സച്ചിദാനന്ദ സ്വാമി
പ്രസിഡന്റ്, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്
ശ്രീനാരായണഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയാണല്ലോ ആധുനികകേരളത്തെ വാര്‍ത്തെടുക്കുവാനുള്ള ആത്മീയയജ്ഞത്തിന് നാന്ദികുറിച്ചത്. പില്ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ സാമൂഹിക പരിഷ്കരണപ്രസ്ഥാനങ്ങള്‍ക്കും ആദിബീജമായത് അരുവിപ്പുറത്തെ ആത്മീയവിപ്ലവം തന്നെയാണ്. പ്രതിഷ്ഠയുടെ ഭാഗമായി ഗുരു നല്കിയ (1888)ജാതിഭേദവും മതദ്വേഷവും വിഭാഗീയ ചിന്താഗതികളൊന്നുമില്ലാതെ സര്‍വ്വരും സോദരത്വേനവാഴുന്ന മാതൃകാലോകത്തിന്റെ സംസൃഷ്ടിക്കുവേണ്ടി നിരവധി സംഘടനകളും നിരവധി മഹത്തുക്കളും മുന്നോട്ടുവന്നു. അക്കൂട്ടത്തില്‍ ഗുരുദേവശിഷ്യനായ ദേശാഭിമാനി ടി.കെ. മാധവന്റെ നേതൃത്വത്തില്‍ നടന്ന സഹനസമരമാണ് വൈക്കം സത്യഗ്രഹം. അതിന്റെ ശതാബ്ദി സമാഗതമായിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തിലാണ് സത്യഗ്രഹം നടന്നതെങ്കിലും സത്യഗ്രഹത്തെ നയിച്ചത് ഗുരുദേവശിഷ്യന്മാരും ഗുരുവിനാല്‍ പ്രചോദിതരായ ജനനേതാക്കളുമാണ്. ശ്രീനാരായണപ്രസ്ഥാനം സൃഷ്ടിച്ച സാമൂഹികാന്തരീക്ഷമാണു സത്യഗ്രഹത്തിനുള്ള അന്തരീക്ഷം സംസൃഷ്ടമാക്കിയത്.
വൈക്കം സത്യഗ്രഹത്തിന് പ്രേരണ നല്കിയ പശ്ചാത്തല സംഭവങ്ങള്‍ നിരവധിയാണ്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന് അയിത്തം ആചരിക്കേണ്ട സ്ഥിതിവിശേഷം കൊണ്ട് എല്ലാവിധമായ അസ്വാതന്ത്ര്യങ്ങളും അനുഭവിക്കേണ്ടതായി വന്നു. സഞ്ചാര സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം തുടങ്ങി നിരവധി വിലക്കുകള്‍. അവര്‍ എല്ലാ രീതിയിലും കേവലം അടിമകളായി കഴിയേണ്ടി വന്ന ദുരവസ്ഥ. ഈ ദുഃസ്ഥിതിയില്‍ നിന്നു ജനതയെ കൈപിടിച്ചുയര്‍ത്തി മോചനം നല്‍കുന്നതിന് വേണ്ടിയാണല്ലോ പരമഹംസനും ബ്രഹ്മനിഷ്ഠനുമായ ശ്രീനാരായണഗുരു ആരില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ അതുല്യനായ ലോക സംഗ്രഹപടുവായി വിരാജിച്ചത്. ബാല്യംമുതല്‍ അയിത്തം അല്പം പോലും ആചരിക്കാതെ പുലയ-പറയ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങളുമായി കൂട്ടായി ജീവിച്ച സാക്ഷാല്‍ ശ്രീനാരായണ ഗുരുദേവന് പോലും ജീവിതത്തിന്റെ സായാഹ്നവേളയില്‍ അയിത്താചാരണത്തിനു വിധേയനാകേണ്ടിവന്നു. ഒരിക്കല്‍ ഗുരുദേവന് വൈക്കം ക്ഷേത്രത്തിന് സമീപമുള്ള റോഡിലൂടെ റിക്ഷാവണ്ടിയില്‍ എഴുന്നള്ളിയപ്പോള്‍ ‘ഇവിടം മുതല്‍ ഈഴവര്‍ തുടങ്ങിയ അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് ഒരു ബ്രാഹ്മണന് ഗുരുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി യാത്രാതടസ്സം സൃഷ്ടിച്ചു. ഈ നീറുന്ന സംഭവത്തെക്കുറിച്ച് സരസകവി മൂലൂര്‍ ഇപ്രകാരം എഴുതി-
”വൈക്കത്തു വച്ചു മുന്നം റിക്ഷാവണ്ടിയില്‍ മുനി
മുഖ്യനാം നാരായണസ്വാമികള്‍ പോയീടവേ
മുഷ്ക്കെഴും ഒരു മഹീദേവന്‍ നേരേ വന്നു
ചക്രവാഹകനോടു മാറുകയെന്നു ചൊല്ലി
രക്തനാഡികളെല്ലാം ഊഷ്മളമാക്കിത്തീര്‍ക്കും
ഇക്കഥ ഓര്‍ക്കുകില്‍ എന്തിനീ ഹിന്ദുമതം?”
ഈ സംഭവം ഗുരുവിനെ ആദരിക്കുന്ന സമസ്ത ജനതയെയും ഒരുപോലെ വേദനിപ്പിച്ചു. ദേശാഭിമാനി ടി.കെ.മാധവന് ‘ഗുരുവിനും വിലക്ക് വന്നുവോ’ എന്ന് ഗര്‍ജിച്ചുകൊണ്ട് ശിവഗിരിയിലെത്തി ഗുരുദേവനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മാധവനെയും കൂട്ടരെയും വൈക്കം സത്യഗ്രഹത്തിലേക്ക് നയിച്ച യഥാര്‍ത്ഥ സംഭവം വാസ്തവത്തില്‍ ഈ ഗുരു നിന്ദയാണ്. ഗുരുദേവശിഷ്യനായ ടി.കെ. മാധവനും ഗുരുദേവപ്രസ്ഥാനവും തങ്ങളുടെ അയിത്തോച്ചാടനപരിപാടികള്‍ കുറേക്കൂടി ശക്തമാക്കി. സര്‍വ്വലോകസംപൂജ്യനായ മഹാഗുരു പോലും അയിത്താചാരണത്തിന് വിധേയമാകുക എന്ന അനീതിക്കെതിരെ സുമനസ്സുകള്‍ നയിച്ച സമരമാണ് വൈക്കം സത്യഗ്രഹം. ടി.കെ. മാധവന് അതിനെ മഹാത്മാഗാന്ധിയുമായും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായും ബന്ധിപ്പിച്ചത് ആലോചിച്ചുറപ്പിച്ച സമരമുറയായിരുന്നു.
ഗുരുദേവ ശിഷ്യന്മാര് സത്യഗ്രഹത്തിലേക്ക് നീങ്ങിയപ്പോള്‍ കാരുണികനായ ഗുരു അതിനു പിന്തുണ നല്കി. സത്യഗ്രഹമെന്ന രാജസമാര്‍ഗ്ഗം ഗുരുവിന്റെ മാര്‍ഗ്ഗമായിരുന്നില്ല. സത്യഗ്രഹം പോലുള്ള രാജസ സമരപരിപാടികള്‍ ഒഴിവാക്കി സ്വന്തം ഇച്ഛാശക്തിയോടെ ക്ഷേത്ര, ആശ്രമ, വിദ്യാഭ്യാസ, വ്യാവസായിക സ്ഥാപനങ്ങള്‍ നാടൊട്ടുക്ക് സംസ്ഥാപനം ചെയ്ത് അടിസ്ഥാനസമൂഹത്തിന് ആത്മബോധം നല്കിയ ഗുരുദേവന് പോലും ഈ സമരപരിപാടിക്ക് പിന്തുണ നല്‍കുക തന്നെ ചെയ്തു. അവിടുന്ന് വൈക്കത്തുണ്ടായിരുന്ന തൃപ്പാദങ്ങളുടെ ആശ്രമസങ്കേതം സത്യഗ്രഹികള്‍ക്കായി വിട്ടുകൊടുത്തു. അന്ന് വൈക്കത്ത് കോണ്‍ഗ്രസ്സിനും എസ്എന്‍ഡിപി തുടങ്ങി ഒരു സംഘടനയ്ക്കും ആസ്ഥാനമുണ്ടായിരുന്നില്ല. ഗുരുവിന് വൈക്കം വെല്ലൂര്‍മഠമുണ്ട്. ആ മഠം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് അവിടെ താമസിച്ചുകൊണ്ട് സത്യഗ്രഹം നടത്താനായത്.
സത്യഗ്രഹം വിജയിപ്പിക്കുന്നതിന് പ്രസ്ഥാന നായകരായ പല ശിഷ്യന്മാരെയും ഗുരു നിയോഗിച്ചു. കുമാരനാശാന്, ടി.കെ.മാധവന്, ആലുംമൂട്ടിലേക്ക് എ.കെ. ഗോവിന്ദദാസ്, സി.വി. കുഞ്ഞിരാമന്, സത്യവ്രതസ്വാമികള്‍, കെ.പി. കയ്യാലയ്ക്കല്‍, എന്‍. കുമാരന്, കോട്ടുകോയിക്കല്‍ വേലായുധന്, സഹോദരന് അയ്യപ്പന്, പാണാവള്ളി കൃഷ്ണന് വൈദ്യര് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. ഇവരോടൊപ്പം കെ. കേളപ്പന്, കെ.പി. കേശവമേനോന്, മന്നത്തുപത്മനാഭന്, കൂറൂര്‍ നമ്പൂതിരിപ്പാട് തുടങ്ങിയ കോണ്‍ഗ്രസ്സ് നേതാക്കളും പങ്കെടുത്തു. അവരെ സമരമുഖത്തേക്ക് കൊണ്ടുവന്നതാണ് ടി.കെ. മാധവന്റെ വിജയം.
അയിത്തോച്ചാടനത്തിനുവേണ്ടി മഹാകവി കുമാരനാശാന് ചെയ്തുവന്ന സേവനങ്ങള്‍ വിവരിക്കേണ്ടതില്ലല്ലോ. കുമാരനാശാന്റെ അദ്ധ്യക്ഷതയില്‍ നടന്ന എസ്എന്‍ഡിപി യോഗവാര്‍ഷികത്തില്‍ അയിത്താചരണം പാടില്ലെന്നും എല്ലാ പൊതുസ്ഥലങ്ങളിലും നിര്‍ഭയം സഞ്ചരിക്കണമെന്നും തീരുമാനിച്ചിരുന്നു. പിന്നീട് മാധവന് തിരുനല്‍വേലിയില്‍ എത്തി മഹാത്മാഗാന്ധിയെ കണ്ട് സംസാരിച്ചത് ചരിത്രപ്രസിദ്ധം. തിരുനെല്വേലിക്കു പോകുന്നതിനു മുന്‍പു കൊല്ലത്തു നടന്ന കോണ്‍ഗ്രസ്സ് യോഗത്തില്‍ മാധവന് അയിത്തോച്ചാടനത്തെക്കുറിച്ച് സംസാരിച്ചതും കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ശ്രീശങ്കരമേനോന്‍ മാധവന്റെ അഭിപ്രായത്തെ അനുകൂലിക്കാതിരുന്നതും മറ്റും ടി. കെ. മാധവന് മഹാത്മാഗാന്ധിയെ ധരിപ്പിച്ചു. കോണ്‍ഗ്രസ്സ് അയിത്തോച്ചാടനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ഗാന്ധിജിയുടെ സ്വഹസ്ത ലേഖനവുമായാണ് ടി. കെ. മാധവന് മടങ്ങിയത്. മാധവന്റെ ഈ കൂടിക്കാഴ്ചയാണ് വൈക്കം സത്യഗ്രഹത്തിന് ആരംഭം കുറിച്ചതെന്ന് മഹാത്മാഗാന്ധി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മാധവന്റെ മരണശേഷം 1106-ല്‍ കുന്നത്തൂര്‍ എസ്എന്‍ഡിപി യൂണിയന് വക ടി. കെ. മാധവന് സൗധത്തിന് തറക്കല്ലിട്ടുകൊണ്ട് ചെയ്ത പ്രസംഗത്തില്‍ ഗാന്ധിജി പറഞ്ഞു: ‘വൈക്കം സത്യഗ്രഹകാലത്തും അതിനുമുമ്പും മാധവനുമായി എനിക്കുണ്ടായിരുന്ന ഏറ്റവും അടുത്ത ബന്ധത്തെ ഞാന്‍ വിശദമായി ഓര്‍മ്മിക്കുന്നുണ്ട്. ഹരിജനങ്ങളുടെ ഉന്നമനത്തെ സംബന്ധിച്ച് സംഭാഷണം നടത്തുന്നതിനായിരുന്നു അദ്ദേഹം ആദ്യമായി എന്റെ അടുക്കല്‍ വന്നത്. ആ അഭിമുഖ സംഭാഷണമാണ് വൈക്കം സത്യഗ്രഹത്തിന് അടിസ്ഥാനമിട്ടത്. (പേജ് 24 ശ്രീനാരായണഗുരുവും ടി.കെ. മാധവനും- സി. ആര്. കേശവന് വൈദ്യര്)
മഹാത്മാഗാന്ധിയുടെ ഉപദേശം ലഭിക്കുന്നതിനു മുന്‍പുതന്നെ ടി.കെ. മാധവന് ഈ ആശയമായി മുന്നോട്ടു പോയിരുന്നുവെന്ന് 1930 ല്‍ രചിച്ച മാധവന്റെ ജീവിതചരിത്രഗ്രന്ഥത്തില്‍ കാണാം. നോക്കുക ‘സത്യഗ്രഹം അനുഷ്ഠിക്കണമെന്ന് തിരുനെല്‍വേലിയില്‍ വെച്ച് മഹാത്മാഗാന്ധി മാധവനോട് ഉപദേശിക്കുന്നതിന് വളരെ മുന്‍പു തന്നെ ഏതു കാര്യാര്‍ത്ഥം സത്യഗ്രഹം അനുവര്‍ത്തിക്കേണ്ടതാണെന്ന് മാധവന് ശക്തിയായി വാദിക്കുകയും പ്രചരണവേല ചെയ്യുകയും ചെയ്തിരുന്നു. (ദേശാഭിമാനി ടി.കെ. മാധവന്, പി.കെ. മാധവന് പേജ് 147) മാധവന് നടത്തിയിരുന്ന ദേശാഭിമാനി വഴിയും ശ്രീമൂലം പ്രജാസഭയിലും അയിത്തോച്ചാടനത്തിനുവേണ്ടി വാദിച്ചുകൊണ്ടിരുന്നു. വൈക്കം സത്യഗ്രഹം ആരംഭിക്കുന്നതിനും അഞ്ചരവര്‍ഷം മുന്‍പ് 1094ലെ മഹാനവമി ദിവസം കോഴിക്കോട്ട് വെച്ച് കൊറ്റിയത്ത് രാമുണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സത്യഗ്രഹത്തിനായി ‘തീയ പാസ്സീവ് റസിസ്റ്റന്‍സ് ലീഗ്’ എന്നൊരു സത്യഗ്രഹസംഘം രൂപീകൃതമായി. മാധവന്റെ അത്യുജ്ജ്വലമായ പ്രഭാഷണത്തിലൂടെയാണ് ഈ ആശയത്തില്‍ എത്തിയത്. എന്നാല്‍ അയിത്തം പോലുള്ള സാമൂഹികപാപത്തിനെതിരെ ഒരു സമുദായം ഒറ്റതിരിഞ്ഞു സമരം ചെയ്താല്‍ അതിന്റെ പരിണാമം ആശാവഹമായിരിക്കുമോ എന്ന സംശയം തോന്നിയതുകൊണ്ട് ഉടനടി സത്യഗ്രഹത്തിലേക്ക് പ്രവേശിക്കുകയുണ്ടായില്ല. അയിത്തത്തെ ദേശീയതലത്തില്‍ എതിര്‍ക്കുകയായിരിക്കും ഫലപ്രദമെന്ന് മാധവനു തോന്നി. തുടര്‍ന്ന് ആ വഴിക്കായി ശ്രമങ്ങള്‍. എസ്എന്‍ഡിപി യോഗം അതുവരെയും അനുവര്‍ത്തിച്ചുവന്ന ഭിക്ഷാടന നയം ഉപേക്ഷിച്ച് അവകാശങ്ങള്‍ കരസ്ഥമാക്കുന്നതില്‍ പ്രവൃത്തിഹരമായ ധീരനയം സ്വീകരിക്കുവാന്‍ തീരുമാനമെടുത്തു. 1096 ധനു 17നു ശിവഗിരിയില്‍ നടന്ന യോഗത്തില്‍ ക്ഷേത്രത്യാഗനയം സ്വീകരിച്ചു. അയിത്തം പരിപാലിക്കുന്ന ക്ഷേത്രങ്ങളെ പരിത്യജിക്കുവാന്‍ പത്തു നിര്‍ദ്ദേശങ്ങളടങ്ങിയ നയം കൈക്കൊള്ളുകയും അത് രാജ്യമൊട്ടാകെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ ദേവസ്വങ്ങളുടെ വരവു കുറഞ്ഞു. 1095 മേടം 31 ന് ആലപ്പുഴയില്‍ വെച്ചുകൂടിയ യോഗവാര്‍ഷികത്തില്‍ ക്ഷേത്രപ്രവേശനം നേടുന്നതിനും തീണ്ടല് തൊടീല് കുറ്റകരമാണെന്ന് ഗവണ്മെന്റിനെക്കൊണ്ട് വിളംബരം ചെയ്യിപ്പിക്കുവാനും ശ്രമങ്ങള്‍ നടത്തുവാന്‍ തീരുമാനമായി.
സമൂഹത്തിന്റെ ഐക്യനിര കെട്ടിപ്പടുത്ത സത്യഗ്രഹ സമരം
ഗുരുദേവനു യാത്രാതടസ്സം സൃഷ്ടിച്ച ബോര്‍ഡുകള്‍ സ്ഥാപിതമായ വൈക്കത്തെ റോഡില്‍ക്കൂടി മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ അന്യമതക്കാരും ക്ഷേത്രസമീപത്തുള്ള പുരയിടങ്ങളില്‍ നിന്നും അയിത്തജാതിക്കാര്‍ നാളീകേരമിടാന്‍ വേണ്ടിയും പ്രവേശിക്കുകയും ചെയ്തിരുന്നു. 1095ലെ നിയമനിര്‍മ്മാണസഭയുടെ യോഗത്തില്‍ മഹാകവി കുമാരനാശാന് ‘തീണ്ടാപ്പലകകള്‍’ എടുത്തു മാറ്റുന്നതിനെക്കുറിച്ചും അയിത്തജാതിക്കാര്‍ മതം മാറിയാല്‍ ലഭിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും ഗവണ്മെന്റിനോട് ആവശ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ അതെല്ലാം ബധിരകര്‍ണ്ണങ്ങളില്‍ പതിച്ചതേയുള്ളൂ. അവസാനം ഗുരുദേവശിഷ്യന്മാര്‍ നിയമലംഘനത്തിന് തന്നെ തയ്യാറായി. തീണ്ടാപ്പലകകള്‍ സ്ഥാപിച്ചിരിക്കുന്ന വഴിയില്‍ക്കൂടി സധൈര്യം നടക്കുക. ടി.കെ. മാധവന് തന്നെ അതിന് ആദ്യം തയ്യാറായി. 1096 വൃശ്ചികം 14ന് വൈക്കത്തെ ബോട്ടുകടവില് നിന്നു പബ്ലിക്ക് റോഡില്‍ തീണ്ടല്‍ബോര്‍ഡു സ്ഥാപിച്ചിരുന്ന റോഡില്‍ക്കൂടി ക്ഷേത്രസന്നിധിവരെ അദ്ദേഹം നടന്നു. മാത്രമല്ല വിവരം തപാലിലൂടെ കോട്ടയം ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കുകയും പത്രങ്ങളിലെഴുതുകയും ചെയ്തു. അടുത്തദിവസം വീണ്ടും മാധവന്, സത്യവ്രതസ്വാമികള്‍, സഹോദരന് അയ്യപ്പന്, കെ. മാധവന് എന്നിവരോടൊപ്പം ആ റോഡില്‍ക്കൂടി സഞ്ചരിച്ചു. ഈ രണ്ടു നിയമലംഘനത്തിലും കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായില്ല.
ഇതിനിടയില്‍ ടി.കെ. മാധവന്, സര്‍ദാര്‍ കെ. എം. പണിക്കര്‍, കെ. പി. കേശവമേനോന് എന്നിവരോടൊപ്പം കോകനദ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുകയും അയിത്തോച്ചാടനത്തെക്കുറിച്ച് ഗാന്ധിജി, മൗലാനാ മുഹമ്മദലി തുടങ്ങിയവരുമായി ചര്‍ച്ചചെയ്യുകയും അയിത്തോച്ചാടനം കോണ്‍ഗ്രസ്സിന്റെ കാര്യപരിപാടികളില്‍ ഒന്നായി മാറ്റുകയും ചെയ്തു. 1099 മകരം 7 (1924 ജനുവരി) എറണാകുളത്ത് കേരളപ്രദേശ് കോണ്‍ഗ്രസ്സ് പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ യോഗം ചേര്‍ന്ന് അയിത്തോച്ചാടനസമിതിക്കു രൂപം നല്കി. ടി. കെ. മാധവന്, കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാട്, ടി. ആര്. കൃഷ്ണസ്വാമി അയ്യര്‍, കണ്ണത്തോടത്ത് വേലായുധമേനോന്‍, കെ. കേളപ്പന് (കണ്‍വീനര്‍) എന്നിവരായിരുന്നു സമിതിയംഗങ്ങള്‍. ഈ സമിതിയുടെ നേതൃത്വത്തിലാണ് വൈക്കം സത്യഗ്രഹം നടന്നതെങ്കിലും അതിന്റെ പിന്നിലെ ശക്തി ടി.കെ. മാധവനായിരുന്നു. സി. ആര്. കേശവന് വൈദ്യര് നിരീക്ഷിക്കുന്നതുപോലെ ‘ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തണലില്‍ പൗരാവകാശം, അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം തുടങ്ങിയ പ്രശ്നങ്ങളെ കേന്ദ്രമാക്കി ടി.കെ. മാധവന് കുറേവര്‍ഷങ്ങളായി നടത്തിപ്പോന്ന പ്രക്ഷോഭങ്ങളുടെ താര്‍ക്കിക പരിണതി മാത്രമായിരുന്നു വൈക്കം സത്യഗ്രഹം’ (ശ്രീനാരായണഗുരുവും ടി. കെ. മാധവനും പേജ് 23).
ടി.കെ. മാധവന് കുംഭം 14ന് ഗുരുദേവന്റെ വൈക്കത്തെ വെല്ലൂര്‍മഠത്തില്‍ താമസം തുടങ്ങി. കുംഭം 16ന് കോണ്‍ഗ്രസ്സിന്റെ ഡെപ്യൂട്ടേഷന് ആശ്രമത്തിലെത്തി. അടുത്ത നാള് വെളുപ്പിനെ നാലു മണിക്ക് സവര്‍ണ്ണരും അവര്‍ണ്ണരുമടങ്ങിയ ജാഥ നിരോധിത റോഡില്‍ക്കൂടി നടത്തുവാന്‍ തീരുമാനിച്ചുവെങ്കിലും അതു മാറ്റിവെച്ചു. കുംഭം 18ന് എറണാകുളത്ത് പെരുമ്പളത്തുവെച്ചും കുംഭം 29ന് കെ. മാധവന്നായരുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട്ടുവെച്ചും മീനം 3ന് പാലുണ്ണാ പറവൂര്‍ വെച്ചും (വൈക്കത്തിനടുത്ത്) മീനം 5ന് ചെമ്പില്‍ വെച്ചും മീനം 12ന് സി.വി. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയില്‍ ഇത്തിക്കരവെച്ചും പ്രചാരണയോഗങ്ങള്‍ നടന്നു. ഇതിലൊക്കെ മുഖ്യപ്രാസംഗികര് ടി.കെ. മാധവനും സത്യവ്രതസ്വാമികളുമായിരുന്നു. കൂടാതെ സഹോദരന് അയ്യപ്പന്, കെ.പി. കേശവമേനോന്, എ.കെ. പിള്ള, കെ. കേളപ്പന്, മന്നത്തു പദ്മനാഭന്, സി.വി. കുഞ്ഞിരാമന് തുടങ്ങിയവരും പങ്കെടുത്തു.
1099 മീനം 17ന് രാവിലെ വൈക്കം സത്യഗ്രഹം ആരംഭിച്ചു. ആദ്യസത്യഗ്രഹികള്‍ കുഞ്ഞപ്പി എന്ന പുലയയുവാവും ബാഹുലേയന് എന്ന ഈഴവസമുദായാംഗവും ഗോവിന്ദപ്പണിക്കര്‍ എന്ന നായര്‍ സമുദായാംഗവുമായിരുന്നു. പിന്നീട് ടി.കെ. മാധവന്, ടി. ആര്. കൃഷ്ണസ്വാമി അയ്യര്‍, കെ.പി. കേശവമേനോന്, കെ. കേളപ്പന്, മാധവന് നായര്‍, കുറൂര്‍ നമ്പൂതിരിപ്പാട്, ഇ.വി. രാമസ്വാമി നായ്ക്കര്‍, അകാലികള്‍, ജോര്‍ജ്ജ് ജോസഫ് തുടങ്ങിയവരും അണിചേര്‍ന്നു. സത്യഗ്രഹികളെ അനുഗ്രഹിക്കാന്‍ ഗുരുദേവനും ശിഷ്യസംഘവും 1100 കന്നി 12ന് സത്യഗ്രഹ ആശ്രമം സന്ദര്‍ശിച്ചു. ഗുരുദേവന് സ്വന്തം നിലയില്‍ 1000 രൂപ സംഭാവന ചെയ്തു. കൂടാതെ ശിവഗിരിയില്‍ ഭണ്ഡാരവും വെച്ചു. ഗുരുഭക്തരായ സ്ത്രീകള്‍ പിടിയരി ശേഖരിച്ചു നല്കി. ഗുരുദേവശിഷ്യരായ ബോധാനന്ദസ്വാമി, കൃഷ്ണാനന്ദസ്വാമി, ശ്രീനാരായണതീര്‍ത്ഥര്‍ സ്വാമി, രാമാനന്ദസ്വാമി തുടങ്ങിയവര്‍ ആയുര്‍വ്വേദമരുന്നുമായി എത്തി സത്യഗ്രഹികളെ ചികിത്സിച്ചു. 1100 കുംഭത്തില്‍ മഹാത്മാഗാന്ധിയും വൈക്കത്ത് എത്തി. ഗാന്ധിജി ശിവഗിരിയിലെത്തി ഗുരുദേവനെ ദര്‍ശിച്ചു. പലരും അറസ്റ്റിലും ജയിലിലുമായി. മന്നത്തു പദ്മനാഭന് സവര്‍ണ്ണജാഥ നയിച്ചു. സ്ഥലപരിമിതിയാല്‍ കൂടുതല്‍ വിവരിക്കുന്നില്ല. സത്യഗ്രഹത്തിന്റെ പരിസമാപ്തി സംബന്ധിച്ചു ഗാന്ധിജിയും പോലീസ് കമ്മീഷണര്‍ പിറ്റു സായിപ്പുമായി ആലുവാ അദൈ്വതാശ്രമത്തില്‍ ചര്‍ച്ചകള്‍ നടത്തി. മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം 1101 വൃശ്ചികം 8-ാം തീയതി സത്യഗ്രഹികളെ പിന്‍വലിച്ചു. 1104 വൃശ്ചികം 14ന് ഗുരുവിന്റെ വെല്ലൂര്‍ മഠത്തില്‍ ചേര്‍ന്ന യോഗത്തിലെ നിശ്ചയപ്രകാരം വൈക്കം സത്യഗ്രഹ സന്നദ്ധസംഘം പിരിച്ചുവിട്ടു. 1099 മീനം 17 മുതല്‍ 1104 വൃശ്ചികം 14 വരെ നീണ്ടുനിന്ന 603 ദിവസത്തെ സത്യഗ്രഹംകൊണ്ടു സവര്‍ണ്ണമേലധികാരികളുടെ കണ്ണ് പൂര്‍ണ്ണമായും തുറന്നില്ല. ഏതാനും മീറ്റര്‍ നീളമുള്ള പുതിയൊരു റോഡുണ്ടാക്കി അതിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചു.
എന്നാല്‍ സത്യഗ്രഹം കൊണ്ട് സവര്‍ണ്ണ അവര്‍ണ്ണ ഭേദമില്ലാതെ സമൂഹത്തിന്റെ ഐക്യനിരകെട്ടിപ്പടുക്കാന്‍ സാധിച്ചു. ജാതിഭൂതത്തിന്റെ വിഷപ്പല്ലുകള്‍ പറിക്കുവാന്‍ ഭേദവ്യത്യാസം വെടിഞ്ഞു നേതാക്കന്മാരും സമൂഹവും മുന്നോട്ടുവന്നു. ശ്രീനാരായണഗുരുദേവ ശിഷ്യനായ ടി.കെ. മാധവനും ഗുരുദേവപ്രസ്ഥാനവും സൃഷ്ടിച്ച മാനവമുന്നേറ്റമായിരുന്നു വൈക്കം സത്യഗ്രഹം. ചിലര്‍ ഇന്നു പറയുന്നതുപോലെ അവര്‍ണ്ണര്‍ക്കായി സവര്‍ണ്ണര്‍ നടത്തിയ സത്യഗ്രഹമല്ല വൈക്കം സത്യഗ്രഹം. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ വൈക്കത്തുകൊണ്ടു വന്ന് തളച്ചിടാന്‍ സാധിച്ചു എന്നതാണ് മാധവന്റെ വൈഭവം’ എന്ന സഹോദരന് അയ്യപ്പന്റെ അഭിപ്രായം പ്രത്യേകം ശ്രദ്ധേയമാണ്. ഗുരുദേവനെയും ടി.കെ. മാധവനെയും ഗുരുദേവപ്രസ്ഥാനത്തെയും ഒഴിവാക്കിയുള്ള പുത്തന്‍ ചരിത്രനിര്‍മ്മിതി സത്യത്തെ തമസ്കരിക്കല്‍ മാത്രമാണെന്ന് ഇവിടെ പറഞ്ഞുകൊള്ളട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: