കാഞ്ഞാണി: ഓക്സിജന്‍ ഊരിമാറ്റിയതിനെ തുടര്‍ന്ന് യുവാവ് നാല് മാസമായി അബോധാവസ്ഥയിലായെന്ന് പരാതി. തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിനെതിരെയാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. നാല് മാസം മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ അലീഷ് എന്ന യുവാവ് ഇപ്പോഴും അബോധാവസ്ഥയിലാണ്. 20 ലക്ഷം ഇതുവരെ ആശുപത്രിയില്‍ ചെലവാക്കി. മകനെയോര്‍ത്ത് വേദനിക്കുകയാണ് അശോകനും ഭാര്യ കമലയും. സ്വകാര്യ സ്‌കൂളില്‍ സുരക്ഷാ ജീവനക്കാരനായിരുന്നു അലീഷ് (36) എന്ന യുവാവ്.
കഴിഞ്ഞ നവംബർ 5 ന് അലീഷ് ജോലി കഴിഞ്ഞു ബൈക്കില്‍ വരുമ്പോള്‍ ഏത്തായി ഭാഗത്ത് വച്ച് ടെമ്പോയുമായി ഇടിച്ചു. തോളെല്ലുകളും വാരിയെല്ലുകളും പൊട്ടി. ചേറ്റുവയിലെ ടി.എം. ആശുപത്രിയിലും തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയിലുമെത്തിച്ചു. അപ്പോഴും ബോധം വന്നിരുന്നില്ല. ഇവിടുത്തെ ചികിത്സക്കായി വേണ്ടിവന്ന ഒന്നര ലക്ഷം രൂപ ബില്ലടച്ച ശേഷം മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അലീഷിനെ മാറ്റി. മൂന്ന് ദിവസം വെന്റിലേറ്ററില്‍ കിടന്നു. ഇടക്ക് ഓര്‍മ്മ അല്‍പം വന്നത് ആശ്വാസമായി. അടുത്ത ദിവസം പുലര്‍ച്ചെ രണ്ടിന് വെന്റിലേറ്റര്‍ ഐ.സി.യു.വില്‍ നിന്ന് സാധാരണ ഐ.സി.യു.വിലേക്ക് അലീഷിനെ മാറ്റിയത് കുടുംബം അറിഞ്ഞില്ലെന്ന് പറയുന്നു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയായി. ബോധം വീണ്ടും പോയി. ഓക്സിജന്‍ കിട്ടാത്തതാണ് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.
ഇവിടെ നിന്നാണ് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് അലീഷിനെ അബോധാവസ്ഥയില്‍ എത്തിക്കുന്നത്. ഒരാഴ്‌ച്ചക്കാലം ഈ കിടപ്പ് കിടന്നു. പിന്നീട് ആളെ തിരിച്ചറിയുന്നില്ലെങ്കിലും തല അനക്കി തുടങ്ങി. ശരീരം തളര്‍ന്ന അവസ്ഥയില്‍ തന്നെയായിരുന്നു. ആശുപത്രിയില്‍ മാസങ്ങള്‍ തങ്ങേണ്ടി വന്നതോടെ ബില്ലും ഉയര്‍ന്നു. ബന്ധുക്കളും സുമനസുകളും ചേര്‍ന്ന് സമാഹരിച്ചു നല്‍കിയ 15 ലക്ഷം ഉപയോഗിച്ച് ആശുപത്രി ബില്‍ അടച്ചു. തുടര്‍ ചികിത്സക്ക് പണമില്ലാതായതോടെ അലീഷിനെ ഇപ്പോള്‍ വീട്ടിലേക്ക് മാറ്റിയിരിക്കയാണ്.
തയ്യല്‍ക്കാരനായിരുന്ന അശോകന് മൂന്ന് വര്‍ഷം മുമ്പ് രോഗം ബാധിച്ചതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. കമല തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. സാമ്പത്തികമായി നട്ടംതിരിഞ്ഞതോടെ താമസിച്ചിരുന്ന വീട് വിറ്റ് ആ വീട്ടില്‍ തന്നെ 5000 രൂപ വാടകക്കാണ് ഇവരുടെ താമസമിപ്പോള്‍.
അലീഷിന് രണ്ട് സഹോദരങ്ങളാണ്. അലീനയും അനൂപും. അലീന വിവാഹിതയാണ്. അനൂപ് വെല്‍ഡിങ്ങ് ജോലിക്കാരനാണ്. അലീഷിന് അപകടം പറ്റിയ ശേഷം ശുശ്രൂഷിക്കാനായി നില്‍ക്കുന്നത് മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്നു. കോമ സ്റ്റേജിലുള്ള അലീഷിന്റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: