ലിസ്ബണ്‍: നായകനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ അരങ്ങുവാണ കളിയില്‍ പോര്‍ച്ചുഗലിന് മിന്നുന്ന ജയം. 2024 യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് ജെയില്‍ നടന്ന ആദ്യ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ലിച്ചന്സ്റ്റീനെയാണ് കീഴടക്കിയത്. 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 63-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയുമായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോളുകള്‍.
ദേശീയ ടീമില്‍ റോണോയുടെ 197-ാം മത്സരമായിരുന്നു ഇത്. ഇതോടെ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച പുരുഷ താരമെന്ന റിക്കോര്‍ഡും ക്രിസ്റ്റിയാനോയുടെ പേരിലായി. കുവൈറ്റ് താരം ബാദര്‍ അല്‍-മുതാവയുടെ പേരിലുള്ള 196 മത്സരമെന്ന റിക്കോര്‍ഡാണ് ക്രിസ്റ്റിയാനോ സ്വന്തം പേരിലാക്കിയത്. 120 അന്താരാഷ്ട്ര ഗോളുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരവും റൊണാള്‍ഡോയാണ്.
ക്രിസ്റ്റിയാനോയ്ക്ക് പുറമെ ജാവോ കാന്‍സലോയും ബെര്‍ണാഡോ സില്‍വയും ടീമിനായി ലക്ഷ്യം കണ്ടു. പുതിയ പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനെസിന് കീഴില്‍ കളിച്ച ആദ്യമത്സരത്തില്‍ തന്നെ മികച്ച വിജയം നേടാന്‍ പോര്‍ച്ചുഗലിന് സാധിച്ചു. കളിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ പോര്‍ച്ചുഗലിന് കാര്യമായ വെല്ലുവിളി നടത്താന്‍ ലിച്ചന്സ്റ്റീനായില്ല. കളിയുടെ 82 ശതമാനവും പന്ത്് കൈവശം വച്ച ക്രിസ്റ്റിയാനോയും സംഘവും ആകെ 35 ഷോട്ടുകള്‍ ഉതിര്‍ത്തതില്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് നീങ്ങിയത് 11 എണ്ണം.
ലിച്ചന്‍സ്റ്റീന്‍ ഗോളിയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങുന്നതില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. അതേസമയം ലിച്ചന്‍സ്റ്റീന്‍ താരങ്ങള്‍ക്ക് ആകെ രണ്ട് ഷോട്ടുകള്‍ മാത്രമാണ് പായിക്കാനായത്. കളിയുടെ തുടക്കം മുതല്‍ എതിര് ബോക്സിലേക്ക് ഇരച്ചുകയറിയ പോര്‍ച്ചുഗല്‍ എട്ടാം മിനിറ്റില്‍ കാന്സലോയിലൂടെ ലീഡ് നേടി. ഈ ഗോളിന് പോര്‍ച്ചുഗല്‍ ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റായപ്പോള്‍ ബെര്‍ണാഡോ സില്‍വയിലൂടെ അവര്‍ ലീഡ് ഉയര്‍ത്തി. പിന്നീടായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോളുകള്‍. 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. ജാവോ കാന്‍സലോയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. പിന്നീട് 63-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ വീണ്ടും ലക്ഷ്യം കണ്ടു.
ബോക്സിന് തൊട്ടുപുറത്തുവെച്ച് റൊണാള്‍ഡോ തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് ഗോള്‍കീപ്പറുടെ കൈയ്യില്‍ തട്ടി വലയില്‍ കയറി. റൊണാള്‍ഡോയുടെ അതിശക്തമായ ഷോട്ട് തട്ടിയകറ്റാന്‍ പോലും ഗോള്‍കീപ്പര്‍ ബുച്ചെലിന് സാധിച്ചില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബോസ്്നിയ ഹെര്‍സഗോവിനയും മികച്ച വിജയം നേടി. ഐസ്ലന്ഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജപ്പെടുത്തി. അതേസമയം സ്ലൊവാക്യ-ലക്സംബര്‍ഗ് കളി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: