തിരുവനന്തപുരം: സൂര്യഗായത്രി കൊലക്കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. കേസിൽ നാളെ വിധി പറയും. വിവാഹ ആലോചന നിരസിച്ചതിന് നെടുമങ്ങാട് കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെ സുഹൃത്തായിരുന്ന അരുണ്‍ (29) കുത്തി കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.
കൊലപാതകം, കൊലപാതക ശ്രമം, ഭവന കയ്യേറ്റം, കുറ്റകരമായ ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ ജാമ്യാപേക്ഷ നിരസിച്ചതിനാൽ തിരുവനന്തപുരം ജില്ലാ ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ് അരുൺ. 2021 ഓഗസ്റ്റ് 30ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭിന്ന ശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20 വയസ്സുകാരിയായ മകളെ 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്.
അമ്മ വത്സലയ്ക്കും അച്ഛന് ശിവദാസനുമൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യഗായത്രി. ശബ്ദം കേട്ട് ഗായത്രിയും അച്ഛൻ ശിവദാസനും പുറത്തിറങ്ങി. പിന്നിലെ വാതിൽകൂടി അകത്ത് കയറി അരുണ്‍ വീട്ടിനുളളിൽ ഒളിച്ചിരുന്നു. അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുണ്‍ ആക്രമിച്ചുവെന്നാണ് കേസ്. 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: