മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ കേരളം മുന്നിലാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിലും വില്‍പ്പനയിലും സിപിഎം പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെട്ടിരിക്കുന്നു. യുവജനകമ്മീഷന്‍ ചെയര്‍മാന്റെ ഡോക്ടറേറ്റ് തീസീസില്‍ ഗുരുതരമായ തെറ്റുകള്‍. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്. ബ്രഹ്മപുരം മാലിന്യത്തിന് തീപിടിച്ചു. കോണ്‍ഗ്രസില്‍ അഴിമതി.-വിഷപ്പുക നഗരങ്ങളില്‍. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെക്കുറിച്ച് ആരോപണങ്ങള്‍. പെട്രോള്‍, ഡീസല്‍ സെസ്സ് ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആളെ ഇ ഡി അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരനായ സി. എം. രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്തു. ഇ. പി. ജയരാജന്റെ റിസോര്‍ട്ട് വിവാദം. കേന്ദ്രഫണ്ടുകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കുന്നില്ല. റെഡ് ക്രസെന്റ് അഴിമതി-സ്വപ്‌ന സുരേഷിന്റെ ആരോപണം…
ഇതെല്ലാം പിണറായി സര്‍ക്കാറിന്റെ കാലത്തുണ്ടായ അഴിമതി സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന തലക്കെട്ടുകളാണ്. ലിസ്റ്റ് ഇനിയുമുണ്ട്.
കേരളം കടക്കെണിയിലാണ്. ഭരണം എല്ലാ രംഗത്തും പരാജയം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പ ളം ഗഡുക്കളായിട്ട് നല്‍കുകയാണ്. വൈദ്യുതിച്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നു. കേരളത്തില്‍ ഇസ്ലാമികഭീകരവാദം വര്‍ദ്ധിക്കുന്നു. അതിന് കുട പിടിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേത്. കേരളത്തില്‍നി ന്ന് യുവാക്കള്‍ ഐഎസ്‌ഐ.എസില്‍ ചേരാന്‍ പോകുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി സംവിധാനത്തില്‍ ജിഹാദി മുസ്ലീങ്ങള്‍ നുഴഞ്ഞുകയറുകയാണ്. പട്ടിക വര്‍ഗവിഭാഗത്തിന്‌പ്പെട്ട യുവാക്കള്‍ ഭക്ഷണം എടുത്തതിന്റെ പേരില്‍ കൊല്ലപ്പെടുന്നു. വിശപ്പടക്കാന്‍ കുട്ടികള്‍ മണ്ണ് തിന്നുന്നു. വാളയാറില്‍ പെണ്‍കുട്ടികള്‍ ലൈംഗികമായി ഉപയോഗിക്കപ്പെട്ടതിനുശേഷം കൊല്ലപ്പെടുന്നു. സിപിഎം നേതാക്കളുടെ ബന്ധുക്കളാണ് കുറ്റം ചെയ്തത് എന്നതിനാല്‍ കേസ് ദുര്‍ബലമാക്കുന്നു. മുഖ്യമന്ത്രിയുടെ കുടുംബം സര്‍ക്കാര്‍ ചെലവില്‍ വിദേശത്ത് ഷോപ്പിംഗ് നടത്തുന്നു. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാനായി കോടികള്‍ മുടക്കി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു. അതേസമയം സര്‍ക്കാര്‍ പൈസ കൊടുക്കാത്തതിനാല്‍ ജനകീയ ഹോട്ടലുകള്‍ പൂട്ടിപ്പോകുന്നു. പാര്‍ട്ടിയാണ് കൊലപാതകിക്ക് നിര്‍ദ്ദേശം നല്‍കിയത് എന്ന് സിപിഎം ഗുണ്ടാ നേതാവ് വെളിപ്പെടുത്തുന്നു…
ഇങ്ങനെ, സിപിഎമ്മിനെക്കുറിച്ചും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെക്കുറിച്ചും അഴിമതി ആരോപണങ്ങള്‍, ഭര ണപരാജയങ്ങള്‍, ധൂര്‍ത്തുകള്‍, സ്വജനപക്ഷപാതം എന്നിവയെല്ലാം ഉയരുന്ന സമയത്തും ജനകീയപ്രതിരോധയാത്ര നടത്തുകയാണ് സിപിഎം സെക്രട്ടറി ഗോവിന്ദന്‍ മാഷ്.
എന്തിനാണ് ജനകീയപ്രതിരോധം? കേന്ദ്രസര്‍ക്കാരിനെതിരെ, മതേതരത്വം സംരക്ഷിക്കാന്‍! വിശാലമായ ഇന്ത്യയുടെ തെക്കേയറ്റത്ത് മാത്രമായ, ഭാരതപാര്‍ലമെന്റില്‍ 3 അംഗങ്ങള്‍ മാത്രമുള്ള ഈര്‍ക്കിലിപാര്‍ട്ടി കേന്ദ്രത്തിനെതിരായ സമരമല്ല, പ്രതിരോധം തന്നെ നടത്തുക എന്നത് അത്യന്തം പരിഹാസ്യമാണ്. ആന നടന്നുപോകുമ്പോള്‍ നായ കുരയ്‌ക്കുന്നതുപോലെയുള്ളൂ അത്.
കേന്ദ്രത്തില്‍ ഭരിക്കുന്ന ബിജെപിയുടെ വര്‍ഗീതയ്‌ക്കെതിരായാണ് യാത്ര എന്നാണ് ഗോവിന്ദന്‍മാഷ് പറയുന്നത്. ബിജെപി ഭാരതത്തെ ഹിന്ദുരാഷ്‌ട്രമാക്കാന്‍ പോകുന്നുപോലും. ഏറ്റവും ചുരുങ്ങിയത് ബിജെപി അല്ലെങ്കില്‍ ആര്‍എസ്എസ് ഹിന്ദുരാഷ്‌ട്രത്തെക്കുറിച്ച് എന്ത് പറയുന്നുവെന്നതെങ്കിലും മനസിലാക്കണം. ‘ഭാരതം ഹിന്ദുരാഷ്‌ട്രമാണ്’ എന്ന അടിസ്ഥാനത്തില്‍ ബിജെപി അല്ലെങ്കില്‍ ആര്‍എസ്എസ് വിശ്വസിക്കുന്നു. ‘ഭാരതം ഇന്ന് ഹിന്ദുരാഷ്‌ട്രമാണ്, ഇന്നലെ ഹിന്ദുരാഷ്‌ട്രമായിരുന്നു നാളെയും ഹിന്ദുരാഷ്‌ട്രമായിരിക്കും’ എന്നാണ് ആര്‍എസ്എസ് പറയുന്നത്. അപ്പോള്‍ പിന്നെ ഇപ്പോഴെ നിലവിലുള്ള ഹിന്ദുരാഷ്‌ട്രത്തിനെ സൃഷ്ടിക്കേണ്ടതില്ലല്ലോ! ഹിന്ദുരാഷ്‌ട്രം ആര്‍എസ്എസിന്റെ ലക്ഷ്യമല്ല, ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്‌ട്രത്തിന്റെ പരമവൈഭവമാണ്. അത് ധര്‍മ്മത്തെ സംരക്ഷിച്ചുകൊണ്ട്, ധര്‍മ്മത്തിന് വിധേയമായി നേടേണ്ടതുമാണ്. ഇതുപോലും മനസ്സിലാക്കാതെ ആര്‍എസ്എസിനേയും ബിജെപിയെയും വര്‍ഗീയം എന്നാരോപിച്ച് നടത്തുന്ന യാത്ര ജനങ്ങളെ പറ്റിക്കാന്‍ മാത്രമേ ഉപയോഗപ്പെടൂ.
ചില ചോദ്യങ്ങള്‍ക്ക് ഗോവിന്ദന്‍ മാഷ് മറുപടി പറയണം
എന്തുകൊണ്ടാണ് സിപിഎം ജിഹാദി മുസ്ലീം സംഘടനകളുമായി സഹകരിക്കുന്നത്? എന്തുകൊണ്ടാണ് പിഎഫ്‌ഐ നടത്തിയ അക്രമത്തെ തുടര്‍ന്ന് അവരുടെ പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കോടതിവിധി നടപ്പിലാക്കുവാന്‍ വൈകിയത്. ഭാരതം ഹിന്ദുരാഷ്‌ട്രമാണെന്ന് ആര്‍എസ്എസ് വിശ്വസിക്കുന്നു. സിപിഎമ്മിന്റെ ഭാരതസങ്കല്പം എന്താണ്? ഭാരതം ഏകരാഷ്‌ട്രമാണോ അതോ പലതോ?
എന്തുകൊണ്ടാണ് ലോകത്തിലെല്ലായിടത്തും കമ്യൂണിസം പരാജയപ്പെട്ടത്? എന്തുകൊണ്ടാണ് ലോകത്തിലെല്ലായിടത്തും കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ ധൂര്‍ത്തിനും അഴിമതിക്കും മുന്‍പന്തിയിലായത്? എന്തുകൊണ്ടാണ് സിപിഎം മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാള്‍ ദരിദ്രമായത്? എന്തുകൊണ്ട് സിപിഎം ഉള്ളിടത്തെല്ലാം രാഷ്‌ട്രീയ അക്രമം നടക്കുന്നു?
അതുകൊണ്ട് ജനകീയ പ്രതിരോധയാത്രയല്ല ഗോവിന്ദന്‍ മാഷ് നടത്തേണ്ടത്, ജനങ്ങളോട് മാപ്പ് അപേക്ഷായാത്രയാണ്. നവോത്ഥാനകേരളത്തെ മനുഷ്യബലിയിലേയ്‌ക്കും ആഭിചാരക്രിയയിലേയ്‌ക്കും എത്തിച്ചതിന് ജനങ്ങളോട് മാപ്പപേക്ഷിക്കണം. കേരളത്തെ കടക്കെണിയിലാക്കിയതിന് മാപ്പപേക്ഷിക്കണം. കേരളത്തിലെ യുവതയെ മയക്കുമരുന്നിനടിമകളാക്കിയതിന് മാപ്പപേക്ഷിക്കണം. കേരളത്തില്‍ ജിഹാദി മുസ്ലീം സംഘടനകളെ വളര്‍ത്തിയതിന് മാപ്പപേക്ഷിക്കണം. കമ്യൂണിസ്റ്റ് ഭരണാധികാരികളുടെ ധൂര്‍ത്തിന് ജനങ്ങളോട് മാപ്പപേക്ഷിക്കണം. കേന്ദ്രാവിഷ്‌കൃതപദ്ധതികളെ പേരുമാറ്റി പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുന്നതിന് മാപ്പപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: