അണഞ്ഞത് മലയാള സിനിമയിലെ തൃശൂര്‍ പെരുമ. ഹാസ്യവും സങ്കടവും തൃശൂര്‍ ശൈലിയില്‍ വെള്ളിത്തിരയിലവതരിപ്പിക്കാന്‍ ഇന്നസെന്റിനെക്കഴിഞ്ഞേ ആളുള്ളൂ. മമ്മൂട്ടിയോട് മത്സരിച്ച് അഭിനയിച്ച പ്രാഞ്ചിയേട്ടനിലെ തൃശൂര്‍ കരയോഗം പ്രസിഡന്റിനേയും മംഗലശേരി നീലകണ്ഠന്റെ തോന്ന്യാസങ്ങള് കൊണ്ട് ധര്മസങ്കടത്തിലാകുന്ന ദേവാസുരത്തിലെ വാര്യരേയും എങ്ങനെ മറക്കാനാകും. അഭിനയത്തിന്റെ രണ്ട് വ്യത്യസ്ത ഭാവതലങ്ങള്‍ പകര്‍ന്നാടുകയായിരുന്നു ഈ സിനിമകളില്‍ ഇന്നസെന്റ്.
സത്യന് അന്തിക്കാടിന്റെ സിനിമകളില്‍ സ്ഥിര സാന്നിദ്ധ്യമായിരുന്നു ഇന്നസെന്റ്. തനിക്കു ചുറ്റുമുള്ള പല നാടന്‍ കഥാപാത്രങ്ങളേയും ഇന്നസെന്റിലൂടെ അനായാസമായി കണ്ടെടുക്കാനാകുന്നുവെന്ന് സത്യന് അന്തിക്കാട് പറയുന്നു. അഭിനയ സാധ്യതയുള്ള നിരവധി അപ്പന് വേഷങ്ങള്‍ ഇന്നസെന്റിന് നല്കി സത്യന് അന്തിക്കാട്. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലെ രാഷ്ട്രീയക്കാരന്റെ വേഷം ആക്ഷേപഹാസ്യത്തിന് പ്രാധാന്യമുള്ളതായിരുന്നു. ഇന്നസെന്റിനല്ലാതെ മാറ്റാര്‍ക്കും ആ വേഷം അത്ര മനോഹരമാക്കാനാവില്ല.
റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലെ മാന്നാര്‍ മത്തായി എന്ന കഥാപാത്രത്തിലൂടെയാണ് ഇന്നസെന്റ് ഹാസ്യസാമ്രാട്ട് എന്ന കസേരയില്‍ ഇരിപ്പുറപ്പിക്കുന്നത്. അതുവരെ പപ്പു, മാള, ജഗതി ത്രയം അടക്കിവാണ ചിരിയുടെ ലോകത്തേക്ക് പുതിയ മാനറിസങ്ങളുമായി ഇന്നസെന്റ് കടന്നുവന്നു. പ്രത്യേകതയുള്ള ശരീര ഭാഷ, ആംഗ്യങ്ങള്‍, തൃശൂര്‍ ശൈലിയില്‍ നീട്ടിയും കുറുക്കിയുമുള്ള വര്‍ത്തമാനം എല്ലാം പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടു. ശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ കൊണ്ടും അഭിനയിക്കുന്ന നടനായിരുന്നു ഇന്നസെന്റ്. കൈകള്‍, കാലുകള്‍, ചുമല്, കണ്ണ്, പുരികം, ചുണ്ട്, കഴുത്ത് എല്ലാം അഭിനയത്തില്‍ പ്രത്യേകമായി പങ്കെടുക്കുന്നത് ഇന്നസെന്റ്കഥാപാത്രങ്ങളെ വീക്ഷിച്ചാല്‍ കാണാം.
റാംജിറാവു സ്പീക്കിങിനു പിന്നാലെ വന്ന ഡോ.പശുപതി, ഗജകേസരിയോഗം, മാന്നാര്‍ മത്തായി, ഇഞ്ചക്കാടന് മത്തായി ആന്റ് സണ്‍സ് തുടങ്ങിയ ചിത്രങ്ങള്‍ ഇന്നസെന്റിന്റെ ഗ്രാഫുയര്‍ത്തി. മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു ഇന്നസെന്റ്. ഇതോടെ ഏറെക്കാലം മലയാള സിനിമയുടെ ഹാസ്യം ജഗതി-ഇന്നസെന്റ് ദ്വന്ദ്വത്തിന് ചുറ്റും കറങ്ങി. പിന്നീട് മാമുക്കോയ കൂടി ഇവരോടൊപ്പം ചേര്‍ന്നതോടെ പിറന്നത് ചിരിയുടെ ഇതിഹാസകാലം. ഒരു കാലത്ത് കണ്ണീര്‍ക്കഥകള്‍ക്ക് പ്രാധാന്യമുണ്ടായിരുന്ന നമ്മുടെ സിനിമ ഇക്കാലത്ത് ചിരിയുടെ പേരില്‍ അടയാളപ്പെടുത്തപ്പെട്ടു. മോഹന്‍ലാല്‍, നെടുമുടിവേണു, ശ്രീനിവാസന്, മുകേഷ് തുടങ്ങിയവരും ഹാസ്യരസ പ്രാധാനമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ പിറന്നത് ചിരിയുടെ പൂക്കാലം.
ഇന്നസെന്റ് ഒരു സൂപ്പര്‍ ഹാസ്യതാരമായി ഉയര്‍ന്നത് ഇക്കാലത്താണ്. ആക്ഷേപഹാസ്യമായിരുന്നു ഇന്നസെന്റ് കഥാപാത്രങ്ങളുടെ കരുത്ത്. ഹാസ്യത്തിന്റെയും പരിഹാസത്തിന്റെയും മേമ്പൊടിയോടെ സാമൂഹ്യ അപചയങ്ങള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടിക്കാഴ്ചയായിരുന്നു ഇന്നസെന്റ് കഥാപാത്രങ്ങള്‍. പോലീസ് ഉദ്യോഗസ്ഥരും പള്ളി വികാരിമാരും കരയോഗം പ്രസിഡന്റുമാരുമൊക്കെ വെള്ളിത്തിരയില്‍ സ്വയം പരിഹസിച്ച് ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി. മലയാള സാഹിത്യ ചരിത്രത്തില്‍ വികെഎന്‍ സൃഷ്ടിച്ച അനുരണനങ്ങളാണ് ചലച്ചിത്രത്തില്‍ ഇന്നസെന്റ്കഥാപാത്രങ്ങള്‍ സൃഷ്ടിച്ചത്. വി.കെ.എന്‍ കഥാപാത്രങ്ങളെപ്പോലെ തന്നെ മിക്ക ഇന്നസെന്റ് കഥാപാത്രങ്ങള്‍ക്കും പല വീക്ക്നെസുകളും സ്ഥിരമായിരുന്നു. ഭക്ഷണം, മദ്യം ഇതൊക്കെ രസകരമായി ആസ്വദിക്കുന്ന, പൊങ്ങച്ചം പറയുന്ന വികെഎന്‍ കഥാപാത്രങ്ങളുടെ ഛായ വീണുകിടക്കുന്നുണ്ട് ഇന്നസെന്റിന്റെ മിക്ക കഥാപാത്രങ്ങളിലും. അധികാരത്തിന് നേരെ നിശിതമായ പരിഹാസം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണ് ഇവയിലേറെയും എന്നതും വലിയ സാദൃശ്യമാണ്.
ഹൃദയദ്രവീകരണ ക്ഷമമായ നിരവധി കഥാപാത്രങ്ങളെയും ഇന്നസെന്റ് അനശ്വരമാക്കിയിട്ടുണ്ട്. ഹാസ്യത്തിന്റെ നനുത്ത സ്പര്‍ശം പോലുമില്ലാത്ത അത്തരം കഥാപാത്രങ്ങളിലൂടെ സ്വഭാവനടനെന്ന നിലയിലും ഇന്നസെന്റ് തിളങ്ങി. ദേവാസുരത്തിലെ വാര്യരും വേഷത്തിലെ പപ്പനുമെല്ലാം ഈ ഗണത്തില്‍ വരുന്ന കഥാപാത്രങ്ങളാണ്. 1972 ല്‍ നൃത്തശാല എന്ന സിനിമയിലെ വാര്‍ത്താ റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് ഇന്നസെന്റ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി ഒട്ടേറെ വേഷങ്ങള്‍. 2022 ല്‍ പുറത്തിറങ്ങിയ കടുവയാണ് അവസാന ചിത്രം. 50 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ വിവിധ ഭാഷകളിലായി 700ഓളം സിനിമകളില്‍ വേഷമിട്ടു. ഹിന്ദിയും കന്നഡയും തമിഴുമുള്‍പ്പെടെ ആറ് ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു.
മോഹന്‍ലാല്‍, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ജയറാം, ദിലീപ് എന്നിവരോടൊപ്പം മത്സരിച്ച് അഭിനയിച്ച ചിത്രങ്ങളിലാണ് ഇന്നസെന്റിലെ നടനെ പൂര്‍ണമായും കാണാനാവുക. തിലകനൊപ്പവും സുരേഷ് ഗോപിക്കൊപ്പവും പല ചിത്രങ്ങളിലും തിളങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: