കൊച്ചി: അന്തരിച്ച ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് സാംസ്കാരിക കേരളം. കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തിൽ നൂറ് കണക്കിന് ആദരാഞ്ജലികൾ അർപ്പിച്ചു. 11മണിയോടെ ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടു പോകും.
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നുമണി വരെയാണ് ടൗണ്‍ ഹാളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി വെക്കുക. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കും.
അഞ്ചു പതിറ്റാണ്ടിലേറെ നര്‍മ്മവും ഗൗരവവും നിറഞ്ഞ വിവിധ വേഷങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടനും മുന്‍ പാര്‍ലമെന്റ് അംഗവും താരസംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ ഇന്നസെൻ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു മരിച്ചത്.. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
2013ല്‍ തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കീമോതെറാപ്പിക്ക് വിധേയനായി. സുഖം പ്രാപിച്ച ശേഷം സിനിമയില്‍ സജീവമായി. പിന്നീട് മൂന്നുതവണ കാന്‍സര്‍ രോഗം അലട്ടിയെങ്കിലും ചിരിച്ച മുഖത്തോടെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. 18 വര്‍ഷം ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: