മനോജ് പൊന്‍കുന്നം
ആധുനിക മലയാളസാഹിത്യരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ പ്രഗത്ഭനായ സാഹിത്യകാരനാണ് കവിയും നോവലിസ്റ്റും കഥാകൃത്തുമായിരുന്ന എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരന്‍കുട്ടി കുഞ്ഞിരാമന് പൊറ്റെക്കാട്ട്. മലയാള സഞ്ചാരസാഹിത്യത്തെ ജനപ്രിയമാക്കിയത് അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളാണ്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് എന്ന് സാഹിത്യലോകം കണക്കാക്കിയിരിക്കുന്നത് ഒരു ദേശത്തിന്റെ കഥ എന്ന നോവലാണ്. അതിരാണിപ്പാടം എന്ന താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമമാണ് നോവലിന്റെ പശ്ചാത്തലം. അച്ഛന് മരിച്ചതിനെ തുടര്‍ന്ന് നാടുവിട്ട ശ്രീധരന് എന്ന ബാലന് മുപ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുവരുന്നതാണ് നോവലിന്റെ പശ്ചാത്തലം. ആ നാടിന്റെയും നാട്ടുകാരുടെയും ഒപ്പം വളരുന്ന നോവല്‍ ഗ്രാമം വിട്ട് ഉത്തരേന്ത്യയിലേക്കും അവിടെനിന്നും ആഫ്രിക്കയിലേക്കുമൊക്കെ പടരുന്നു. ആ കാലഘട്ടത്തിലെ മലബാറിലെ മനുഷ്യരുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിലേക്കും രാഷ്ട്രീയ ചരിത്രത്തിലേക്കും വെളിച്ചം വീശുന്നു ദേശത്തിന്റെ കഥ.
വര്‍ത്തമാന കാലഘട്ടത്തില്‍ രാമസിംഹന് സംവിധാനം ചെയ്ത പുഴ മുതല്‍ പുഴവരെ എന്ന ചരിത്ര സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ കത്തിക്കിരയായി പരിക്കുകളോടെ പ്രദര്‍ശനത്തിനെത്തിയിരിക്കുന്ന സാഹചര്യത്തില്‍ പൊറ്റെക്കാട്ടിന്റെ ദേശത്തിന്റെ കഥ ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കി.
1921 ല്‍ അരങ്ങേറിയ, മലബാര്‍ കലാപം എന്നും സ്വാതന്ത്ര്യസമരം എന്നും മറ്റുമുള്ള ഓമനപ്പേരില്‍ പിന്നീട് പ്രചരിപ്പിച്ച, മുസ്ലിം മതമൗലിക വാദികള്‍ ഹൈന്ദവര്‍ക്ക് നേരെ നടത്തിയ കലാപം, പില്ക്കാലത്തു കശ്മീരില്‍ അവിടുത്തെ പണ്ഡിറ്റുകള്‍ നേരിടേണ്ടിവന്ന, ‘മുസ്ലിം ആവുക അല്ലെങ്കില്‍ മരിക്കുക’ എന്ന ഭീകരമായ അവസ്ഥയുടെ പഴയ രൂപം തന്നെ ആയിരുന്നു. അന്ന് ഹിന്ദുക്കള്‍ നേരിടേണ്ടിവന്ന പൈശാചികമായ അനുഭവങ്ങളുടെയും മുസ്ലിം തീവ്രവാദികള്‍ നടത്തിയ കൊള്ളയുടെയും അക്രമങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ‘പുഴ മുതല്‍ പുഴ വരെ’
ആ ചിത്രത്തിനെതിരെ ധാരാളം വിമര്‍ശനങ്ങളും ഡി ഗ്രേഡിങ്ങും ഭീഷണിയും വിലക്കുകളും നേരിടേണ്ടിവരുമ്പോള്‍ ഒരുകാര്യം വ്യക്തമാണ്, പൊറ്റെക്കാട്ട് ആ നോവല്‍ രചിച്ച 1971 ലേക്കാള്‍ ഇന്ന് കേരളസമൂഹം ഭീകരമാംവിധം പ്രാകൃതമായിരിക്കുന്നു. രാഷ്ട്രീയം ലജ്ജിപ്പിക്കുന്ന രീതിയിലുള്ള അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. നോവലിന്റെ പന്ത്രണ്ടാം അധ്യായത്തില്‍ നായകകഥാപാത്രമായ ശ്രീധരന്റെ അച്ഛന് കൃഷ്ണന് മാസ്റ്ററോട് നോവലിലെ മറ്റൊരു കഥാപാത്രമായ കിട്ടന് റൈറ്റര്‍ ആ കലാപം വിവരിക്കുന്നത് ഇങ്ങനെയാണ്,
”ങാ, ഇനി മാസ്റ്റര്‍ക്ക് കുളിക്കുകയും ജപിക്കുകയും ഒന്നും വേണ്ടിവരില്ല, അവര്‍ കുളിപ്പിച്ചങ്ങു കേറ്റിത്തരും”
(പുഴവക്കത്തുകൊണ്ടുപോയി കഴുത്തുവെട്ടുന്നതിനു മാപ്പിളമാര്‍ കുളിപ്പിക്കുക എന്നാണ് പറയുന്നതത്രെ. മതം മാറുവാന്‍ സമ്മതിക്കുന്നവരെ കുളിപ്പിച്ചുകേറ്റലും സമ്മതിക്കാത്തവരെ കുളിപ്പിക്കലും.)
കിട്ടന് റൈറ്റര്‍ തുടരുന്നു,
”കാഫ്റ്ങ്ങളെപ്പിടിച്ച് മതം മാറ്റുന്ന ആദ്യത്തെ ചടങ്ങാണത്രേ കുളിപ്പിച്ച് കേറ്റല്. പിന്നെ മൂരിയിറച്ചി തീറ്റും. മൊട്ടയടിക്കും. മാര്‍ക്കം കഴിക്കും. തൊപ്പിയിടീക്കും. വിരോധം പറഞ്ഞാല്‍ കൊല്ലും. പെട്ടെന്ന് കൊല്ലുകയില്ല. ആളെ ജീവനോടെ തോലുപൊളിച്ച് നിര്‍ത്തുന്നത് അവരുടെ ഒരു നേരമ്പോക്കാണത്രേ” (ഒരു ദേശത്തിന്റെ കഥ, പേജ് 78).
അന്ന് പൊറ്റെക്കാട്ട് ഇത് എഴുതിയപ്പോള്‍ ആര്‍ക്കും മതവികാരം വ്രണപ്പെട്ടില്ല, ഒരിടത്തും കലാപമുണ്ടായില്ല, ഒരു രാഷ്ട്രീയ നേതൃത്വവും അതിനെ ചോദ്യം ചെയ്തില്ല, കാരണം അത് യാഥാര്‍ഥ്യമായിരുന്നു എന്ന ബോദ്ധ്യം എല്ലാവര്‍ക്കുമുണ്ടായിരുന്നു. കുമാരനാശാന് ദുരവസ്ഥ എന്ന കവിത എഴുതിയത് ഈ ലഹളയുടെ ഭീകരത വിവരിച്ചുകൊണ്ടാണ്. കെ.മാധവന് നായര്‍ മലബാര്‍ കലാപം എന്ന തന്റെ പുസ്തകത്തിലും ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ മുസ്ലിം തീവ്രവാദികളുടെ കാടത്തം തുറന്നുകാട്ടുന്നുണ്ട്. പക്ഷെ ആ പശ്ചാത്തലത്തില്‍ രാമസിംഹന് ഇന്നൊരു സിനിമ എടുത്തപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും പിന്തുണ നല്‍കേണ്ടിയിരുന്ന പലരും അതുചെയ്യാതെ മാറിനില്‍ക്കുകയും ചെയ്യുമ്പോള്‍ ഈ കാലം അവരെയൊക്കെ എത്രമാത്രം ഭയപ്പെടുത്തുന്നു എന്ന് ചിന്തിക്കുക.
അന്ന് ഒരു ദേശത്തിന്റെ കഥയ്ക്കെതിരെ ആരും അസഹിഷ്ണുത കാട്ടിയില്ല. എഡിറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടില്ല. എന്നു മാത്രമല്ല ആ നോവലിന് ആ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയും ചെയ്തു. പിന്നീട് 1980 ല്‍ ആ നോവലിനെ മുന്‍നിര്‍ത്തിയാണ് എസ്.കെ.പൊറ്റെക്കാട്ടിനെ രാഷ്ട്രം ജ്ഞാനപീഠം നല്കി ആദരിച്ചത്. ഇന്ന് മലയാളത്തിന്റെ വിഖ്യാതനായ ആ സാഹിത്യകാരന്റെ നൂറ്റിപ്പത്താം ജന്മദിനമാണ്. ആ ദേശത്തിനൊപ്പം ഈ പുഴയ്ക്ക് ഒഴുകുവാന്‍ കഴിയുന്നില്ല എന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: