ന്യൂദല്‍ഹി: സ്ലംഡോഗ് മില്ല്യണയറിന് ശേഷം എസ്.എസ്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ മറ്റൊരു ഓസ്കാറിന് വഴിയൊരുക്കുമോ? മാര്‍ച്ച് 12ന് 95ാമത് ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പ് ഇന്ത്യക്കാരുടെ നെഞ്ചിടിപ്പ് ഏറുകയാണ്. 2009ല്‍ എ.ആര്. റഹ്മാനും ഗാനരചയിതാവ് ഗുല്‍സാറും മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്കാര്‍ സ്ലം ഡോഗ് മില്ല്യണയറിന് വേണ്ടി ഏറ്റുവാങ്ങിയിരുന്നു. ഇക്കുറി സംഗീത സംവിധായകന് കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ഈ അവാര്‍ഡ് ഒരിയ്ക്കല്‍ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരുമോ? രാജമൗലിയുടെ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനല്‍ ഗാനം എന്ന വിഭാഗത്തില്‍ മാത്രമാണ് ഓസ്കാര്‍ നോമിനേഷന് നേടിയത്.
ഓസ്കാര്‍ അവാര്‍ഡ് നിശ ഊര്‍ജ്ജസ്വലമാക്കാന്‍ ഇക്കുറി രണ്ടര മിനിറ്റ് നേരം ‘നാട്ടു നാട്ടു’ എന്ന ഗാനം ലോസാഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍ അവതരിപ്പിക്കപ്പെടും. പക്ഷെ ഇതിന് ജൂനിയര്‍ എന്‍ടിആറോ രാംചരണോ അല്ല നൃത്തം ചെയ്യുക. പകരം രണ്ട് അമേരിക്കന്‍ നര്‍ത്തകരാണ്. പക്ഷെ ഈ ഗാനം പാടുക സിനിമയ്ക്ക് വേണ്ടി ഈ ഗാനം പാടിയ രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവയും തന്നെയായിരിക്കും. ഓസ്കാര്‍ വേദിയിലെ അവതരണത്തിന് വേണ്ടി മാത്രമായി നാട്ടു നാട്ടു അതിന്റെ സംഗീത സംവിധായകന് കീരവാണി തന്നെ സംഗീത സംവിധായകന് റിക്കി മൈനറുമായി ചേര്‍ന്ന് ചിട്ടപ്പെടുത്തും.
അതിനിടെ ഓസ്കാര്‍ അവാര്‍ഡ് സാധ്യത വര്‍ധിപ്പിച്ച് ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം ആഗോള തലത്തില്‍ ജനപ്രിയമാവുകയാണ്. കഴിഞ്ഞ ദിവസം നാട്ടു നാട്ടു എന്ന ഗാനത്തിനൊപ്പം ദക്ഷിണകൊറിയയിലെ എംബസി ഉദ്യോഗസ്ഥര്‍ ചുവടുവെച്ചിരുന്നു. ഈ ഗാനം ദക്ഷിണകൊറിയില്‍ മാത്രമല്ല, ലോകത്ത് പലയിടങ്ങളിലും വൈറലാണ്. പലരും ഇതില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും നടത്തിയ ഹുക്ക് ഡാന്‍സ് അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം സുപ്രസിദ്ധ കൊറിയന്‍ ബാന്റായ ബിടിഎസിന്റെ ഗായകന് യുങ് കുക്ക് നാട്ടു നാട്ടു എന്ന ഗാനത്തിനൊത്ത് തലയാട്ടുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ഇന്ത്യയില്‍ ഉള്‍പ്പെടെ വന്‍ തരംഗമാണുണ്ടാക്കിയത്.
ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നാട്ടു നാട്ടു നേടിക്കഴിഞ്ഞു. മാര്‍ച്ച് 12ന് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് സംഘടിപ്പിക്കുന്ന ഓസ്കാര്‍ അവാര്‍ഡ് നിശയില്‍ ഇക്കുറി ഓസ്കാര്‍ അവാര്‍ഡ് നിശയ്ക്ക് ആങ്കറായി എത്തുന്ന ഇന്ത്യന്‍ നടി ദീപിക പദുകോണ്‍ തന്നെ ആ പ്രഖ്യാപനം നടത്തുമോ?? മികച്ച ഒറിജിനല്‍ ഗാനം- ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’. അതിനായി കാത്തിരിക്കുകയാണ് ഇന്ത്യക്കാര്‍. ഓസ്കാര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും സംവിധായകന് രാജമൗലിയും തിങ്കളാഴ്ച ലോസേഞ്ചലസിലേക്ക് പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: