കലാ സാംസ്കാരിക രംഗത്ത് ഓണാട്ടുകരയുടെ പേരും പ്രശസ്തിയും മലയാളക്കരയും സഹ്യന് അപ്പുറത്തേക്കും തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത നിരവധി കാലാകരന്മാരുണ്ട്. ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നവരും മലയാളികളുടെ മനസില്‍നിന്ന് ബോധപൂര്‍വ്വമോ അല്ലാതയോ മാഞ്ഞുപോയവരുമുണ്ട്. അതില്‍ നമ്മള് മറന്നുപോയ അല്ലങ്കില്‍ മറന്നതായി ഭാവിച്ച ഒരു അതുല്യ പ്രതിഭയുണ്ട്. പുല്ലാങ്കുഴലില്‍ നാദവിസ്മയം തീര്‍ത്ത പള്ളിപ്പാട് മുട്ടം മഠത്തില്‍ വടക്കതില്‍ മാധവപ്പണിക്കര്‍.
1903 സപ്തംബര്‍ മൂന്നിന് ഭഗവതീശ്വരയ്യരുടേയും നാരായണിയമ്മയുടേയും മൂന്നു മക്കളില്‍ മൂന്നാമനായി മാവേലിക്കര നെടിയെത്തുവീട്ടിലായിരുന്നു അദ്ദേഹം ജനിച്ചത്. സംഗീതകുടുംബത്തില്‍ ജനിച്ച പണിക്കര്‍ക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചത് സ്വന്തം അമ്മാവന് തന്നെയായിരുന്നു. എട്ടാംവയസില്‍ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തന്റെ അരങ്ങേറ്റം നടത്തി. പിന്നീട് ചെറു പ്രായത്തില്‍തന്നെ സംഗീതത്തില്‍ ഉന്നതവിദ്വാന്മാരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവര്‍ക്കൊപ്പം സംഗീത സദസ്സുകളില്‍ പങ്കാളിയാകുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
നാദസ്വരത്തില്‍ രാജരത്നംപിള്ള, പുല്ലാങ്കുഴലില്‍ ടി.ആര്. മഹാലിഗം, തിരുവിഴ രാഘവപണിക്കര്‍, അമ്പലപ്പുഴ സഹോദരര്‍, ഹാര്‍മോണിയം ചക്രവര്‍ത്തി കൊട്ടാരം ശങ്കുണ്ണിനായര്, മലബാര്‍ ഗോപാലപിള്ള എന്നിവരുമായിട്ടുള്ള സഹവര്‍ത്തിത്വവും മാവേലിക്കര പ്രഭാകരവര്‍മ്മ, മാവേലിക്കര ശങ്കരന്‍കുട്ടിനായര്‍, മാവേലിക്കര വേലുക്കുട്ടി തുടങ്ങിയവര്‍ ശിഷ്യഗണത്തിലുമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പി.കെ.നാരായണപിള്ളയുടെ ഭാര്യ തങ്കത്തെ സംഗീതം പഠിപ്പിച്ചതും മാധവപ്പണിക്കരായിരുന്നു. വിദ്യാഭ്യാസവകുപ്പില്‍ ക്ലാര്‍ക്കായി ജോലിയില്‍ തുടരുമ്പോഴും തന്റെ കലാ സപര്യയ്ക്ക് ഒട്ടും കോട്ടം തട്ടാതെയാണ് അദ്ദേഹം ജീവിച്ചത്. ചിത്തിരതിരുനാള്‍ മാഹാരാജാവിന്റെ കിരീടധാരണവേളയില്‍ പുല്ലാങ്കുഴല്‍ കച്ചേരിനടത്തി മാഹാരാജിവിന്റെ പ്രശംസപിടിച്ചുപറ്റുകയും പട്ടുംവളയും നല്കി ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ വിജെടി ഹാളില്‍ നടത്തിയ കച്ചേരി കേട്ട് ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പാള്‍ രംഗസ്വാമി അയ്യര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനുശേഷം ഇതേവേദിയില്‍വെച്ച് കച്ചേരി ശ്രവിച്ച പാലക്കാട് മണിഅയ്യരുടെ ഗുരു ശുപ്പയ്യ പറഞ്ഞത് ”എത്ര ഗംഭീരം, പണിക്കര്‍ അനുഗ്രഹീതന്‍ തന്നെ” എന്നാണ്.
മള്ളൂര്‍ ഗോവിന്ദപിള്ള മാധവപണിക്കരുടെ കടുത്ത ആരാധകരില്‍ ഒരാളായിരുന്നു. വളരെ പ്രയാസമുള്ള താളക്രമത്തില്‍ ഭൈരവി അടതാളം വര്‍ണ്ണത്തില്‍ നിരവല്‍ വായിക്കുന്ന അപൂര്‍വ്വം സംഗീതജ്ഞരില്‍ പ്രമുഖനായിരുന്നു മാധവപണിക്കര്‍. അദ്ദേഹത്തിന്റെ ഭാര്യജാനകിയമ്മയും സംഗീതത്തില്‍ പണ്ഡ്യത്യമുള്ള ആളായിരുന്നു. കൃഷ്ണന്കുട്ടിനായര് സരസ്വതിയമ്മ, പങ്കജാക്ഷിയമ്മ, ശങ്കരനാരായണപിള്ള, ഗോപാലകൃഷ്ണപിള്ള, മീനാക്ഷിയമ്മ,പൊന്നമ്മ, രാധാകൃഷ്ണന്‍നായര്‍, പ്രസന്നകുമാരി എന്നിങ്ങനെ ഒന്പതുമക്കളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അതില്‍ കൃഷ്ണന്കുട്ടിനായര് സരസ്വതിയമ്മ, പങ്കജാക്ഷിയമ്മ, ശങ്കരനാരായണപിള്ള, ഗോപാലകൃഷ്ണപിള്ള എന്നിവര്‍ മരണപ്പെട്ടു.
മാധവപ്പണിക്കരുടെ പുല്ലാങ്കുഴല്‍ വാദനം കേട്ട് അകവൂര്‍മനയിലെ തമ്പുരാക്കന്മാര് നിരവധി വസ്തുവകകള്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയിട്ടുണ്ട്. 1996 നവംബര്‍16ന് മുട്ടത്തുള്ള മഠത്തില്‍ വടക്കതില്‍ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: