കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജിലെ കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ എസ്എഫ്ഐ സ്ഥാപിച്ച ബോര്‍ഡ് വിവാദത്തില്‍. കുരിശില്‍ തറച്ച പെണ്‍കുട്ടിയുടെ ചിത്രവും അതിനോടൊപ്പമുള്ള കുറിപ്പുകളുമാണ് വിവാദമായത്. ‘കേട്ടിട്ടുണ്ടോ അടയാള പ്രേതങ്ങളെക്കുറിച്ച്, തൂങ്ങുന്ന മുലകളുള്ള പെണ്‍കുരിശിനെക്കുറിച്ച്, കോലമില്ലാത്ത കുമ്പസാരങ്ങളെക്കുറിച്ച്’ എന്നു തുടങ്ങുന്ന പരാമര്‍ശങ്ങളും ചിത്രവുമാണ് പ്രതിഷേധത്തിനിടയാക്കിയത്. ക്രൈസ്തവ സംഘടനകള്‍ ഇതിനെതിരേ പ്രതിഷേധിക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ എസ്എഫ്ഐ നേതൃത്വം പ്രതിരോധത്തിലായി.
ക്രൈസ്തവ സമൂഹം രക്ഷാ പ്രതീകമായി കാണുന്ന കുരിശിനെയും കുമ്പസാരത്തെയും അപമാനിക്കുന്നതാണ് എസ്എഫ്ഐ സ്ഥാപിച്ച ബോര്‍ഡ് എന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. ക്രൈസ്തവ സമുദായത്തെയും മത വികാരത്തെയും വ്രണപ്പെടുത്തുന്നതാണ് ബോര്‍ഡെന്നും കെസിവൈഎം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചു. കലോത്സവ വേദികളില്‍ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നത് പ്രതിഷേധിക്കപ്പെടേണ്ടതാണെന്നും വിശ്വാസികളെ അവഹേളിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും താമരശ്ശേരി രൂപത ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമാകുകയും വിവാദമാവുകയും ചെയ്തതോടെ എസ്എഫ്ഐ നേതൃത്വം ബോര്‍ഡ് മാറ്റിയിരുന്നു. നേരത്തേ കണ്ണൂരില്‍ ബാലസംഘ ഘോഷ യാത്രയില്‍ കുരിശില്‍ തറച്ച ശ്രീനാരായണ ഗുരുവിന്റെ പ്ലോട്ട് അവതരിപ്പിച്ചതുള്‍പ്പെടെ സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും വിവിധ പരിപാടികളില്‍ സാമൂഹ്യ, സാംസ്കാരിക, ആത്മീയ നേതാക്കളെ അപമാനിച്ചതും മത വികാരം വ്രണപ്പെടുത്തിയതുമായ അനേകം സംഭവങ്ങളുണ്ടായിട്ടുണ്ട്.
സ്ത്രീ സമത്വവും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും സൂചിപ്പിക്കാനാണ് അത്തരത്തിലൊരു ചിത്രം വരച്ചതെന്നും മതത്തെയോ സമുദായത്തെയോ വേദനിപ്പിക്കാനല്ലെന്നുമാണ് എസ്എഫ്ഐയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: