ഭോപാല്‍: മധ്യപ്രദേശിലെ ബംജ്രംഗ് ദള്‍ നേതാവ് തനു ശര്‍മ്മയുടെ കേസില്‍ കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ അത് ക്യാമറയില്‍ പകര്‍ത്തിയിരുന്ന യുവതി പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി ചാരപ്പണി ചെയ്തതോ? സോനു മന്‍സുരി എന്ന 30 കാരിയെ കോടതി വളപ്പില്‍ നിന്നും പിടികൂടിയത് ബജ്രംഗ് ദള്‍ നേതാവ് തനു ശര്‍മ്മയ്ക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകരാണ്.
സംശയാസ്പദമായ സാഹചര്യത്തില്‍ സോനു മന്‍സുരി ക്യാമറയില്‍ കേസിന്റെ വിചാരണ പകര്‍ത്തുകയായിരുന്നു. ഒരു ജൂനിയര്‍ അഭിഭാഷക എന്ന നിലയിലാണ് സോനു മന്‍സുരി ഇത് ക്യാമറയില്‍ പകര്‍ത്തിയത്. ബംജ്രംഗ് ദള്‍ നേതാവ് തനു ശര്‍മ്മയുടെ അഭിഭാഷകരായ അമിത് പാണ്ഡെയും സുനില്‍ വിശ്വകര്‍മ്മയുമാണ് 42ാം കോടതി മുറിയില്‍ വിചാരണ മുഴുവന്‍ സോനു മന്‍സുരി ക്യാമറയില്‍ പകര്‍ത്തുന്നതായി കണ്ടുപിടിച്ചത്. ഉടനെ അവര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ സോനു മന്‍സുരി പറഞ്ഞത് തന്നെ ഈ ദൗത്യത്തിന് നിയോഗിച്ചത് നൂര്ജഹാന് ഖാന് എന്ന സീനിയര്‍ അഭിഭാഷകയാണെന്നാണ്. പോപ്പുലര്‍ ഫ്രണ്ടിന് കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് തന്നോട് വീഡിയോ പകര്‍ത്താന്‍ നൂര്ജഹാന് ഖാന് പറഞ്ഞതെന്ന് സോനു മന്‍സുരി പറയുന്നു. ഇതിനായി മൂന്ന് ലക്ഷം രൂപ നൂര്ജഹാന് പ്രതിഫലമായി തനിക്ക് നല്‍കിയിരുന്നെന്നും സോനു മന്‍സുരി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ സോനു മന്‍സുരിയും നൂര്‍ജഹാനും സംശയാസ്പദമായ സഹാചര്യത്തില്‍ പൊലീസിനെതിരെ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. തങ്ങള്‍ വര്‍ഗ്ഗീയ ഭ്രാന്തിന്റെ ഇരകളായി മാറുകയായിരുന്നുവെന്ന് നുര്ജഹാനും സോനു മന്‍സുരിയും സുപ്രീംകോടതിയില്‍ നല്കിയ പരാതിയില്‍ വാദിക്കുകയാണിപ്പോള്‍. ഈ കേസില്‍ സുപിംകോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.
വാസ്തവത്തില്‍ പൊലീസ് പല തവണ ചോദ്യം ചെയ്യുമ്പോഴും സോനു മന്‍സുരി പല വിധത്തിലുള്ള മൊഴികളാണ് നല്‍കുന്നത്. കോടതിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് നൂര്ജഹാന് നല്‍കിയോ എന്ന ചോദ്യത്തിനും ഉത്തരം കൃത്യമായി പറയുന്നില്ല. നൂര്ജഹാന് ഒളിവിലാണ്.
ഇതിനിടയില്‍ സോനു മന്‍സുരി കോടതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ആദ്യമായി കണ്ടെത്തിയ ബജ് രംഗ് ദളുമായി ബന്ധമുള്ള ഇന്‍ഡോറിലെ അഭിഭാഷകന് അനില്‍ നായിഡുവിന് വധഭീഷണി കിട്ടിയിരിക്കുകയാണ്. ഒരു ദിവസം ബൈക്കില്‍ പോകുകയായിരുന്നു അനില്‍ നായിഡുവിനെ രണ്ട് പേര് തടഞ്ഞുനിര്‍ത്തിയ ശേഷം തലവെട്ടും എന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതോടെ ഈ കേസിന് പിന്നില്‍ കൂടുതല്‍ ദുരൂഹതകളുണ്ടെന്നും ബജ് രംഗ് ദള്‍ നേതാക്കള്‍ വിശ്വസിക്കുന്നു.
സോനു മുന്സുരിയും നൂര്‍ജഹാനും സുപ്രിംകോടതിയെ സമീപിക്കാന്‍ തയ്യാറായതിന് പിന്നില്‍ ആരുടെ കരങ്ങളാണെന്നതും വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വിഎച്ച്പി മധ്യപ്രദേശ് പ്രസിഡന്റ് സോഹന്‍ വിശ്വകര്‍മ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: