്ഷേപമാകാം. കഥകളിയില്‍ മുദ്രകാട്ടുമ്പോള്‍ സ്ത്രീ സൗന്ദര്യം വര്‍ണിക്കുന്നത് അഭിനയിച്ചാല്‍ അത് ബോഡി ഷെയിമിങ് ആയി വ്യാഖ്യാനിക്കാം. സര്‍ക്കസില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നത്, മൃഗലാശയില്‍ മൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നത്, സിനിമയില്‍ ഷൂട്ടിങ്ങിന് മൃഗങ്ങളെ വിനിയോഗിക്കുന്നത് നിയന്ത്രിക്കുന്നതും വിലക്കുന്നതും പോലെ കഥയില്‍, കവിതയില്‍, പ്രസംഗത്തില്‍, പ്രസ്താവനയില്‍, സംഭാഷണത്തില്‍ എല്ലാം വിലക്കുകള്‍ വന്നാല്‍ ഉണ്ടാകാവുന്ന സാംസ്കാരിക നഷ്ടം ചെറുതായിരിക്കില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി പുലഭ്യം പറയാന്‍ അവകാശമുണ്ട്, പക്ഷേ മോദി സമുദായത്തെ പരക്കെ പറയുന്നത് ചട്ടവിരുദ്ധമാണ് എന്നാണിപ്പോള്‍ ചട്ടം. അതുകൊണ്ടാണല്ലോ പൊതു പ്രവര്‍ത്തകനായ രാഹുല്‍ ഗാന്ധി എംപിക്ക് ഈ സ്ഥിതി വന്നത്. പൂതനമാര്‍ എന്ന വിശേഷണം പറഞ്ഞതിന് ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരേ കേസ് വന്നത്. ഈ തരത്തില്‍ നിയമങ്ങള്‍ ആര് ആര്‍ക്കുവേണ്ടി നിര്‍മ്മിക്കുന്നുവെന്നതാണ് വാസ്തവത്തില്‍ ഉയരേണ്ട ചോദ്യം.
അപകടകരമായ പോക്കിലാണ് നമ്മള് ഭാഷയിലെ പ്രയോഗങ്ങള്‍, ശൈലികള്‍ ഇനി ഉപയോഗിക്കാന്‍ ഭയക്കണം. ‘ലളിത ചമഞ്ഞ പൂതന’ എന്ന ശൈലി ഉപയോഗിക്കാന്‍ ആവില്ല. ‘വേനല്‍ കഴിഞ്ഞ് മഴ വരുന്നതിന് മുമ്പ് പാലക്കാടന്‍ ചുരം കടന്നുവരുന്ന മഴമേഘങ്ങളെ കണ്ട്, കവി ഇടശ്ശേരി ഗോവിന്ദന് നായര്‍ പാടിയിട്ടുണ്ട്, ‘എത്തീ കിഴക്കന്‍ മലകടന്നിന്നലെ/ ഇത്തീരഭുവില്‍ കറുത്ത ചെട്ടിച്ചികള്’ എന്ന്. ‘കറുത്ത ചെട്ടിച്ചികള്’ എന്നാണ് കവിതയുടെ പേര്. ആ കവിത പാടാനാവാത്ത കാലം, കവിയുടെ പേര് പറയാനാവാത്ത കാലം വരുമോ. ആശങ്കയുണ്ടായിരിക്കണം.
എഴുത്തിലും പ്രസംഗത്തിലും മറ്റും ശൈലികളും പഴഞ്ചൊല്ലുംകൂടി ഇല്ലെങ്കില്‍ എന്താകും അവസ്ഥയെന്ന് ആലോചിക്കുക. ‘കുരക്കുന്ന പട്ടി കടിക്കില്ല’, ‘കാക്ക കുളിച്ചാല്‍ കൊക്കാകുമോ’,’പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ?’, ‘പട്ടിക്കു രോമം കിളിര്‍ത്തിട്ട് അമ്പട്ടനെന്ത് കാര്യം’, ‘പുത്തനച്ചി പുരപ്പുറം തൂക്കും’, ‘ഇഞ്ചിതിന്ന കുരങ്ങനെപ്പോലെ’ തുടങ്ങിയ പ്രയോഗങ്ങള്‍ക്കൊക്കെ വിലക്കുവന്നാല്‍ നാടന്‍ പാട്ടുകള്‍ പാടാനാവാതെ വരും. നാട്ടു വിശേഷങ്ങള്‍ വിവരിക്കാന്‍ കഴിയാതെവരും. നാട്ടില്‍ ആളെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ പറയാന്‍ കഴിയാതെ വരും.
ആരുണ്ടാക്കുന്നു ഈ നിയമങ്ങള്‍. ആര്‍ക്കുവേണ്ടി എന്നതാണ് ചോദ്യം. ആധികാരികമായി ആരും അംഗീകരിക്കാത്ത വാക്കുകളും പ്രയോഗങ്ങളും അര്‍ത്ഥമതല്ലെന്ന് അറിഞ്ഞിരിക്കെത്തന്നെ പ്രയോഗിച്ച് നിത്യജീവിതത്തില്‍ ആശയവിനിമയം നടത്തുന്നുണ്ട് നമ്മള്. പക്ഷേ നിത്യപരിചയമായവ ഉപയോഗിക്കാന്‍ വിലക്കും കല്പ്പിക്കുന്നു. ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പ് സംവിധാനത്തെ വിമര്‍ശിച്ച്, ‘പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ കൂരായണ’ എന്ന് പറയാന്‍ ആവാത്ത സ്ഥിതിയാണ് എന്നു പറയുമ്പോള്‍ നമുക്ക് കല്പ്പനകളും നഷ്ടമായിപ്പോവുകയാണല്ലോ.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (നിര്‍മിത ബുദ്ധി) സാധ്യതയും പരിമിതിയും അപകടവും ചര്‍ച്ച ചെയ്യുന്നുണ്ട് നമ്മള്. ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ച് അപകടത്തില്‍ പെടുത്തുന്നതും പരാതിപ്പെടും. പക്ഷേ, ചില സാമൂഹ്യ മുന്‍വിധികളുടെയും രാഷ്ട്രീയ താല്പര്യങ്ങളുടെയും പേരില്‍ ഭാഷയെ, കലയെ അതിലൂടെ സംസ്കാരത്തെ അപകടപ്പെടുത്തുന്നതിലെ അപകടം നാം ചിന്തിക്കുന്നേയില്ല. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വര്‍ദ്ധിക്കുമ്പോള്‍ അതില്‍ കോമണ്‍ സെന്‍സ് ഇല്ലാതെ പോകുന്നെങ്കില്‍.
പിന്കുറിപ്പ്:
കര്‍ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അവിടെയൊരു ലോകായുക്തയുണ്ടായിരുന്നു. സന്തോഷ് ഹെഗ്ഡേ. കൊടുങ്കാറ്റാകുമെന്ന് കരുതിയതാണ് ഒരു കാലത്ത്. അഴിമതിക്കെതിരേയായിരുന്നു പോരാട്ടം. എത്ര ചടുലമായിരുന്നു. വളരെ കര്‍ക്കശ നിലപാട്. കേരളത്തിലുമുണ്ട്, ലോകായുക്ത. രാമായണം മുഴുവന്‍ കേട്ട് രാമന് സീത ബന്ധത്തെക്കുറിച്ച് ചോദിച്ച കഥപോലെയാണ് മുഖ്യമന്ത്രിക്കെതിരേയുള്ള കേസ് വര്‍ഷത്തിലേറെ കേട്ട്, വിധി പറയേണ്ടിവന്നപ്പോള്‍ ശങ്ക, ഒന്നൊന്നര ശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: