തിരുവനന്തപുരം: കോടതി വിധിയിലൂടെ കൈവന്ന സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നു കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണ നീക്കത്തിനെതിരെ തിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ നടത്തിയ ഉപവാസ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹന സമരത്തിലൂടെ സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുവാന്‍ നമുക്ക് ബാദ്ധ്യതയുണ്ട്. വൈദേശിക അധിനിവേശത്തില്‍ നിന്നും മോചനം നേടുവാന്‍ കൈയ്യും മെയ്യും മറന്നു പോരാടിയ ധീര പിതാക്കന്മാരുടെ പ്രാര്‍ത്ഥന നമ്മോടൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 9.45 ന് പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥനയില്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ആമുഖ പ്രസംഗം നടത്തി. ഭരണഘടന അനുസരിച്ച് ഇടവകകള്‍ ഭരിക്കപ്പെടണം എന്ന കോടതി തീരുമാനം നിലനില്‍ക്കെ അത് അംഗീകരിക്കാത്തവര്‍ക്ക് ആരാധനാസ്വാതന്ത്ര്യം അനുവദിക്കുന്ന നടപടി അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
വൈദിക സംഘം പ്രസിഡന്റ് ഡോ. മാത്യുസ് മാര്‍ തിമോത്തിയോസ് സ്വാഗതം പറഞ്ഞു. പ്രതിഷേധം പ്രകടിപ്പിക്കുന്നതിന് പ്രകോപനപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ ഉപവാസ പ്രാര്‍ത്ഥന നടത്തുന്നത് സഭയുടെ ബലഹീനതയായി കാണരുതെന്ന് അദ്ദേഹം പ്രസ്താവിച്ചു. അസോസിയേഷന് സെക്രട്ടറിഅഡ്വ. ബിജു ഉമ്മന്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. പുതിയ വ്യവഹാര ചരിത്രത്തിനു തുടക്കം കുറിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രമേയം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. സമാന്തര ഭരണം അനുവദിക്കാന്‍ സാദ്ധ്യമല്ലായെന്ന കോടതി വിധിയാണ് നിയമനിര്‍മ്മാണത്തിലൂടെ മറികടക്കുവാന്‍ ശ്രമിക്കുന്നത്.
ഡോ. യുഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലിത്ത, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ മാത്യൂസ് മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത,ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത, വെരി റവ. തോമസ് പോള്‍ റമ്പാന്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വറുഗീസ് അമയില്‍ വൈദിക സംഘം സെക്രട്ടറി ഫാ. ഡോ. നൈനാന് വി. ജോര്‍ജ്ജ്, സഭാവക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, സണ്ടെസ്കൂള്‍ ഡയറക്ടര്‍ ഫാ. ഡോ. വറുഗീസ് വറുഗീസ്, ഫാ. വിജു ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു. കത്തീഡ്രല്‍ വികാരി ഫാ. മാത്യു നൈനാന് നന്ദി രേഖപ്പെടുത്തി. ഉപവാസ പ്രാര്‍ത്ഥന ഒരു മണിക്ക് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: