കണ്ണൂര്‍: പയ്യന്നൂരില്‍ ഖാദി ബോര്‍ഡ് തൊഴിലാളികള്‍ നടത്തുന്ന സമരം ഏഴുദിവസം പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാന്‍ തയ്യാറാകാതെ പിണറായി സര്‍ക്കാര്‍. സ്വന്തം പാര്‍ട്ടിയും സര്‍ക്കാരും കൈവിട്ടതോടെ ഇഴപൊട്ടിയ ജീവിതം എങ്ങനെ മുമ്പോട്ടു കൊണ്ടുപോകുമെന്നറിയാതെ നില്‍ക്കുകയാണ് പയ്യന്നൂരിലെ രണ്ടായിരത്തിലേറെ ഖാദിതൊഴിലാളികള്‍. പട്ടിണിപ്പാവങ്ങളായ സ്ത്രീകളാണ് 98 ശതമാനവും ഖാദി മേഖലയില്‍ ജോലി ചെയ്യുന്നത്. ഒറ്റപ്പെട്ടവരും ജീവിത സ്വപ്നങ്ങളുളളവരുമായ ജീവിതത്തിന്റെ വലിയൊരു ഭാഗം പിന്നിടുന്നവരാണ് ഇവരില്‍ പലരും.
വിയര്‍പ്പും മനസും കോര്‍ത്ത് ഇവര്‍ ചര്‍ക്കയില്‍ തിരിച്ചും തറിയില്‍ നെയ്തുമുണ്ടാക്കുന്ന ഖാദി തുണിത്തരങ്ങള്‍ക്ക് നല്ലവിലയുണ്ട്. പി.ജയരാജന് വന്നതിനു ശേഷം ഖാദിമേഖലയില്‍ നല്ല വില്പനയും സ്വീകാര്യതയും ലഭിക്കുന്നുണ്ടെങ്കിലും ഇതൊന്നും പാവപ്പെട്ട തൊഴിലാളികള്‍ക്ക് കിട്ടുന്നില്ല. ബോര്‍ഡിന്റെ വൈസ് ചെയര്മാന് കേരളമാകെ ചീറിപ്പായാന്‍ പുതിയ ഇന്നോവക്രിറ്റ ബോര്‍ഡിന്റെ ചെലവില്‍ വാങ്ങാനും ഉദ്യോഗസ്ഥന്മാര്ക്ക് ധൂര്‍ത്തടിക്കാന്‍ അലവന്‍സുമുണ്ട്. ഓണത്തിനും വിഷുവിനും ക്രിസ്തുമസിനും ബക്രീദിനും ആഘോഷമായി നടത്തുന്ന ഖാദി മേളകളില്‍ മുപ്പതു ശതമാനം റിബേറ്റു നല്‍കിക്കൊണ്ട് സര്‍ക്കാര്‍ കൈയ്യയച്ചു സഹായിക്കുമ്പോഴും ഇതിന്റെയൊന്നും പ്രയോജനം ഈ പാവങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് സിഐടിയു നേതാക്കള്‍ തന്നെ പറയുന്നു. നാടിനെയും നാട്ടാരെയും ചെരുപ്പുകുത്തി മുതല്‍ കലക്ടര്‍മാരെ വരെ ഖാദി ഉടുപ്പിക്കാന്‍ ബോര്‍ഡും വൈസ്ചെയര്‍മാനും ഉദ്യോഗസ്ഥരും ഓടിനടക്കുമ്പോഴും തൊഴിലാളികളുടെ വയറ്റിന്റെ തീ പാവപ്പെട്ടവരുടെ സര്‍ക്കാര്‍ കാണുന്നില്ല.
അധ്വാനിക്കുന്നവരുടെയും തൊഴിലാളികളുടെയും പാര്‍ട്ടിയെന്നു അവകാശപ്പെടുന്ന സിപിഎം സംസ്ഥാനം രണ്ടാംതവണയും ഭരിക്കുമ്പോഴും മിനിമം വേതനവും ഉല്പാദന ബോണസുമില്ലാതെ വലയുകയാണ് ഖാദി തൊഴിലാളികള്‍. അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നു പറയുന്നതു പോലെ കുടിശ്ശികയായ മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ടു അനിശ്ചിതകാലസമരത്തിലാണ് തൊഴിലാളികള്‍.
സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും എല്ലാവാതിലുകളിലും മുട്ടിയതിനു ശേഷമാണ് തൊഴിലാളികള്‍ യൂനിയനുകളുടെ നേതൃത്വത്തില്‍ ഗത്യന്തരമില്ലാതെ സമരമാരംഭിച്ചത്. പയ്യന്നൂര്‍ ഖാദികേന്ദ്രത്തിനു കീഴിലെ രണ്ടായിരത്തിലേറെ തൊഴിലാളികളാണ് 2022 മാര്‍ച്ചു മുതലുളള മിനിമം വേതനം ലഭിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇവിടെ മാത്രമല്ല സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളില്‍ പതിനഞ്ചും ഇരുപതുമാസത്തെ കുടിശികയാണ് തൊഴിലാളികള്‍ക്ക് നല്‍കാനുളളത്. അഖിലേന്ത്യാ ഖാദി കമ്മിഷന് നിശ്ചയിച്ച കോസ്റ്റ് ചാര്‍ട്ട് പ്രകാരമുളള കൂലി പോലും തൊഴിലാളികള്‍ക്കു ലഭിക്കുന്നില്ല. ഒരു ഗ്ലാസ് ചായക്ക് പന്ത്രണ്ടുരൂപ കൊടുക്കേണ്ടി വരുന്ന ഈ നാട്ടില്‍അറുപതു രൂപ മാത്രമാണ് ഇവര്‍ക്ക് ദിവസക്കൂലിയെന്നു കേട്ടാല്‍ ആരും അത്ഭുതപ്പെടും. എന്നാല്‍ ഇതുതന്നെ ഒരുമാസമോ അതിലധികവോകാത്തു നിന്നതിനു ശേഷമാണ് ലഭിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികള്‍ക്കുളള ക്ഷേമനിധിയും മുടങ്ങിയിരിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. 98ശതമാനം സ്ത്രീകളും ജോലി ചെയ്യുന്ന ഖാദി മേഖലയിലെ തൊഴിലാളികളുടെ അടുപ്പില്‍ തീപുകയണമെങ്കില്‍ തൊഴിലുറപ്പു പോലുളള മറ്റുതൊഴിലുകള്‍ അന്വേഷിക്കേണ്ട ഗതികേടിലാണ്.
ഖാദി ബോര്‍ഡിനായി വ്യവസായ വകുപ്പു പലക്ഷേമപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെങ്കിലും അതൊന്നും പട്ടിണി പാവങ്ങളായ തൊഴിലാളികളിലേക്ക് എത്തുന്നില്ല. നാട്ടിലെ മുഴുവന്‍ അര്‍ഹതപ്പെട്ട വയോജനങ്ങള്‍ക്കും ക്ഷേമപെന്ഷന് പൊതുഖജനാവില്‍ നിന്നുമെടുത്ത് കൃത്യമായി നല്‍കുന്നുവെന്ന് വീമ്പടിക്കുന്ന പിണറായി സര്‍ക്കാര്‍ തന്നെയാണ് പാവപ്പെട്ട ഖാദി തൊഴിലാളികളുടെ കഞ്ഞിയില്‍ മണ്ണിട്ടു രസിക്കുന്നത്. വരുന്ന വിഷുക്കാലം പട്ടിണിയുടെ കാലമായി മാറുമെന്ന ആശങ്ക തൊഴിലാളികള്‍ക്കുണ്ട്. വിധവകളും ഒറ്റപ്പെട്ടവരുമായി നിരവധി സ്ത്രീകള്‍ ഖാദി മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. നിശ്ചലമായ തറികളില്‍ നിന്നുയരുന്നത് ഇവരുടെ അടക്കിപ്പിടിച്ച കരച്ചിലുകളാണ്. സര്‍ക്കാരിന്റെ ബധിരകര്‍ണ്ണങ്ങളില്‍ അതുകേള്‍ക്കുന്നില്ലെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: