അമിതാഭ് കാന്ത്
(ജി20 ഷെര്‍പ്പ & നീതി ആയോഗ് മുന്‍ സിഇഒ)
നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യ ഏറ്റെടുത്തിരിക്കുന്ന ജി20 അധ്യക്ഷ പദത്തിന് തീര്‍ച്ചയായും കാലികമായ പ്രസക്തിയുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അനുഭവിച്ച പോരുന്ന പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള കഠിന പരിശ്രമത്തിലാണ് ഇന്ന് ലോക രാജ്യങ്ങള്‍. കൊവിഡ്-19 മഹാമാരിയില്‍ തുടങ്ങി കാലാവസ്ഥാ പ്രതിസന്ധിയില്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധികളുടെ ആഘാതത്തില്‍ ലിംഗഭേദമുണ്ടെന്നും ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. വനിതകളുടെയും പെണ്‍കുട്ടികളുടെയും മേല്‍ അതികഠിനമായ ആഘാതമാണ് ഏല്പിക്കപ്പെട്ടിരിക്കുന്നത്. അവരുടെ സുരക്ഷയെയും ഉപജീവനത്തെയും ആരോഗ്യത്തെയും പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നു. ജി20 അധ്യക്ഷപദമേറ്റെടുത്തിരിക്കുന്ന ഇന്ത്യ, സ്ത്രീ പങ്കാളിത്തത്തിലും ലിംഗസമത്വത്തിലും വളരെയധികം ശ്രദ്ധ ചെലുത്തുന്നു. വനിതകളുടെ സാമ്പത്തിക ശാക്തീകരണം, സംരംഭകത്വം, തൊഴില്‍ പങ്കാളിത്തം തുടങ്ങിയ നിര്‍ണായക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിന്റെ അനിവാര്യത തുടങ്ങിയവ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എടുത്തുപറയുകയുണ്ടായി.
ആഭ്യന്തരമായി നോക്കിയാല്‍, ജീവിതത്തിന്റെ സമസ്ത ഘട്ടങ്ങളിലും അവരുടെ സമഗ്ര വികസനത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയോടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ വികസന അജണ്ടയുടെ ഹൃദയഭാഗത്ത് സ്ത്രീ ശാക്തീകരണത്തെ പ്രതിഷ്ഠിക്കാന്‍ ബോധപൂര്‍വമായ തീരുമാനമെടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി 2014 ന് ശേഷം സ്ത്രീ-പുരുഷ അനുപാതത്തില്‍ 16 പോയിന്റ് വര്‍ദ്ധനയ്ക്ക് കാരണമായി. ചെറുകിടസംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്ന മുദ്ര പദ്ധതിക്ക് 70% ത്തില്‍ കൂടുതല്‍ സ്ത്രീ ഗുണഭോക്താക്കളുണ്ട്. സംയോജിത പോഷകാഹാര പദ്ധതിയായ പോഷണ്‍ ദൗത്യം 2.0 മുഖേന 1.2 കോടിയില്‍ അധികം ഗര്‍ഭവതികളായ സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സേവനം ഉറപ്പാക്കാനായി. തൊഴിലെടുക്കുന്ന വനിതകള്‍ക്കായി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നതും, സ്ത്രീകളെ ലക്ഷ്യമിട്ടുള്ള വിവിധ നൈപുണ്യ-വികസന പദ്ധതികളും, ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സംരംഭങ്ങളും വ്യക്തമാക്കുന്നത് സുരക്ഷ, സുവിധ (സൗകര്യം), സ്വാഭിമാന്‍ (സ്വാതന്ത്ര്യം) എന്നിവയിലൂന്നി സ്ത്രീകളെ സുരക്ഷിതമാക്കുന്നതില്‍ ഇന്ത്യയുടെ സമഗ്ര ശ്രദ്ധ പതിഞ്ഞിട്ടുണ്ടെന്നാണ്.
നമ്മുടെ സമൂഹത്തിന്റെ സാംസ്ക്കാരിക ധാര്‍മ്മികതയ്ക്ക് അനുസൃതമായി, അര്‍ത്ഥവത്തായ സാമൂഹിക പരിവര്‍ത്തനത്തെ അനുപേക്ഷണീയമായി സ്വാധീനിക്കുന്നതില്‍ ‘നാരി ശക്തി’ക്കുള്ള പ്രാധാന്യത്തെ സര്‍ക്കാര്‍ അംഗീകരിക്കുന്നു. ലളിതമായി പറഞ്ഞാല്‍, വികസനത്തിന്റെ ഗുണഭോക്താക്കള്‍ എന്ന നിലയിലല്ല, വളര്‍ച്ചയുടെ ചാലക ശക്തിയെന്ന നിലയിലും പരിവര്‍ത്തനത്തിന്റെ പതാകവാഹകര്‍ എന്ന നിലയിലുമുള്ള സ്ത്രീകളുടെ പങ്കിലാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2023-ല്‍ ജി20 യുടെ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഇന്ത്യ ഏറ്റെടുത്തതോടെ, ഇതിനോടകം ആരംഭിച്ച പദ്ധതികളുടെ ഗതിവേഗം കൂട്ടാനും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ അജണ്ട കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുമുള്ള അവസരമാണ് സമാഗതമായിരിക്കുന്നത്. ലിംഗഭേദം എന്നത് എല്ലാ വികസന സാധ്യതകളെയും ഒരേ പോലെ ബാധിക്കുന്ന പ്രമേയമായതിനാല്‍, ജി20 അജണ്ടയിലും അതിന്റെ കര്‍മ്മസമിതികളിലും ലിംഗസമത്വത്തിന് പുതിയ ഊന്നല്‍ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇനിപ്പറയുന്ന മേഖലകളില്‍ മൂര്‍ത്തമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു: ഒന്നാമതായി, സ്ത്രീകളുടെ ഡിജിറ്റല്‍, സാമ്പത്തിക ശാക്തീകരണത്തിനുള്ള ഉറച്ച പിന്തുണ വ്യക്തമാക്കുന്നു. ആഗോളതലത്തില്‍, സ്ത്രീകളിലെയും പെണ്‍കുട്ടികളിലെയും പകുതിയോളം (42%) പേര് ഔപചാരിക സാമ്പത്തിക വ്യവസ്ഥയ്ക്ക് പുറത്താണ്. സാമ്പത്തിക ശാക്തീകരണ സൂചികകളില്‍ പുരോഗതിയുണ്ടായിട്ടും ലിംഗ ഭേദത്തിന് ശമനമുണ്ടായിട്ടില്ല. 7% വിടവ് ഇന്നും നിലനില്ക്കുന്നു. നവീനമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ക്ക്, വിവരവിനിമയത്തിനും ആശയവിനിമയത്തിനും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ത്വരിതപ്പെടുത്താനുമുള്ള കഴിവുണ്ട്. എന്നിരിക്കിലും, ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കുള്ള പ്രവേശനത്തിലും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലും ലിംഗ വ്യത്യാസം നിലനില്ക്കുന്നു. ജന്‍ ധന്-ആധാര്‍-മൊബൈല്‍ ത്രിത്വം മുഖേന സ്ത്രീകളിലെ ഡിജിറ്റല്‍ സാമ്പത്തിക ശാക്തീകരണത്തിന് ഇന്ത്യ മുന്‍ഗണന നല്കി വരുന്നു. പ്രധാന സാമൂഹിക സംരക്ഷണ പദ്ധതികള്‍ സ്ത്രീകളില്‍ നേരിട്ട് എത്തിക്കാനും ശക്തിപ്പെടുത്താനും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും ഇത് വഴിവച്ചു. ജി20 യെ വേദിയാക്കി, സ്ത്രീകളുടെ ഡിജിറ്റല്‍, സാമ്പത്തിക ശാക്തീകരണം ശക്തിപ്പെടുത്തുന്നതിനുള്ള മൂര്‍ത്തമായ സമാനമാര്‍ഗ്ഗങ്ങള്‍ നാം തേടണം.
രണ്ടാമതായി, വികസനത്തില്‍ സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കാന്‍ അവരുടെ തെഴില്നൈപുണ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. സ്ത്രീശാക്തീകരണം സുഗമമാക്കുന്നതിനും സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും അവരുടെ പങ്കാളിത്തത്തിലെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും ഇത് പ്രധാനമാണ്. ഉദാഹരണമായി, വിദ്യാഭ്യാസം ശാക്തീകരണത്തിന്റെ ആണിക്കല്ലായി അംഗീകരിക്കപ്പെട്ട ഈ കാലഘട്ടത്തിലും-ആഗോളതലത്തില്‍ നോക്കുമ്പോള്‍, പ്രൈമറി വിദ്യാഭ്യാസത്തില്‍ 49%, ലോവര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ 42%, അപ്പര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ 24% എന്നിങ്ങനെയാണ് പെണ്‍കുട്ടികളുടെ അനുപാതം. ഏകദേശം 110 കോടി വനിതകളും പെണ്‍കുട്ടികളും ഔപചാരിക സാമ്പത്തിക വ്യവസ്ഥയ്ക്ക് പുറത്താണ്. അവരില്‍ പലര്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലേക്ക് പരിമിതമായ പ്രവേശനം മാത്രമാണുള്ളത്. അതുപോലെ, ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ ഇന്നും ഉയര്‍ന്ന ശമ്പളം ലഭിക്കാത്ത പരിചരണ ജോലികള്‍ ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, ജീവിതത്തിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ ദീര്‍ഘകാലമായി നേരിടുന്ന ഘടനാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജി20 യോജിച്ച് പ്രവര്‍ത്തിക്കുകയും സമവായ ശ്രമങ്ങള്‍ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
മൂന്നാമതായി, തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ സ്ത്രീകളുടെ നേതൃത്വം ഉറപ്പാക്കുകയെന്നതാണ്. ഇന്ന്, ഭരണനിര്‍വ്വഹണ സ്ഥാപനങ്ങളില്‍ 1.90 കോടിയില്‍ അധികം സ്ത്രീകളും, പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 17,000-ത്തിലധികം വനിതാ പ്രതിനിധികളും, പ്രതിരോധ സേനയിലെ 10,000-ത്തിലധികം സ്ത്രീകളും രാജ്യത്തെ സേവിക്കുന്നു. സ്ത്രീകളുടെ തനതായ കാഴ്ചപ്പാടുകളും അനുഭവങ്ങളും നേതൃത്വ ശൈലികളും പ്രയോജനപ്പെടുത്തുകയെന്നത് നിര്‍ണായകമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഫലപ്രദവുമായ തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് ഇത് നയിക്കും. വിവിധ സംരംഭങ്ങളിലൂടെ ഇതിനോടകം സാക്ഷാത്കരിച്ച ഫലങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുകയെന്നതാണ് അവസാനത്തെ ഘടകം. ലിംഗ-വിഭജിത ഡാറ്റാ വിശകലനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയെന്നതാണ് ഇക്കാര്യത്തില്‍ നിര്‍ണായകം. മുന്നോട്ടുവച്ച ലക്ഷ്യങ്ങളും ലിംഗസമത്വത്തിലേക്കുള്ള പുരോഗതിയും നിരീക്ഷിക്കുന്നതിനായി ലിംഗ-വിഭജിത ഡാറ്റയുടെ ശേഖരണവും പങ്കിടലും സഹായകമാകും.
ലോകം അഭിമുഖീകരിച്ച പ്രതിസന്ധികള്‍, പൊതുവായ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിന്ന് നമ്മെ പിന്നോട്ടടിച്ചു. അടുത്ത ഘട്ട വികസനത്തിനുള്ള അജണ്ട നിശ്ചയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയിലൂടെ കൈവന്നിരിക്കുന്നത്. ഒരു നല്ല നാളെയ്ക്കായുള്ള നമ്മുടെ പരിശ്രമങ്ങളുടെ ഹൃദയഭാഗത്ത് സ്ത്രീകളെ പ്രതിഷ്ഠിക്കാനും അവസരമൊരുങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: