കരുനാഗപ്പള്ളി: അമൃത വികസിപ്പിച്ചെടുത്ത ഇ-മാപ്, ആയുര്‍സെല്‍ പോര്‍ട്ടലുകള്‍ ഉദ്ഘാടനം കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച ഉദ്ഘാടനം ചെയ്തു. ആയുര്‍വേദത്തിലെ വ്യത്യസ്തമായ ഗവേഷണ സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യമാര്‍ന്ന ഗവേഷണ സാധ്യതകളാണ് ആയുര്വേദത്തിലുള്ളതെന്നും ഇതിനെ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പ്രൊജക്ട് ഫണ്ട് ഉപയോഗപ്പെടുത്തി അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദ വികസിപ്പിച്ചെടുത്ത ഇ-മാപ്, ആയുര്‍സെല്‍ പോര്‍ട്ടലുകളുടെ ഉദ്ഘാടനം ‘അമൃതസമര്പ്പണം’ അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് മന്ത്രാലയത്തിന്റെ രാഷ്ട്രീയ ആയുര്‍വേദ വിദ്യാപീഠം ആയുര്‍വേദ ചികിത്സാ-ഗവേഷണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയുഷ്മന്ത്രാലയം ഉപദേഷ്ടാവ് കൗസ്തുഭ് ഉപാധ്യായ, എന്‍സിഐഎസ്എം ചെയര്മാന് വൈദ്യ ജയന്ത് ദേവ്പൂജാരി, ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ ഡയറക്ടര്‍ ഡോ. തനൂജ നെസാരി, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ പ്രൊഫസര്‍ ഡോ. കൃഷ് രാമചന്ദ്രന്, അമൃത വിശ്വ വിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ. വെങ്കട്ട് രംഗന്, പ്രൊവോസ്റ്റ് ഡോ. മനീഷ വി രമേഷ്, അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദ ഡീന്‍ സ്വാമി ശങ്കരാമൃതാനന്ദപുരി, അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍.വി രമേശ്, ഡോ.പ്രിയ നായര്‍, ഡോ. പ്രേമ നെടുങ്ങാടി, ഡോ.പി. രാം മനോഹര്‍, ഡോ. കെ. പരമേശ്വരന് നമ്പൂതിരി, ഡോ.എന്‍.എസ്.സുഷമ, ഡോ.യു.വിഷ്ണു, ഡോ.ഐ.വി. ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.
ആയുര്‍വേദത്തിലെ പഞ്ചകര്‍മ്മ ചികിത്സയെപ്പറ്റിയുള്ള ആധികാരികമായ വിവരങ്ങള്‍, ചികിത്സാരീതികളുടെ വീഡിയോ ഡെമോണ്‍സ്ട്രേഷനുകള്‍, അഷ്ടാംഗഹൃദയത്തിലെയടക്കം ശ്ലോകങ്ങളുടെ ഓഡിയോ ഫയലുകള്‍ എന്നിവ ഉള്‍പ്പെടുത്തി ലോകത്തെവിടെയുമുള്ള ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും റഫറന്‍സിനായി ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് ഇ-മാപ് പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്. അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദ, അമൃത സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, അമൃത ക്രിയേറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ഈ പോര്‍ട്ടലുകള്‍ വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: