ന്യൂദല്‍ഹി : അപൂര്‍വ്വ രോഗങ്ങളുടെ മരുന്നുകള്‍ക്കും ചികിത്സയ്ക്കായി നല്കുന്ന ഭക്ഷണ സാധനങ്ങളുടേയും ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ദേശീയ അപൂര്‍വരോഗ നയത്തിന്റെ പട്ടികയിലുള്ള 51 രോഗങ്ങളുടെ മരുന്നുകള്‍ക്കാണ് ധനമന്ത്രാലയം നികുതി പൂര്‍ണമായും ഒഴിവാക്കിയത്. കേന്ദ്ര ധനമന്ത്രാലയത്തിന്റേതാണ് തീരുമാനം. സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി.
2021 ലെ അപൂര്‍വരോഗ ദേശീയ നയത്തിന്റെ ഭാഗമായുള്ള രോഗങ്ങളുടെ പട്ടികയിലെ 51 ഇനം രോഗങ്ങള്‍ക്കുള്ള മരുന്നുകളെയാണ് ഇറക്കുമതി തീരുവയില്‍നിന്നും പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. ഇളവ് ലഭിക്കുന്നതിനായി ആവശ്യക്കാര്‍ ഹെല്‍ത്ത് ഡയറക്ടറുടെയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അല്ലെങ്കില്‍ സിവില്‍ സര്‍ജന്റെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ഇതിലൂടെ പ്രതിവര്‍ഷം പത്ത് ലക്ഷം മുതല്‍ ഒരു കോടി രൂപവരെ ചികിത്സാ ചെലവ് ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മരുന്നുകള്‍ക്ക് നിലവില്‍ 10 ശതമാനമാണ് ഇറക്കുമതി തീരുവ. ജീവന് രക്ഷാ മരുന്നുകള്‍ക്കും വാക്സിനുകള്‍ക്കും 5 ശതമാനം വരെയും തീരുവയുണ്ട്. അപൂര്‍വരോഗം ബാധിച്ച കുട്ടികള്‍ക്ക് വേണ്ടി ഇത്തരത്തിലുള്ള മരുന്നുകള്‍ക്കും ചികിത്സാ ആവിശ്യങ്ങള്‍ക്കായുള്ള ഭക്ഷണ സാധനങ്ങള്‍ക്കും 10 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വര്‍ഷം ചെലവിടേണ്ടി വരുന്നുണ്ട്. ഇതാണ് ലാഭിക്കാന്‍ സാധിക്കുന്നത്. സ്പൈനല്‍ മസ്കുലര്‍ അട്രോഫിയടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്കുള്ള തീരുവയില്‍ നേരത്തെ തന്നെ കേന്ദ്രം ഇളവ് നല്‍കിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: