കൊച്ചി: സംസ്ഥാന സർക്കാരിന്റെ സമ്മർ ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ച അസം സ്വദേശി ആല്‍ബര്‍ട്ട് ടിഗ തന്റെ വീട്ടില്‍ ജോലി ചെയ്ത വ്യക്തിയെന്ന് സ്ഥിരീകരിച്ച് സിനിമാനടിയും സീരിയല്‍ താരവുമായ രാജിനി ചാണ്ടി. ലോട്ടറി അടിച്ച വിവരം അറിഞ്ഞ ഉടന്‍ ആല്‍ബര്‍ട്ട് ടിഗ തന്നോട് ഇക്കാര്യം പറഞ്ഞതായും രാജിനി ചാണ്ടി വെളിപ്പെടുത്തി.
തനിക്ക് ഒരു പ്രധാനകാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ സ്വന്തം സ്ഥലവും വീടും കൂടി ഉള്ള സ്ഥലം നോക്കുകയാണ് അവന് ഇപ്പോള്‍. ലോട്ടറി അടിച്ച കാര്യം പറഞ്ഞ ഉടനെ ഞാന്‍ അത് പുറത്ത് ആരെയും അറിയിക്കണ്ട എന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ വരാന്‍ പറഞ്ഞു. പിന്നീട് താനും ഭര്‍ത്താവും (അദ്ദേഹം ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്) തിങ്കളാഴ്ച രാവിലെ ബാങ്കില്‍ പോവുകയായിരുന്നു. ആല്‍ബര്‍ട്ട് തന്നെ അടുത്തുള്ള ഏജന്റിനോട് ആര്‍ക്കാണ് ടിക്കറ്റടിച്ചതെന്ന് ചോദിച്ചപ്പോഴാണ് അവന് തന്റെ ടിക്കറ്റിനാണ് സമ്മാനം കിട്ടിയതെന്ന് അറിയുകയായിരുന്നു. പക്ഷെ അവന് ആരെയും അറിയിച്ചില്ല. തന്നോട് മാത്രമാണ് പറഞ്ഞത്.- രാജിനി ചാണ്ടി പറഞ്ഞു.
സമ്മാനം പ്രഖ്യാപിച്ച ദിവസം ടിക്കറ്റ് ഉടമയെ കണ്ടെത്താനായിരുന്നില്ല. ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ആലുവ– മൂന്നാർ റോഡിൽ ചൂണ്ടി ബസ് സ്റ്റോപ്പിനു സമീപത്ത മാഞ്ഞൂരാൻ ലോട്ടറി എന്ന മൊത്ത വിതരണ ഏജൻസിയുടെ കൗണ്ടറിൽ നിന്ന് മാര്‍ച്ച് 10ന് വൈകിട്ടു 3നു വിറ്റ എസ്ഇ 222282 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
ടിക്കറ്റ് വിറ്റ ഏജൻസിക്കാർ ഉൾപ്പെടെ നടത്തിയ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ആലുവ മാർക്കറ്റ് റോഡിൽ മാഞ്ഞൂരാൻ കുടുംബാംഗങ്ങളായ ജോസഫ്, ലിജു, സുധീഷ്, ജോൺ എന്നിവർ ചേർന്നു നടത്തുന്ന ഏജൻസിയുടെ ആദ്യ ശാഖയാണ് ചൂണ്ടിയിലേത്. 2022 മാർച്ച് 19നായിരുന്നു ഉദ്ഘാടനം. വാർഷിക ദിനത്തിൽ ബംപർ നറുക്കെടുപ്പിന്റെ സമ്മാനം അടിച്ച ആഹ്ലാദത്തിലായിരുന്നു ഇവര്‍.
ഇപ്പോള്‍ ബംപര്‍ അടിച്ചയാളെയും കണ്ടെത്തിയിരിക്കുന്നു. ആലുവയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടികൾ ആല്‍ബര്‍ട്ട് ടിഗ തിങ്കളാഴ്ച പൂർത്തിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: