അഹമ്മദാബാദ് : പ്രതിഷേധത്തിന്റെ മറവില്‍ സര്‍വ്വകലാശാലയ്ക്കുള്ളില്‍ കടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ കീറി നശിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിന് കോടതി പിഴ ചുമത്തി. വാംസദായി മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് പട്ടേലിനാണ് ഗുജറാത്ത് കോടതി 99 രൂപ പിഴ ചുമത്തിയത്. തുക അടച്ചില്ലെങ്കില്‍ ഏഴ് ദിവസം തടവ് ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.എ. ദാദലിന്റേതാണ് വിധി.
2017 മേയ് മാസത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ നവ്സാരി കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചേമ്പറില്‍ കയറി പ്രധാനമന്ത്രിയുടെ ഫോട്ടോ കീറിയെറിഞ്ഞുവെന്നുള്ളതാണ് കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള കേസ്. അതിക്രമിച്ച് കടക്കല്‍, അപമാനശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവിനെ കൂടാതെ ആറ് പേര് കൂടി കേസില്‍ പ്രതിയാണ്.
447-ാം വകുപ്പുപ്രകാരം പരമാവധി ശിക്ഷയായ 500 രൂപ പിഴയും മൂന്നു വര്‍ഷം തടവും പ്രതികള്‍ക്ക് വിധിക്കണമെന്ന് വാദിഭാഗം ആവശ്യപ്പെട്ടത്. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരണാണെന്നുള്ള വിധി വന്നതിനെ പിന്നാലെയാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവിനെതിരേയും കോടതി ഉത്തരവിറക്കിയരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: