തിരുവനന്തപുരം/കല്ലമ്പലം: ദേശീയപാതയില്‍ ആഴാംകോണം ജംഗ്ഷനിലെ ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ത്ഥിനി മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ആറ്റിങ്ങല്‍ കിഴുവിലം മാമം ശ്രീസരസില്‍ റിട്ട. ലേബര്‍ ഓഫീസര്‍ വിജയകുമാര്‍(മധു) മഞ്ജു ദമ്പതിമാരുടെ മകള്‍ ശ്രേഷ്ഠ.എം.വിജയ് (22) ആണ് മരിച്ചത്. കല്ലമ്പലം കെടിസിടി എംഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നു അപകടം. കെടിസിടി ആര്‍ട്സ് കോളേജില്‍ ക്ലാസ് കഴിഞ്ഞെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ സ്വകാര്യബസില്‍ കയറുന്നതിനിടെ അമിത വേഗതത്തിലെത്തിയ കാര്‍ പാഞ്ഞു കയറുകയായിരുന്നു.
രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ചാത്തന്‍പാറ കല്ലമ്പള്ളി വീട്ടില്‍ സഫിന്‍ഷാ (21), കോരാണി ഇടയ്ക്കോട് ആസിയ മന്‍സിലില്‍ ആസിയ (21) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രേഷ്ഠയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാളെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തേജസ് എം. വിജയ് സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: