പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നു വിലയിരുത്തി, ദേവികുളം എംഎല്‍എ എ.രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല, രാജ്യമെമ്പാടും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. പട്ടികജാതി സംവരണം സംബന്ധിച്ച് പലര്‍ക്കുമുള്ള തെറ്റിദ്ധാരണ നീക്കുന്നുവെന്നതാണ് ഈ വിധി നിര്‍വഹിക്കുന്ന പ്രാഥമികമായ ദൗത്യം. ഭരണഘടനയനുസരിച്ച് ഹിന്ദുക്കളായ പട്ടികജാതിക്കാര്‍ക്കു മാത്രമാണ് സംവരണം. ഇവര്‍ മതം മാറി ക്രൈസ്തവ-മുസ്ലിം വിശ്വാസികളായാല്‍ ഈ അവകാശം സ്വാഭാവികമായിത്തന്നെ ഇല്ലാതാവും. ബുദ്ധമത്തിലേക്കോ ജൈനമതത്തിലേക്കോ ആണ് മാറുന്നതെങ്കില്‍ അയോഗ്യത വരില്ല. നമ്മുടെ രാജ്യം റിപ്പബ്ലിക്കായതു മുതല്‍ ഇതാണ് നിയമമെന്നിരിക്കെ കാലാകാലങ്ങളില്‍ ഈ വ്യവസ്ഥ ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനും ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ പലശക്തികളും നടത്തുകയാണ്. രാജ്യത്തെ സംഘടിത മതശക്തികള്‍ മാത്രമല്ല, തങ്ങളുടെ ആഗോളതലത്തിലെ സ്വാധീനം ഉപയോഗിച്ചും ഇതിനായി സര്‍ക്കാരുകള്‍ക്കുമേല്‍ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ട്. ഇപ്പോഴും അത് തുടരുകയാണ്. പ്രക്ഷോഭങ്ങള്‍ നടത്തിയും ഒരു കമ്മീഷനെത്തന്നെ നിയമിച്ചും പട്ടികജാതി ഹിന്ദുക്കളുടെ സവിശേഷമായ ഈ അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ദേശീയപ്രസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇത്തരം ഗൂഢശ്രമങ്ങള്‍ വിജയിക്കാതെ പോവുകയായിരുന്നു. എന്നിട്ടും തല്‍പ്പരകക്ഷികള്‍ പിന്മാറാതിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്.
സംവരണമണ്ഡലത്തില്‍ മത്സരിച്ച സിപിഎം എംഎല്‍എ നഗ്നമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നതെന്നാണ് ഹൈക്കോടതി വിധിയില്‍ പറയുന്നത്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍നിന്ന് കുടിയേറിയ രാജയുടെ കുടുംബം രണ്ട് തലമുറയായി ക്രൈസ്തവരാണെന്ന് കോടതി കണ്ടെത്തി. മാതാപിതാക്കളും താനും ഭാര്യയും ഹിന്ദുക്കളാണെന്നു വരുത്താന്‍ രാജ ഹാജരാക്കിയ തെളിവുകള്‍ വ്യാജമാണെന്ന് പരിശോധനയില്‍ തെളിയുകയായിരുന്നു. ഹിന്ദുവാണെന്ന് വരുത്താന്‍ പള്ളിയിലെ കുടുംബ രജിസ്റ്ററും മാമോദീസാ രജിസ്റ്ററും തിരുത്തി മാതാപിതാക്കളുടെ പേരുകള്‍ തന്നെ മാറ്റിയത് കോടതി കയ്യോടെ പിടികൂടി. മാതാപിതാക്കളെ മാമോദീസ മുക്കിയ ക്രൈസ്തവ പാതിരി തന്നെയാണ് രാജയെ മാമോദീസ മുക്കിയതെന്നും, ഇതേയാള്‍ തന്നെയാണ് ക്രൈസ്തവ മതാചാര പ്രകാരം രാജയുടെ വിവാഹം നടത്തിക്കൊടുത്തതെന്നുമുള്ള ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പട്ടികജാതി സംവരണം സംബന്ധിച്ച നിയമം കൃത്യവും സുതാര്യവുമായിരിക്കെ കടുത്ത നിയമലംഘനങ്ങളാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്ന് രാജക്കെതിരായ കേസ് കാട്ടിത്തരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്ത് പരിവര്‍ത്തിത ക്രൈസ്തവരായ നൂറുകണക്കിനാളുകള്‍ ഹിന്ദുക്കളാണെന്ന് കാണിച്ച് പട്ടികജാതിക്കാരുടെ സംവരണാനുകൂല്യം തട്ടിയെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും കോളജുകളിലുമൊക്കെ ഇത്തരക്കാര്‍ നിരവധിയാണ്. അയോഗ്യത ഒഴിവാക്കാന്‍ ചിലര്‍ തങ്ങള്‍ ബുദ്ധമതക്കാരാണെന്ന സര്‍ട്ടിഫിക്കറ്റുപോലും കൊണ്ടുനടക്കുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍ മാത്രമാണ് ഇവര്‍ ഹിന്ദുക്കള്‍. മറ്റെല്ലാ കാര്യങ്ങളിലും ക്രൈസ്തവരാണ്. അധികൃതരുടെ അറിവോടെയും ഒത്താശയോടെയും ഈ കള്ളത്തരം വ്യാപകമായി ആവര്‍ത്തിക്കപ്പെടുകയാണ്.
മതംമാറിയ പട്ടികജാതിക്കാര്‍ക്ക് സംവരണാനുകൂല്യം നല്കിയാല് ഇപ്പോള്‍ പട്ടികജാതിക്കാര്‍ ജയിച്ചുപോരുന്ന സംവരണ മണ്ഡലങ്ങളില്‍ പലതും അവര്‍ക്ക് അന്യമാവും. നിയമസഭകളിലെയും പാര്ലമെന്റിലെയുമൊക്കെ ഇവരുടെ പ്രാതിനിധ്യം അട്ടിമറിക്കപ്പെടും. പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സംവരണാനുകൂല്യം നല്‍കണമെന്ന മുറവിളിക്കുപിന്നില് ഇങ്ങനെയൊരു രഹസ്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ബിജെപി മാത്രമാണ് പാര്‍ലമെന്റിനകത്തും പുറത്തും ഈ പ്രശ്നം ഉന്നയിക്കാറുള്ളത്. സിപിഎമ്മും കോണ്‍ഗ്രസ്സും മറ്റും പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ കവരുന്ന, അവരുടെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്തുന്ന ഈ നിയമലംഘനത്തെ അനുകൂലിക്കുകയാണ്. പട്ടികജാതിക്കാര്‍ക്കും സംവരണം നല്‍കണമെന്നത് ഈ പാര്‍ട്ടികളുടെ രാഷ്ട്രീയ നിലപാടായിരിക്കാം. പക്ഷേ അത് ഭരണഘടനാ വിരുദ്ധമാണെന്നും, നിയമസാധുതയില്ലന്നുമുള്ള കാര്യം ഇവര്‍ മറച്ചുപിടിക്കുന്നു. സംഘടിത മതശക്തികളെ പ്രീണിപ്പിക്കാന്‍ പട്ടികജാതിക്കാരെ വഞ്ചിക്കാം എന്ന പാര്‍ട്ടിനയത്തിന്റെ അടിസ്ഥാനത്തിലാണ് ദേവികുളം മണ്ഡലത്തില്‍ എ. രാജയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. രാജയ്ക്ക് അയോഗ്യതയുണ്ടെന്ന് ഹൈക്കോടതി വിധി വന്നിട്ടും എല്ലാ യോഗ്യതയുമുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി വാദിക്കുന്നത് ഇതിനാലാണ്. രാജയെ അയോഗ്യനാക്കണമെന്ന ഹര്‍ജി നല്കിയ എതിര് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സുകാരനാണെങ്കിലും പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കണമെന്ന നയമാണ് കോണ്‍ഗ്രസ്സിനുമുള്ളത്. ഈ രണ്ടു പാര്‍ട്ടികളുടെയും കാപട്യവും ഹിന്ദുസമൂഹത്തോടുള്ള വഞ്ചനയും ഇപ്പോഴത്തെ ഹൈക്കോടതി വിധി തുറന്നുകാണിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: