കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തവുമായി ബന്ധപ്പെട്ട് മേയറുടെ ഓഫീസിന് മുന്നില്‍ ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ഉപരോധം. കോര്പ്പറേഷന് കൗണ്‍സില്‍ ചേരാനായി എത്തിയ മേയറുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം.
ബ്രഹ്മപുരം പ്ലാന്റിലെ തീയും പുകയും ഇനിയും അണയ്ക്കാനാവാത്തതിനാല് ബിജെപിയും കോണ്‍ഗ്രസും കോര്പ്പറേഷന് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. കനത്ത പോലീസ് കാവലിലാണ് മേയര്‍ ഓഫീസിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് ചെറിയ സംഘര്‍ഷവും അരങ്ങേറി. പ്രതിഷേധക്കാര്‍ മേയറെ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഉപരോധിച്ചു.
അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ സിപിഎം പ്രവര്‍ത്തകര്‍ മേയര്‍ക്ക് പിന്തുണ നല്കി കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ നിലകൊണ്ടു. പ്രതിഷേധത്തിനിടെ കോര്പ്പറേഷന് ഓഫീസിന്റെ ഷട്ടര്‍ താഴ്ത്താന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇവരും പോലീസുമായി ഉന്തും തള്ളും നടന്നു. കൗണ്‍സിലര്‍മാര്‍ അല്ലാത്ത യുഡിഎഫ് പ്രവര്‍ത്തകരെ പോലീസ് ഓഫീസില്‍ നിന്ന് പുറത്താക്കി. അതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
വനിതാ കൗണ്‍സിലര്‍മാരേയും പോലീസ് മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുരുഷ പോലീസ് മര്‍ദിച്ചതായി കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ് ആരോപിച്ചു. യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ ഇല്ലാതെയാണ് തിങ്കളാഴ്ച കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: