സിപിഎം എംഎല്‍എയും മുഖ്യമന്ത്രി പിണറായി വിജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ മുന്‍മന്ത്രി കെ.ടി. ജലീല്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ നടത്തിയിരിക്കുന്ന വധഭീഷണി നടുക്കമുണ്ടാക്കുന്നതാണ്. റബ്ബറിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ 300 രൂപയാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിഷപ്പ് പാംപ്ലാനി കുറച്ചുദിവസം മുന്‍പ് പറഞ്ഞിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കള്‍ വിമര്‍ശനവും പരിഹാസവുമൊക്കെയായി രംഗത്തുള്ളപ്പോഴാണ് ഒരു പടികൂടി കടന്ന് ജലീല്‍ വധഭീഷണി മുഴക്കിയിരിക്കുന്നത്. ബിജെപി നല്കുന്ന റബ്ബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ടു വേണ്ടേ എന്ന തുറന്നടിച്ചുള്ള വധഭീഷണിയാണ് ജലീല്‍ നടത്തിയിട്ടുള്ളത്. മുഴുവന്‍ ക്രൈസ്തവര്‍ക്കുമെതിരായ മുന്നറിയിപ്പാണിത്. ആദ്യമായിട്ടല്ല ഏതെങ്കിലും ഒരു ക്രൈസ്തവ മതമേധാവി രാഷ്ട്രീയമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. ഏതെങ്കിലും നേതാവിനെയും രാഷ്ട്രീയ പാര്‍ട്ടിയെയും മുന്നണിയേയുമൊക്കെ പിന്തുണയ്ക്കുമെന്നോ ഇല്ലെന്നോ പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും പൗരനെന്ന നിലയ്ക്ക് മതസമുദായ നേതാക്കള്‍ക്കുണ്ട്. കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ക്കും അതിന് നേതൃത്വം നല്കുന്ന സിപിഎമ്മിനും കോണ്‍ഗ്രസ്സിനുമൊക്കെ ഈ പിന്തുണ മാറി മാറി ലഭിച്ചിട്ടുണ്ട്. അവര്‍ സ്വീകരിച്ചിട്ടുമുണ്ട്. എന്നുമാത്രമല്ല പിന്തുണ തേടി മതമേധാവികളുടെ വാസസ്ഥലങ്ങളില്‍ ഒരു മടിയും മറയുമില്ലാതെ കയറിയിറങ്ങിയിട്ടുള്ളവരുമാണ്. അതുകൊണ്ട് തങ്ങളുടെ പിന്തുണ ബിജെപിക്കാണെന്ന് ഏതെങ്കിലും ഒരു മതനേതാവ് പറഞ്ഞാല്‍ ആര്‍ക്കും ഹാലിളകേണ്ട കാര്യമില്ല. അഭിപ്രായ സ്വാതന്ത്ര്യവും വോട്ടവകാശവുമൊക്കെ ആരും വച്ചുനീട്ടുന്നതല്ല, ഭരണഘടന പൗരന്മാര്ക്ക് നല്കുന്ന അവകാശമാണ്.
രാജ്യത്തെ ക്രൈസ്തവ നേതൃത്വം ബിജെപിക്ക് അനുകൂലമായ നിലപാടെടുക്കുന്നത് ഇത് ആദ്യമല്ല. ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള ഗോവയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവനും ഭരിക്കുന്നത് ബിജെപിയോ ബിജെപി നേതൃത്വം നല്കുന്ന മുന്നണിയോ ആണ്. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിലല്ല, ഒന്നിനുപുറകെ ഒന്നായി നടന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ മതവിശ്വാസികള്‍ ബിജെപിയെ തുടര്‍ച്ചയായി പിന്തുണയ്ക്കുകയാണ്. ബിജെപിയും സംഘപരിവാറും ന്യൂനപക്ഷ വിരുദ്ധമാണെന്ന് ചിലര്‍ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളെ തള്ളിയാണ് ക്രിസ്തുമത വിശ്വാസികള്‍ ഇപ്രകാരം പിന്തുണ നല്‍കുന്നത്. മറ്റ് പാര്‍ട്ടികളും മുന്നണികളും ചെയ്യുന്നതുപോലെ മതവര്‍ഗീയത ആളിക്കത്തിച്ചല്ല, മതിയായ പ്രാതിനിധ്യം അനുവദിച്ചും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചും വികസനത്തിന്റെ ഫലങ്ങള്‍ ഉറപ്പുവരുത്തിയുമാണ് ബിജെപി ജനപിന്തുണയാര്‍ജിക്കുന്നത്. ക്രൈസ്തവര്‍ മാത്രമല്ല, മുസ്ലിം ജനവിഭാഗങ്ങളില്‍നിന്നുള്ള പിന്തുണയും ഇപ്പോള്‍ ബിജെപിക്കുണ്ട്. മുസ്ലിം മതനേതാക്കള്‍ പലരും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തുറന്ന പിന്തുണ പ്രഖ്യാപിക്കുന്നവരാണ്. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും മറ്റും തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ജനവിഭാഗങ്ങളില്‍നിന്ന് ബിജെപിക്ക് ലഭിച്ച പിന്തുണയുടെ കണക്കുകള്‍ പുറത്തുവരികയുണ്ടായി. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഈ പിന്തുണ വര്‍ധിച്ചുവരികയുമാണ്. ഇതില്‍ അമര്‍ഷംകൊള്ളുന്നവര്‍ മതമൈത്രിയുടെയും വികസനത്തിന്റെയും, എല്ലാറ്റിനുമുപരി ജനാധിപത്യത്തിന്റെയും ശത്രുക്കളാണ്.
കേരളം പിണറായി വിജയന് മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല. രാജ്യം ഭരിക്കുന്ന, ഒന്‍പത് വര്‍ഷമായി ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ ജനങ്ങളെ അനുവദിക്കില്ലെന്നു പറയാന്‍ സിപിഎമ്മിനോ ഇടതുമുന്നണി സര്‍ക്കാരിനോ ആരും അധികാരം നല്‍കിയിട്ടില്ല. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ എപ്പോഴും തങ്ങളെ പിന്തുണയ്ക്കുന്നവരാവണം, തങ്ങളെ മാത്രമേ പിന്തുണയ്ക്കാവൂ എന്നൊരു ധാരണ സിപിഎമ്മിനും കോണ്‍ഗ്രസ്സിനുമുണ്ട്. ന്യൂനപക്ഷങ്ങള്‍ ഓരോ തെരഞ്ഞെടുപ്പിലും മാറിമാറി പിന്തുണയ്ക്കുന്നതില്‍ ഇരുമുന്നണികള്‍ക്കും എതിര്‍പ്പില്ല. അവര്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ പാടില്ല എന്ന നിലപാട് വിചിത്രമാണ്. മതേതരത്വത്തിന്റെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഭൂരിപക്ഷ-ന്യൂനപക്ഷ വേര്‍തിരിവുണ്ടാക്കി വോട്ടുബാങ്കിനെ ചൂഷണം ചെയ്യുന്ന തന്ത്രം ഇനി അധികകാലം വിലപ്പോവില്ല. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍, പ്രത്യേകിച്ച് ക്രൈസ്തവര്‍ വഞ്ചന തിരിച്ചറിഞ്ഞു കഴിഞ്ഞു. രാജ്യത്തിന്റെ മുഖ്യധാരയില്‍ പങ്കുചേരുന്നതില്‍ നിന്ന് അവരെ തടയാന്‍ ആര്‍ക്കുമാവില്ല. ക്രൈസ്തവസഭകളോടുള്ള എതിര്‍പ്പ് സിപിഎമ്മിന്റെ, പിണറായിസത്തിന്റെ മുഖമുദ്രയാണ്. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്നു വിളിച്ചയാളാണല്ലോ രാഷ്ട്രീയ നേതാവായ പിണറായി. ഇസ്ലാമിക മതമൗലികവാദികളുടെ പിന്തുണ നേടാന്‍ ക്രൈസ്തവമതനേതൃത്വത്തെ തള്ളിപ്പറയുകയെന്നത് സിപിഎമ്മിന്റെ നയമാണ്. നേരത്തെ പാലാ ബിഷപ്പിനെതിരെ രംഗത്തുവന്നതും ഇതിനു തെളിവാണ്. ഇക്കാര്യത്തില്‍ പിണറായിയുടെ ചാവേറായി പ്രവര്‍ത്തിക്കുന്നയാളാണ് ഇസ്ലാമിക ഭീകരവാദത്തിന്റെ ഭൂതകാലമുള്ള കെ.ടി.ജലീല്‍. സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടുകൂടിയാണ് ജലീല്‍ ബിഷപ്പ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നതെന്ന് കരുതണം. കശ്മീരില്‍ ചെന്ന് രാജ്യവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ജലീലിനെതിരായ കേസ് കോടതിയിലാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഷയില്‍ ക്രൈസ്തവ പുരോഹിതനെതിരെ വധഫത്വ പുറപ്പെടുവിച്ചിട്ടുള്ള ജലീലിനെതിരെ നിയമനടപടികള്‍ക്ക് വൈകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: