എ. പി. ഭരത്കുമാര്‍
(കേരള അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് എന്ന സംഘടനയുടെ രക്ഷാധികാരിയാണ് ലേഖകന്‍)
അന്ധകാരത്തില്‍ നിന്നും പ്രകാശ ധവളിമയിലേക്ക് രാഷ്ട്രം കണ്ണു തുറന്ന ദിവസമാണിന്ന്. 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി അശനിപാതം പോലെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥ അവസാനിച്ച്, ജനങ്ങള്‍ സ്വതന്ത്രവായു ശ്വസിച്ചത് 1977 മാര്‍ച്ച് 21നാണ്. ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാന്‍ യാതനകള്‍ സഹിച്ച ഭാരതത്തിലെ ദേശസ്നേഹികള്‍ക്കു സ്വതന്ത്ര ഭാരതം നല്കിയ ഭരണഘടനാ അവകാശങ്ങളെല്ലാം നിഷേധിച്ചത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ്. മിസ, ഡിഐആര്‍ തുടങ്ങിയ കരിനിയമങ്ങള്‍ പാസാക്കി രാജ്യത്തെ ചോദ്യം ചെയ്യാനാവാത്ത ഇരുട്ടറയാക്കി മാറ്റിയത് 21 മാസക്കാലമാണ്.
അടിയന്തരാവസ്ഥ എന്തിനു വേണ്ടിയായിരുന്നു?
തെരഞ്ഞെടുപ്പില്‍ അഴിമതി കാണിച്ച ഇന്ദിരാഗാന്ധിയുടെ ലോകസഭാംഗത്വം നഷ്ടപ്പെടുത്തിയ അലഹബാദ് ഹൈക്കോടതി വിധിയും വിധി അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവും മറികടക്കാനാണ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സുപ്രീംകോടതി വിധിപ്രകാരം തെരഞ്ഞെടുപ്പുവരെ പ്രധാനമന്ത്രിയായി തുടരാമെങ്കിലും പ്രധാനമന്ത്രിയെന്ന നിലയില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ റദ്ദു ചെയ്തു. നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അര്‍ഹതയും നഷ്ടമായി. ഇതെല്ലാം മറികടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ദിരയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം.
ബ്രിട്ടീഷുകാരുടെ അടിമത്ത ഭരണത്തില്‍ വീര്‍പ്പുമുട്ടിയും യാതനകള്‍ സഹിച്ചുകൊണ്ടുമിരുന്ന ഒരു ജനത ദേശസ്നേഹ പ്രചോദിതമായി പടപൊരുതി സ്വാതന്ത്ര്യത്തിന്റെ പൂനിലാവിലേക്കു രാഷ്ട്രത്തെ നയിച്ചു. സ്വതന്ത്ര ഭാരതത്തിലെ ജനതതിക്കു അഭിപ്രായ സ്വാതന്ത്ര്യമടക്കമുള്ള പൗര സ്വാതന്ത്ര്യങ്ങള്‍ ഉറപ്പു നല്കുന്ന ഒരു ഭരണഘടനയുണ്ടായി. 1960കളിലും 70 കളിലും അഴിമതിയില്‍ മുങ്ങി നില്ക്കുന്ന കേന്ദ്ര ഭരണത്തിനും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുമെതിരെ പൊതുജനരോഷം കത്തിപ്പടരുന്ന സ്ഥിതിയുണ്ടായി. ഇന്ദിരാഗാന്ധി കോണ്‍ഗ്രസിതര സംസ്ഥാന സര്‍ക്കാരുകളെ ഒന്നൊന്നായി പിരിച്ചു വിടാന്‍ തുടങ്ങി. കലാശാലകളിലെ വിദ്യാര്‍ഥികള്‍ രാജ്യമെമ്പാടും സമരമുഖത്തേക്കിറങ്ങി. സ്വാതന്ത്ര്യ സമര നേതാക്കളില്‍ പ്രമുഖനായിരുന്ന ലോകനായക് ജയപ്രകാശ് നാരായണന്, സര്‍വോദയ നേതാവ് ജെ. ബി.കൃപലാനി, വിനോബ ഭാവേ എന്നിവരെല്ലാം ദുര്‍ഭരണത്തിനെതിരെ പ്രതികരിച്ചു. ഉയര്‍ന്നുവരുന്ന പ്രതിഷേധം ഇന്ദിരാ ഭരണത്തിന്റെ അടിത്തറയിളക്കുമെന്നായപ്പോള്‍ രാജിവച്ചു പോകുന്നതിനു പകരം ഇന്ദിര കണ്ട പോംവഴിയായിരുന്നു അടിയന്തിരാവസ്ഥ.
രാജ്യത്ത ഇരുട്ടറയാക്കിയത് എങ്ങിനെ?
ഇന്ദിര ആദ്യം ചെയ്തത് രാഷ്ട്രീയ സ്വയസേവക സംഘത്തിനെ നിരോധിക്കുകയാണ്. കൂട്ടത്തില്‍ ഒരു ബാലന്‍സ് നിലനിര്ത്തികാണിക്കാന് അന്ന് അവഗണിക്കാവുന്നത്ര കുറവ് അംഗത്വമുള്ള ജമായത്തെ ഇസ്ലാമിയെയും നിരോധിച്ചു. കരി നിയമങ്ങളിലൂടെ, കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതെ, ജാമ്യത്തിനു വഴിയില്ലാതെ ജയപ്രകാശ് നാരായണന്, മോറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്പൈ, എല്‍. കെ. അദ്വാനി, ബാലാ സാഹബ് ദേവറസ് തുടങ്ങി അനേകം ജനനേതാക്കളെ ഭാരതത്തിലുടനീളം മിസ പ്രകാരം ജയിലിലടച്ചു. ഗാന്ധിയന്‍ സത്യഗ്രഹ മാര്‍ഗ്ഗത്തിലൂടെയുള്ള സമ്പൂര്‍ണ്ണ വിപ്ലവത്തിനു ആഹ്വാനം ചെയ്ത ജയപ്രകാശ് നാരായണന് രൂപം നല്കിയ ലോക സംഘര്‍ഷ സമിതി 1975 നവംമ്പര്‍ മാസം മുതല്‍ ഭാരതമൊട്ടുക്കു തെരുവിലിറങ്ങി സമരം ചെയ്യാന്‍ ആഹ്വാനം ചെയതു. ആയിരക്കണക്കിന് പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. അതില്‍ ഭൂരിപക്ഷവും സംഘ സ്വയംസേവകരായിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സോഷ്യലിസ്റ്റുകാരും കോണ്‍ഗ്രസില്‍ ഇന്ദിരയുടെ ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ്സുകാരും കുറച്ചു മാര്‍ക്സിസ്റ്റുകാരും ഉണ്ടായിരുന്നു. മാര്‍ക്സിസ്റ്റുകാരെ ഉടനെ വിട്ടയക്കുകയുമുണ്ടായി. സമാധാനപരമായി സമരം ചെയ്തവരെ അതിക്രൂരമായി മര്‍ദ്ദിച്ചാണ് ജയിലിലേക്കയച്ചത്. കേരളത്തില്‍ സിപിഐ -കോണ്‍ഗ്രസ് കൂട്ടു മന്ത്രിസഭയായിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന് സത്യഗ്രഹികളെ മര്‍ദ്ദിക്കാന്‍ പോലീസിന് പ്രത്യേകം നിര്‍ദ്ദേശം നല്കി. ബഹുമുഖ മര്‍ദ്ദന മുറകള്‍ പോലീസുകാര്‍ മത്സരിച്ചു ചെയ്യുകയായിരുന്നു. ഈച്ചര വാരിയരുടെ മകന് രാജനെ പോലീസ് ഉലക്കകൊണ്ട് ഉരുട്ടി കൊലപ്പെടുത്തുകയായിരുന്നല്ലോ. ആ സംഭവത്തില്‍ പിന്നീട് കരുണാകരന് രാജിവക്കേണ്ടി വന്നു.
അടിയന്തരാവസ്ഥയില്‍ ഇന്ദിര കൊണ്ടുവന്ന പത്ര മാരണ നിയമം മൂലം പത്രങ്ങള്‍ക്കോ മറ്റു മാധ്യമങ്ങള്‍ക്കൊ അടിയന്തിരാവസ്ഥക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതികരിക്കുന്ന മാധ്യമ സ്ഥാപനങ്ങളെ പോലീസ് പൂട്ടി സീല്‍ വച്ചു. ഇന്ദിരാ ഗാന്ധിയുടെ സ്തുതിപാഠകരായ ഉപചാപക സംഘം അടിയന്തിരാവസ്ഥയുടെ നേട്ടങ്ങള്‍ വാഴ്ത്തിപ്പാടി. ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നവര് ഉദ്ഘോഷിച്ചു. തൊഴിലാളികളോട് നാവടക്കൂ പണിയെടുക്കൂയെന്നു പറഞ്ഞു. അടിയന്തിരാവസ്ഥയുടെ ദോഷ വശങ്ങളോ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ജയിലറക്കുള്ളിലായതോ നിഷ്ഠൂരമായ മര്‍ദ്ദനങ്ങളോ ഒന്നും തന്നെ പൊതു ജനമറിയാന്‍ പാടില്ലെന്ന ഇന്ദിരയുടെ പദ്ധതി നടപ്പിലാക്കുന്നതില്‍ കേരള സര്‍ക്കാര്‍ ജാഗരൂകരായിരുന്നു. അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭാരതമൊട്ടുക്കും ജനം ഇന്ദിരയെയും കോണ്‍ഗ്രസിനെയും ബഹിഷ്കരിച്ചപ്പോള്‍ കേരളത്തില്‍ മാത്രം മറിച്ചൊരു വിധിയാണുണ്ടായത് അക്കാരണത്താലാകാം.
ജനാധിപത്യം വിജയിക്കുന്നു
ലോകത്തെ ശക്തമായ ജനാധിപത്യ രാജ്യമെന്നു വിശേഷിപ്പിച്ച ഭാരതത്തില്‍ ഒരു ഏകാധിപതി നിശ്ചയിച്ചാല്‍ ദുര്‍ഭരണവും ഫാസിസവും ജനാധിപത്യ ധ്വംസനവും കൊണ്ടുവരാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് ലോകത്തിനു കാണിച്ചുകൊടുത്തത്. എന്നാല്‍ ഇന്ദിരഗാന്ധി ഉയര്‍ത്തിയ വെല്ലുവിളി ഭാരതത്തിലെ ദേശ സ്നേഹികള്‍ നേരിടുകയും ഒടുവില്‍ വിജയം വരിക്കയും ചെയ്തതിന്റെ സുന്ദര ദിനമാണ് 1975 മാര്‍ച്ച് 21. ത്യാഗത്തിന്റെ സന്ദേശം സഹസ്രാബ്ദങ്ങളായി ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന നമ്മുടെ സംസ്കാരത്തിന്റെ കാവല്ഭടന്മാര് അടിയന്തിരാവസ്ഥയില്‍ പ്രദര്‍ശിച്ച ധൈര്യവും ആത്മവിശ്വാസവും സമര്‍പ്പണവും ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ടതാണ്.
അടിയന്തരാവസ്ഥക്കെതിരെ പടപൊരുതിയ കര്‍മ്മ ധീരരില്‍ ചെറുപ്പക്കാരും വയോവൃദ്ധരുമുണ്ടായിരുന്നു. വീട്ടിലെ പുരുഷന്മാരോടൊപ്പം രാഷ്ട്രരക്ഷയ്ക്ക് സ്ത്രീ രത്നങ്ങളും സമരം ചെയ്യാനും ജയില്‍ വാസമനുഭവിക്കാനും അണിനിരന്നത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ തീവ്രതയാണ് പ്രകടിപ്പിച്ചത്. പോലീസ് അതിക്രമത്തിന്റെ ഇരകളായവരില്‍ ഒട്ടേറെ പേര് അന്ന് മാറാരോഗികളായി. ചിലര്‍ നേരിടേണ്ടി വന്ന മര്‍ദ്ദനത്താല്‍ പ്രായമായപ്പോള്‍ പലവിധ രോഗങ്ങള്‍ക്കും അടിമയായി ചത്തു ജീവിക്കുന്നു. നിരവധിപേര്‍ മരണത്തിനു കീഴടങ്ങി. ഈ കഥകളെല്ലാം ലോകത്തോട് വിളിച്ചുപറയാന്‍ കേരളത്തില്‍ ഒരു സംഘടനയുണ്ടായി. അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് കേരളത്തില്‍ ആരംഭിച്ചതിനു ശേഷം മറ്റെല്ലാ സംസ്ഥാനങ്ങളിലും വിവിധ പേരുകളില്‍ സംഘടന തുടങ്ങി പ്രവര്‍ത്തിക്കുന്നു. സമര പോരാളികളുടെയും മിസ തടവുകാരുടെയും പേരുവിവരങ്ങളും പോരാട്ടം സംബന്ധിച്ച ലേഖനങ്ങളും ചിത്രങ്ങളും അടങ്ങുന്ന പുസ്തകം ഓരോ ജില്ലയിലും പ്രകാശനം ചെയ്യുന്ന കുടുംബ സദസ്സുകളും നടന്നുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: