കുമരകം: വികസന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യത്തിന്റെ (ഡിപിഐ) നിർണായക പങ്കിനെക്കുറിച്ചും, കഴിഞ്ഞ ദശകത്തിൽ ഡിപിഐ നടപ്പാക്കുന്നതിൽ ഇന്ത്യയുടെ വിപുലമായ അനുഭവത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ടാം ജി20 ഷെർപ്പ യോഗത്തിന്റെ ആദ്യദിനത്തിനു തുടക്കമായി. നാസ്കോം, ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ (ബിഎംജിഎഫ്), ഡിജിറ്റൽ ഇംപാക്റ്റ് അലയൻസ് (ഡയൽ) എന്നിവയുമായി സഹകരിച്ച് ജി20 സെക്രട്ടറിയറ്റാണ് അനുബന്ധപരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്തും നാസ്കോം പ്രസിഡന്റ് ദേബ്ജാനി ഘോഷും ചേർന്ന് ഷെർപ്പമാരുടെയും ജി20 അംഗങ്ങളുടെയും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഡിപിഐ എക്സ്പീരിയൻസ് സോൺ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ഡിപിഐ വിജയഗാഥ പ്രദർശിപ്പിച്ച്, ഡിജിറ്റൽ സ്വത്വം, സാമ്പത്തിക ഉൾച്ചേർക്കൽ, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും തുല്യമായ പ്രവേശനം തുടങ്ങിയ നിർണായക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത പ്രധാന ഡിപിഐകളെ ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോൺ ഉയർത്തിക്കാട്ടി. ജനങ്ങളുമായി ഇടപെടുന്ന ആധാർ, കോ-വിൻ, യുപിഐ, ഡിജിലോക്കർ, ഭാഷിണി തുടങ്ങിയ ഇന്ത്യയുടെ വിവിധ ഡിപിഐകൾ എക്സ്പീരിയൻസ് സോണിൽ പ്രദർശിപ്പിച്ചു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, പേറ്റിഎം, ഫ്രാക്ടാബൂ, എഡബ്ല്യുഎസ്, ടിസിഎസ് തുടങ്ങിയ സ്വകാര്യമേഖലാ സംരംഭങ്ങളുടെ സാന്നിധ്യവും സോണിലുണ്ടായിരുന്നു.
പൊതുസേവനങ്ങൾ ഫലപ്രദമായും കാര്യക്ഷമമായും ലഭ്യമാക്കുന്നതിൽ ഡിപിഐയുടെ നിർണായക പങ്ക് ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്തിന്റെ ഉദ്ഘാടന പ്രസംഗത്തോടെയാണ് അനുബന്ധ പരിപാടി ആരംഭിച്ചത്. ഡിജിറ്റൽ ഡൊമെയ്നിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ കൈവരിച്ച നേട്ടങ്ങളും വലിയ മുന്നേറ്റങ്ങളും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോളതലത്തിൽ, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും ഡിപിഐകൾ സ്വീകരിക്കുന്നതിന്റെ സാധ്യതകൾ അദ്ദേഹം എടുത്തുകാട്ടുകയും ചെയ്തു. ഓപ്പൺ സ്റ്റാൻഡേർഡ്, ഓപ്പൺ എപിഐ, ഇന്റർഓപ്പറബിളിറ്റി എന്നിവ ഇന്ത്യയുടെ ഡിപിഐയുടെ മുഖമുദ്രകളാണെന്ന് അമിതാഭ് കാന്ത് പറഞ്ഞു.
‘എന്തുകൊണ്ട് ഡിപിഐ?’ എന്ന വിഷയത്തിൽ ഡിപിഐകളുടെ പ്രാധാന്യവും ആവശ്യകതയും സംബന്ധിച്ച പ്രത്യേക സമ്മേളനത്തോടെയാണു പരിപാടി ആരംഭിച്ചത്. (1) ‘ജനങ്ങൾക്കും ഗ്രഹത്തിനും സമൃദ്ധിക്കും ഡിപിഐ എങ്ങനെയാണ് സംഭാവനയേകുന്നത്’, (2) ‘ആഗോളപശ്ചാത്തലത്തിൽ ഡിപിഐ- വിവിധ രാജ്യങ്ങൾ ഡിപിഐകളെയും പ്രധാന പഠനങ്ങളെയും എങ്ങനെ സമീപിക്കുന്നു’, (3) ‘ഡിപിഐകളുടെ വ്യാപ്തി: വെല്ലുവിളികളും അവസരങ്ങളും’ എന്നീ വിഷയങ്ങളിൽ സെഷനുകൾ നടന്നു.
(എ) ‘ഡിപിഐ ധനസഹായ അന്തരത്തെക്കുറിച്ചുള്ള അവതരണം’ പ്രദർശിപ്പിക്കുന്നതിനായും (ബി) ‘ഡിപിഐ എങ്ങനെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഊർജം പകരുന്നു – നിക്ഷേപകൻ + സ്ഥാപകൻ’ എന്നതിനെക്കുറിച്ചു ചർച്ച ചെയ്യാനും രണ്ട് സ്പോട്ട്ലൈറ്റ് സെഷനുകളും നടന്നു.
ഇൻഫോസിസ് സഹസ്ഥാപകനും ബോർഡ് ചെയർമാനുമായ പ്രമുഖ ആഗോള നേതാക്കളായ നന്ദൻ നിലേക്കണി, യൂറോപ്യൻ യൂണിയൻ ഇന്റേണൽ മാർക്കറ്റ് കമ്മീഷണർ തിയറി ബ്രെട്ടൻ എന്നിവരുടെ വെർച്വൽ സന്ദേശങ്ങളോടെയാണ് “എന്തുകൊണ്ട് ഡിപിഐ?” എന്ന പ്രത്യേക സെഷൻ ആരംഭിച്ചത്. യുഎസിലെ വാഷിംഗ്ടൺ ഡിസിയിലെ ഡിജിറ്റൽ ഇംപാക്ട് അലയൻസ് മാനേജിങ് ഡയറക്ടർ പ്രിയ വോഹ്റ, ഏക്സ്റ്റെപ്പ് ഫൗണ്ടേഷന്റെ സിടിഒയും ആധാർ – ഇന്ത്യ സ്റ്റാക്ക് മുൻ ചീഫ് ആർക്കിടെക്റ്റുമായ പ്രമോദ് വർമ എന്നിവർ സംയുക്ത അവതരണം നടത്തി. വിവിധ മേഖലകളിൽ ഡിപിഐകളുടെ പരിവർത്തനപരമായ പങ്കും അതിന്റെ രൂപകൽപ്പന-സാമ്പത്തിക വശങ്ങളും ഇരുവരും വിശദീകരിച്ചു.
തുടർന്ന് ‘ഡിപിഐകൾ: ജനങ്ങൾക്കും ഗ്രഹത്തിനും സമൃദ്ധിക്കുമായുള്ള സംഭാവന’ എന്ന വിഷയത്തിൽ സെഷൻ ചേർന്നു. ലണ്ടൻ ചാത്തം ഹൗസ് ഫെലോ സിദ്ധാർഥ് തിവാരി അധ്യക്ഷനായി. അനന്ത് മഹേശ്വരി (പ്രസിഡന്റ് മൈക്രോസോഫ്റ്റ് ഇന്ത്യ), ജീൻ-ഫിൽബർട്ട് എൻസെങ്കിമാന (ഡയൽ & ആഫ്രിക്ക സിഡിസി), കോൺസ്റ്റാന്റിൻ പെരിക് (പാവപ്പെട്ടവർക്കായുള്ള സാമ്പത്തിക സേവനങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ, ബിഎംജിഎഫ്), പത്മജ രുപാറെൽ (ഐഎഎൻ ഫണ്ടിന്റെ സ്ഥാപക പങ്കാളി), പീറ്റർ റാബ്ലി (പ്ലേസ് ഫണ്ട്) എന്നിവർ പാനലിസ്റ്റുകളായി. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ എന്നിവയെ സ്വാധീനിക്കുന്നതിനൊപ്പം മത്സരം, വിപണികൾ, നവീകരണം, ഉൾപ്പെടുത്തൽ എന്നിവയിൽ ഡിപിഐകളുടെ പങ്കിനെക്കുറിച്ച് സെഷൻ ചർച്ച ചെയ്തു.
“ആഗോള പശ്ചാത്തലത്തിൽ ഡിപിഐ – വിവിധ രാജ്യങ്ങൾ ഡിപിഐകളെയും പ്രധാന പഠനങ്ങളെയും എങ്ങനെ സമീപിക്കുന്നു” എന്ന വിഷയത്തിലുള്ള രണ്ടാമത്തെ സെഷൻ മോഡറേറ്റ് ചെയ്തത് ആധാർ -ഇന്ത്യ സ്റ്റാക്ക് മുൻ ചീഫ് ആർക്കിടെക്റ്റും ഏക്സ്റ്റെപ്പ് ഫൗണ്ടേഷൻ സിടിഒയുമായ പ്രമോദ് വർമയാണ്. എൻപിസിഐ ഇന്ത്യ സിഇഒ ദിലീപ് അസ്ബെ, ജോനാഥൻ മാർസ്കൽ (ഡിജിറ്റൽ ഐഡന്റിറ്റി, ലോക ബാങ്ക്), ഡയാന സാങ് (യുഎൻ ഫൗണ്ടേഷനിലെ ഡിജിറ്റൽ ഇംപാക്ട് അലയൻസ്, സ്ട്രാറ്റജിക് എൻഗേജ്മെന്റ്സ് & പാർട്ണർഷിപ്പ് അസോസിയേറ്റ് ഡയറക്ടർ), കീസോം (ചീഫ് ഡിജിറ്റൽ ഓഫീസർ, യുഎൻഡിപി), ബ്യോൺ റിക്ടർ (ജിഐഇസഡ് ഡിജിറ്റൽ പ്രോഗ്രാമിങ് – ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേധാവി) എന്നിവരായിരുന്നു ഈ സെഷനിലെ പാനലിസ്റ്റുകൾ. വികസിത-വികസ്വര രാജ്യങ്ങൾക്കു പ്രസക്തമായ ഡിപിഐ പ്രയോഗത്തിന്റെ പ്രധാന ആഗോള ഉദാഹരണങ്ങളും വികസിത രാജ്യങ്ങളിൽ നിന്നുള്ള അനുഭവങ്ങളും അവർ പങ്കുവച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ പുനരുജ്ജീവനം ഉറപ്പാക്കുന്നതിൽ ഡിപിഐകളുടെ പ്രാധാന്യം, ഓപ്പൺ ടെക്നോളജി സ്റ്റാൻഡേർഡുകളും ഇന്റർഓപ്പറബിൾ ടെക്നോളജി ലെയറുകളെ അടിസ്ഥാനമാക്കിയുള്ള ഡിപിഐയും ഉപയോഗിച്ച് വൻ നവീകരണ സാധ്യതകളും പരിവർത്തനാത്മക സാമൂഹ്യ-സാമ്പത്തിക സ്വാധീനം എന്നിവയും ഈ സെഷനിൽ വിശദമായി ചർച്ച ചെയ്തു.
വലിയ തോതിലുള്ള വികസന നേട്ടങ്ങൾക്കായി ഡിപിഐകൾ കാര്യക്ഷമമായി വികസിപ്പിക്കുന്ന വിഷയത്തിൽ മൂന്നാം സെഷൻ ശ്രദ്ധ കേന്ദ്രീകരിച്ചു. ബിഎംജിഎഫിന്റെ ഗ്ലോബൽ ഗ്രോത്ത് ആൻഡ് ഓപ്പർച്യുണിറ്റീസ് ഗ്ലോബൽ പ്രസിഡന്റ് റോജർ വൂർഹീസ്, യുഐഡിഎഐ സിഇഒ സൗരഭ് ഗാർഗ്, അഭിഷേക് സിംഗ് (സിഇഒ, ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ, എൻഇജിഡി& മൈഗവ്) ടേകി അക്വേട്ടെ (ആഫ്രിക്ക ഡിജിറ്റൽ റൈറ്റ്സ് ഹബ്ബ് സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറും), കേ മക്ഗോവൻ (ഡിജിറ്റൽ ഇംപാക്റ്റ് അലയൻസ് പോളിസി & അഡ്വക്കസി സീനിയർ ഡയറക്ടർ), അംബരീഷ് കെൻഗെ (ഗൂഗിൾ പേ വൈസ് പ്രസിഡന്റ്) എന്നിവർ സെഷനിൽ പാനലിസ്റ്റുകളായി. വിശ്വാസ്യത, പ്രവേശനക്ഷമത, താങ്ങാനാകുന്ന വില, ഉപഭോക്തൃ സമ്മതം തുടങ്ങിയ തത്വങ്ങളെ അടിസ്ഥാനമാക്കി ഡിപിഐകൾ വ്യാപിപ്പിക്കുന്നതിന് പൊതു-സ്വകാര്യ സഹകരണ സമീപനം ഏതുരീതിയിലാണ് ആവശ്യമെന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
അനുബന്ധപരിപാടിയിൽ രണ്ട് സ്പോട്ട്ലൈറ്റ് സെഷനുകളാണുള്ളത്. ആദ്യ സെഷന് ഡയലിന്റെ ഡിപിജികൾക്കുള്ള ചാർട്ടറിന്റെ ഡയറക്ടർ ക്രിസ്സി മാർട്ടിൻ മെയർ നേതൃത്വം നൽകി. സുരക്ഷിതവും സമഗ്രവും വിശ്വസനീയവുമായ പൊതു അടിസ്ഥാനസൗകര്യത്തിനു ധനസഹായമൊരുക്കുന്നതിനെക്കുറിച്ചും മത്സരാധിഷ്ഠിത വിപണി, നവീകരണം, ഉൾപ്പെടുത്തൽ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന അടിസ്ഥാന ഡിപിഐ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ചും അദ്ദേഹം അവതരണം നടത്തി. രണ്ടാമത്തെ സ്പോട്ട്ലൈറ്റ് സെഷൻ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഊർജം പകരുന്നതിൽ ഡിപിഐയുടെ പങ്കിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. നാസ്കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് സെഷനിൽ അധ്യക്ഷനായി. മെലിസ ഫ്രാക്മാൻ (ഇൻവെസ്റ്റർ, എംഫസിസ് വെഞ്ചേഴ്സ്), സുചരിത മുഖർജി (കലിഡോഫിൻ, സിഇഒ & സഹസ്ഥാപക), ജതിൻ സിംഗ് (ഗ്രാം കവർ സ്ഥാപകൻ) എന്നിവർ പാനലിസ്റ്റുകളായി. അടിസ്ഥാന ഡിപിഐകളിൽ സ്വകാര്യ നിക്ഷേപം വർധിപ്പിക്കാൻ പാനൽ ആവശ്യപ്പെടുകയും ദീർഘകാല വരുമാനം ഉണ്ടാക്കുന്നതിനുള്ള പ്രാരംഭ നിക്ഷേപങ്ങൾക്കപ്പുറം തുടർച്ചയായ ധനസഹായത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
പണക്കൈമാറ്റവും ഭക്ഷ്യവിതരണവും മുതൽ ഇ-കൊമേഴ്സ്, വിദ്യാഭ്യാസ-ആരോഗ്യ സംരക്ഷണത്തിന്റെ നൂതന മാതൃകകളുടെ വിതരണം വരെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഡിപിഐ വാഗ്ദാനംചെയ്യുന്ന കാര്യങ്ങൾ ഉയർത്തിക്കാട്ടിയുള്ള ജി 20 ജോയിന്റ് സെക്രട്ടറി നാഗരാജ് നായിഡുവിന്റെ സംഭാഷണത്തോടെ ഒരു ദിവസം നീണ്ട സെഷനു സമാപനമായി.
ഇന്ത്യ ആഗോള ഡിജിറ്റൽ കേന്ദ്രമായി ഉയർന്നുവരുമ്പോൾ, സമഗ്രമായ പൊതു സാങ്കേതികവിദ്യകൾ കെട്ടിപ്പടുക്കുന്നതിൽ അതിന്റെ നേതൃത്വം രാജ്യത്തെ ശാക്തീകരിക്കുക മാത്രമല്ല, അനുബന്ധ വ്യവസായങ്ങളും അവസരങ്ങളുടെയും ധാരാളമായി തുറക്കുകയും ചെയ്തു. പൊതു-സ്വകാര്യ സേവനങ്ങളുടെ അർഥവത്തായ വിതരണം പ്രാപ്തമാക്കുന്നതിനും ദാരിദ്ര്യം കുറയ്ക്കൽ, സാമ്പത്തിക ഉൾപ്പെടുത്തൽ, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, കാലാവസ്ഥാ പുനരുജ്ജീവനം എന്നിവയുൾപ്പെടെ നിരവധി എസ്ഡിജികൾ കൈവരിക്കുന്നതിനും ഡിപിഐ സംവിധാനങ്ങൾ നിർണായക അടിത്തറയായി മാറി.
ഇന്ത്യയുടെ ജി20 അധ്യക്ഷപദവിക്കാലത്ത് പ്രധാന മുൻഗണനകളിലൊന്നാണ് ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ. ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക ഉൾപ്പെടുത്തലിനായുള്ള ആഗോള പങ്കാളിത്തം എന്നിവയുൾപ്പെടെ വിവിധ പ്രവർത്തകസമിതികളിലുടനീളം ഇത് പൊതുവായ വിഷയമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: