ചെന്നൈ: സ്വന്തം നാട്ടിൽ ഓസ്ട്രേല്യയോട് ഏകദിന പരമ്പര തോറ്റ് മുഖം നഷ്ടമായി ഇന്ത്യ. നിർണായകമായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നേടിയ 270 റൺസ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് ആയില്ല. ഇന്ത്യയുടെ പോരാട്ടം 49.1 ഓവറിൽ 248 റൺസിൽ അവസാനിച്ചു.
വിരാട് കോഹ്ലിയുടെയും സൂര്യകുമാർ യാദവിന്റെയും വിക്കറ്റുകൾ 36-ാം ഓവറിൽ ആഷ്ടൺ അഗർ തെറിപ്പിച്ചതാണ് മത്സരം ഓസ്ട്രേല്യയ്ക്ക് അനുകൂലമാക്കി മാറ്റിയത്. 54 റൺസെടുത്ത വിരാട് കോഹ്ലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ഹർദിക് പാണ്ഡ്യ 40 റൺസെടുത്തു. ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഓസീസ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. . ഓസീസിന് വേണ്ടി ആദം സാംപ നാല് വിക്കറ്റുകളും ആഷ്ടൺ ആഗർ രണ്ടു വിക്കറ്റും നേടി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് 49 ഓവറില്‍ 269 റണ്‍സിന് പുറത്താകുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ഫോം തുടർന്ന മിച്ചല്‍ മാര്‍ഷാണ് ഓസ്ട്രേലിയന്‍ നിരയില്‍ ടോപ്സ്കോറര്‍. 47 റണ്‍സാണ് മിച്ചല്‍ നേടിയത്. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി
മികച്ച തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് ഓസീസിന് നൽകിയത്. ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 10.5 ഓവറിൽ 68 റൺസ് നേടി. എന്നാൽ ഹർദിക് പാണ്ഡ്യ ഓസീസിന്റെ മുൻനിരയെ തകർക്കുന്നതാണ് പിന്നീട് കണ്ടത്. ഹെഡിനെയും സ്മിത്തിനെയും മാർഷിനെയും പറഞ്ഞയച്ച പാണ്ഡ്യ ഓസീസിനെ മൂന്നിന് 85 എന്ന നിലയിലേക്ക് തള്ളിവിട്ടു.
ഇന്ത്യയ്ക്കുവേണ്ടി മൊഹമ്മദ് സിറാജ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നാണക്കേടായി സൂര്യകുമാര്‍ യാദവ്
ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് കളികളിൽ ഗോൾഡൻ ഡക്കായ ആദ്യ ഇന്ത്യൻ ബാറ്റർ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി സൂര്യകുമാർ യാദവ്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവ് പുറത്താകുകയായിരുന്നു. ചെന്നൈയിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ ആഷ്തൻ ആഗറാണ് സൂര്യയെ പുറത്താക്കിയത്. ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: