സംന്യാസം ഒരു ജീവിതഘട്ടത്തിലെ ചര്യകളില്‍ ഉണ്ടാക്കുന്ന പ്രത്യേക രീതികൂടിയാണ്. അത് കാട്ടില്‍പോയി തപസ്സുചെയ്യുന്നതോ വീടും നാടും ഉപേക്ഷിച്ച് പോയി മൗനം പാലിച്ച് ഏകാന്തവാസം നയിക്കുന്നതോ ആയ സമ്പ്രദായമല്ല. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നാണ് ക്രമം. ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നപോലെ ആരുടെയും ജീവിതത്തില്‍ അനിവാര്യമായി സംഭവിക്കുന്നതാണതും; സംഭവിക്കേണ്ടതാണ്, ജാഗ്രതയും സ്വപ്നവും സുഷുപ്തിയും പോലെ.
നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും സാമാന്യരീതിപ്രകാരം ബാല്യം വാര്‍ധക്യമാകും. വൃദ്ധി, വളര്‍ച്ച എന്നത് ജീവനുള്ളവയുടെ ശീലമാണ്. അങ്ങനെ വൃദ്ധിയുടെ അടുത്ത ഘട്ടത്തില്‍ ക്ഷയം സംഭവിക്കുകയാണല്ലോ. എന്നാല്‍, ബാല്യകൗമാരവാര്‍ദ്ധക്യങ്ങളിലെ ക്രമം പോലെ സ്വാഭാവികമായി സംഭവിക്കുന്നില്ല, ബ്രഹ്മചര്യത്തില്‍ നിന്ന് സംന്യാസത്തിലേക്കുള്ള വളര്‍ച്ച. അതിന് സാധനയും വേണം. സുഷുപ്തിയാണ് പൊതുവേ ജീവികളുടെ ശീലം. അതിനെ ജാഗ്രത്താക്കി വെക്കുമ്പോഴാണ് നമ്മുടെ ജീവിതത്തില്‍ കര്‍മങ്ങള്‍ സംഭവിക്കുന്നത്. സ്വപ്നം അതിനിടയ്ക്കുള്ള സങ്കല്പ്പ ഘട്ടമാണ്; സങ്കല്പ്പങ്ങളുടെയും ആഗ്രഹത്തിന്റെയും ഫലമാണ്.
ഇങ്ങനെയുള്ള വളര്‍ച്ചയുടെ ഘട്ടത്തിലെ ബ്രഹ്മചര്യത്തെ മാത്രമല്ല, ഗാര്‍ഹസ്ഥ്യത്തെയും സംന്യാസത്തെയും വാനപ്രസ്ഥത്തേയും നാം തെറ്റായി വ്യാഖ്യാനിച്ചവരില്‍നിന്ന് ധരിച്ചു. അതുകൊണ്ട് ‘ബ്രഹ്മചാരി’യായിരിക്കുക എന്നാല്‍ ‘കല്യാണം കഴിക്കാതെ കഴിയുക’ എന്ന് തെറ്റായി മനസ്സിലാക്കി. ‘ഗാര്‍ഹസ്ഥ്യം’ ഭാര്യയുമൊത്തുള്ള ജീവിതമെന്നും ‘വാനപ്രസ്ഥം’ ഉത്തരവാദിത്വമില്ലാതെ ചുറ്റിക്കറങ്ങല്‍ എന്നും ‘സംന്യാസം’ ജീവിതത്തില്‍നിന്നുള്ള ഒളിച്ചോട്ടത്തിനുള്ള വഴിയെന്നും അബദ്ധധാരണയില്‍ പെട്ടു. വാസ്തവത്തില്‍ ബ്രഹ്മചര്യം ജീവിതത്തിലെ ‘അധ്യയന പര്‍വ്വ’മാണ്. ഗാര്‍ഹസ്ഥ്യം ‘അധികാര പര്‍വ്വ’വും വാനപ്രസ്ഥം ‘അനുഭവ പര്‍വ്വ’വും സംന്യാസം ‘ആത്മീയ പര്വ’വുമാണ്. ഈ വളര്‍ച്ചാക്രമത്തിന് പക്ഷേ, അഭ്യാസം കൂടിയേ തീരൂ.
അറിവു നേടേണ്ടകാലത്ത് അതാവണം, അതു മാത്രമാവണം ലക്ഷ്യം. അതിലേക്ക് ഗാര്‍ഹസ്ഥ്യം വരരുത്. ഗാര്‍ഹസ്ഥ്യ കാലത്ത് സംന്യാസം കടന്നുവരുന്നതും പ്രശ്നമാണ്. അതതിന്റെ ക്രമം പാലിക്കുന്നതാണല്ലോ സംവിധാനത്തിലെ സദാചാരം. ഇതിലെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്ന, സംഭവിപ്പിച്ചുകൊണ്ടിരിക്കുന്ന ക്രമത്തെറ്റുകളാണ് പല വ്യക്തിജീവിതത്തിലും അതുവഴി സമൂഹത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന അസ്വസ്ഥതകളുടെ ഹേതു.
ഏതു മനുഷ്യര്‍ക്കും പുരുഷായുസ്സ് 120 വര്‍ഷമാണെന്ന് കണക്കാക്കിയിരിക്കെ, ആദ്യപകുതി അടുക്കുന്നതിന്റെ തുടക്കത്തില്‍ ജീവിതത്തെക്കുറിച്ചുള്ള ചിന്ത തുടങ്ങും. 60 ആകുന്നു, ഇതുവരെ എന്തായി, എന്തുനേടി, ഇതായിരുന്നോ ലക്ഷ്യം, ഇത്രയും മതിയായിരുന്നോ, ഇനി എന്ത് എങ്ങനെ ചെയ്യും എന്നെല്ലാം ചിന്തവരും. വൈകിയിട്ടില്ലെന്ന തോന്നലില്‍ ചിലര്‍ നീങ്ങും. അവര്‍ക്ക് പിന്നെയും ശേഷിക്കുന്നതിന്റെ പകുതി കഴിയാന്‍ തുടങ്ങുമ്പോള്‍ കൂടുതല്‍ ആത്മപരിശോധന വരും. അത് ചിലര്‍ക്ക് വിഭ്രാന്തിയാകും, മുഴുവന്‍ തീരാറായിയെന്ന് തോന്നിപ്പോയാല്‍. പ്രായം ഓരോ ഘട്ടം കടക്കുമ്പോഴുണ്ടാകുന്ന ഈ വിഹ്വലതകളാണ് ചിലരുടെ പ്രവൃത്തികളിലെ അപക്രമങ്ങളായി പ്രകടമാകുന്നത്. ബാല്യം കളഞ്ഞുകുളിച്ചവര്‍ക്ക് നഷ്ടപ്പെട്ടുപോകുന്നത് ധാര്‍മികതയുടെ സദാചാരമാണ്. അവര്‍ക്ക് തുടര്‍ഘട്ടങ്ങളിലെല്ലാം അപചയങ്ങളും അപകടങ്ങളുമുണ്ടാക്കുന്ന ശീലമായിരിക്കും. അവര്‍ക്കാണ് നിരാശയേറിക്കാണുന്നത്.
ഒരു ഘട്ടം കഴിയുമ്പോള്‍ പലര്‍ക്കും ജീവിതത്തിന്റെ ഗതിവേഗം മാറും, സമീപനം മാറും, കാഴ്ചപ്പാട് മാറും. ഇത് ഒട്ടുമിക്കപേരുടെ കാര്യത്തിലും ശരിയാണ്. ഈ സ്ഥിതി വിശേഷത്തിലാണ് ‘ഞാന്‍ മാറി’, ‘ഞാന്‍ പഴയ ഞാനല്ല’ എന്നും ‘എന്നിലെ എന്നെ ഞാന്‍തന്നെ കൊന്നു’ എന്നെല്ലാമുള്ള പറച്ചിലുണ്ടാകുന്നത്.
അത് കൂടിയേ തീരൂ. കാട്ടാളനായിരുന്ന വാല്മീകി, മഹാമുനിയും കവിയുമായെന്നാണല്ലോ പറച്ചില്. കാളിദാസന് മഹാ മൂഢനായിരുന്നെന്നും കാളിയുടെ അനുഗ്രഹത്താല്‍ കവിയായെന്നുമാണല്ലോ കേള്‍വി. ഇങ്ങനെ മാറ്റം പലര്‍ക്കുമുണ്ടായിട്ടുണ്ട്, അത് ഒറ്റരാത്രികൊണ്ടായിരിക്കില്ല എന്നുമാത്രം. അതായത് വളര്‍ച്ചയുടെ അല്ലെങ്കില്‍ മാറ്റത്തിന്റെ ഒരു ഘട്ടം അവരില്‍ കഴിയുന്നുവെന്നാണര്‍ത്ഥം.
ചിലരുണ്ട്, ജീവിക്കാനുള്ള യാത്രയില്‍ വഴികള്‍ പലതു താണ്ടി പല നാടുകള്‍ ചുറ്റിത്തിരിഞ്ഞ് ഒടുവില്‍ ജനിച്ച നാട്ടില്‍ എത്തിച്ചേര്‍ന്ന് വിശ്രാന്ത ജീവിതം നയിക്കുന്നവര്‍. ചിലര്‍ക്കേ അത് സാധിക്കൂ. സാധിക്കാത്തവര്‍ ഭൂതകാലവും നാടും മറ്റും സ്വപ്്നമായി താലോലിച്ച് കഴിയും. കവി വി. മധുസൂദനന് നായര്‍ പാടിയിട്ടില്ലേ, ‘അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍നിന്നെനിക്കേത് സ്വര്‍ഗം വിളിച്ചാലും…’ എന്ന്. ആ വരികള്‍ പോലും ഒരുപക്ഷേ അപഗ്രഥിച്ചാല്‍ ഈ സങ്കല്‍പ്പത്തിന്റെ അക്ഷരസ്ഥിരീകരണമാണ്. അങ്ങനെ പാതിപിന്നിട്ട ഘട്ടം കഴിഞ്ഞാണ് തിരിഞ്ഞു നോക്കല്‍ സംഭവിക്കുന്നത്. ചിലര്‍ തിരിഞ്ഞുനോക്കുമ്പോള്‍ നിരാശപ്പെടും. ചിലര്‍ക്ക്, ഇനിയുമുണ്ട് വെട്ടിപ്പിടിക്കാനെന്നു തോന്നും. പൂന്താനം പാടിയതുപോലെ ”..ആശയായുള്ള പാശമതിങ്കേന്ന് വേര്‍പിടാതെ…” കഴിയുന്നവരാണ് അത്തരക്കാര്‍. നേടാന്‍ ഏറെ ആഗ്രഹിച്ചിട്ട് ഒന്നും സാധിക്കാത്തവര്‍ക്ക് നിരാശബാധിക്കുന്നത് എളുപ്പമാണ്, അത് അവരുടെ അമിതാഗ്രഹങ്ങളുടെ വലിപ്പവും തോതും അനുസരിച്ചിരിക്കും. പക്ഷേ എന്നും മോഹിച്ചും ആഗ്രഹിച്ചും ഇരിക്കുന്നവര്‍ക്ക് നിരാശയേ മിച്ചം ഉണ്ടാകൂ.
നമ്മള് ഇതുവരെ പറഞ്ഞതെല്ലാം സ്വാഭാവികമായ മനുഷ്യ ജീവിതത്തിന്റെ പൊതു അനുഭവങ്ങളുടെ പതിറ്റാണ്ടുകള്‍ പിന്നിട്ട ചരിത്രത്തിലെ ശരാശരികളുടെ അടിസ്ഥാനത്തിലാണ്. അതിലേക്ക് യന്ത്രയുഗവും അതിനപ്പുറം സൂപ്പര്‍ കമ്പ്യൂട്ടര്‍ കാലവും ചേര്‍ത്തുവെച്ച് ചിന്തിക്കുമ്പോള്‍ അതിമാനുഷന്മാരെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ഗണിക്കണം. അങ്ങനെ നോക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സ്വാഭാവിക വളര്‍ച്ചയോ കൃത്യമായ ഘട്ടങ്ങളുടെ വിഭജനമോ ഒന്നും ഉണ്ടായേക്കണമെന്നില്ല.
ഉദാഹരണത്തിന് കാല് നൂറ്റാണ്ടുമുമ്പ് 10 വയസുള്ള കുട്ടി ചെയ്തിരുന്നതും സങ്കല്‍പ്പിക്കുന്നതുമല്ല, ഇന്നത്തെ അതേ പ്രായത്തിലുള്ള കുട്ടിയുടെ രീതി. അപ്പോള്‍ ബാല്യത്തിലേക്ക് കൗമാരം കടന്നുകയറുന്നു. കൗമാരത്തിലേക്ക് യൗവനവും അതിക്രമിക്കും. പക്ഷേ ജീവശാസ്ത്രപരവും പൊതു സാമൂഹ്യബോധാധിഷ്ഠിതമായ വയസ്സ് ബാല്യം കടന്നിട്ടുമുണ്ടാവില്ല. ഇതൊരു പുത്തന്‍ സമസ്യയാണ്. അവിടെയാണ് നമ്മള്‍ക്ക് വൈകാരികമായ ബോധത്തിന്റെ ഘട്ടവും വളര്‍ച്ചയും പരിശോധിക്കേണ്ടത്. ഇത് പലതരത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് സമൂഹത്തില്‍. പക്വതയുടെ അഭാവമുണ്ടാക്കുന്ന അപകടങ്ങള്‍. ആത്മഹത്യകളും വൃദ്ധ സദനങ്ങളും വിവാഹം പിരിയലും മനോരോഗങ്ങളും പോലും ഈ പ്രശ്നത്തിന്റെ പാര്‍ശ്വഫലങ്ങളാണ്.
ബാല്യം ‘കൗമാരംകളിക്കുക’യും അങ്ങനെ കളിപ്പിക്കാന്‍, ലാഭം മാത്രം കൊതിക്കുന്ന വാണിജ്യചിന്തയുടെ സാമൂഹ്യ ബോധവുംകൂടി ചേരുമ്പോള്‍ നേരത്തേ പറഞ്ഞതുപോലെ അടിത്തറതന്നെ തകര്‍ക്കുന്നു. അത് ‘ബ്രഹ്മചര്യ’ത്തെ തകര്‍ക്കുന്നു. വിജ്ഞാനമാര്‍ജിക്കേണ്ട ആ കാലം പക്ഷേ പല കാരണത്താല്‍ വ്യക്തികള്‍ക്ക് അപചയം ഉണ്ടാക്കുന്നു. വിദ്യാഭ്യാസ സംവിധാനത്തിലും സമ്പ്രദായത്തിലും ഇടിവുണ്ടാകുന്നു. സാംസ്കാരികമായ അധഃപതനത്തിന് അത് വഴിയാകുന്നു. ഇവിടുന്നാണ് ഗാര്‍ഹസ്ഥ്യത്തിലേക്ക് കടക്കുന്നത്. മനുഷ്യന് ജീവിക്കുന്നത് പ്രത്യുല്പ്പാദനത്തിനും പിന്നെ കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനത്തിനും മാത്രമാണെന്ന അബദ്ധ ധാരണയില്‍ പലര്‍ക്കും അവിടെയും പരാജയം സംഭവിക്കും. ഗൃഹസ്ഥാശ്രമിക്ക് സാമൂഹ്യപ്രവര്‍ത്തനമില്ലെന്നത് തെറ്റായ തോന്നലാണ്. ഏറ്റവും ഭദ്രമായി കുടുംബം എന്ന യൂണിറ്റിനെ സദാചാരത്തിലേക്ക് നയിക്കുന്നത് ശരിയായ ഗൃഹസ്ഥാശ്രമിയാണ്; അത് പുരുഷനായാലും സ്ത്രീയായാലും. അവിടെ അധികാരവും ഉത്തരവാദിത്വവും വഹിച്ച്, ‘ഭരിച്ച്’ വിജയിക്കുന്നതാണ് അവന്റെ- അവളുടെ ധര്‍മം. ‘ഭരിക്കുക’ എന്നാല്‍ രക്ഷിക്കുക എന്നാണ് അര്‍ത്ഥം. അതായത് ഭര്‍ത്താവ് എന്നാല്‍ ഭരിക്കുന്നവന്, രക്ഷിക്കുന്നവന്; അവന് ഇവിടെ ശരിയായ അനുഭവ ജ്ഞാനമില്ലായ്കയാല്‍ പരാജയപ്പെടുന്നു.
ഇന്ന് കുടുംബങ്ങളുടെ തകര്ച്ചകള് ആര്‍ക്കും വിഷമം ജനിപ്പിക്കുന്നില്ല. അത് ശാക്തീകരണമാണെന്ന് വ്യാഖ്യാനിച്ച് ‘പൊളിറ്റിക്കല്‍ കറക്ട്നെസ്’ ആണെന്ന് പ്രചരിപ്പിക്കുമ്പോഴും വാസ്തവത്തില്‍ സദാചാരമല്ല നമ്മള് പിന്തുടരുന്നത്. മകന് അമ്മയോട്, അച്ഛനോട്, തിരിച്ചും; ഭാര്യ ഭര്‍ത്താവിനോട്, തിരികെയും ധര്‍മം വേണ്ടവിധം പാലിക്കാതാകുന്നത് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ വീടുകളില്‍നിന്ന് സമൂഹത്തിലേക്കും വഴിയുകയാണ്.
വാനപ്രസ്ഥത്തിലേക്കുള്ള വഴിയില്‍ എത്തിനോക്കുന്നുപോലമില്ല സമൂഹം. സ്വാനുഭവങ്ങളെ ലോകം കണ്ടും തിരിച്ചറിഞ്ഞും വിലയിരുത്തി സ്വയം മാര്‍ക്കിടുന്ന തലത്തിലേക്ക് നടന്ന് വളരുന്നതാണ് ശരിയായ വാനപ്രസ്ഥം. കൗരവരും പാണ്ഡവരും തമ്മിലുള്ള കുരുക്ഷേത്ര യുദ്ധത്തില്‍ ഇരുപക്ഷത്തും മക്കളും മക്കളുടെ മക്കളും ബന്ധുക്കളും ഇല്ലാതായിക്കഴിയുമ്പോള്‍ ധൃതരാഷ്ട്രരും ഗാന്ധാരിയും നടത്തുന്നുണ്ട് വാനപ്രസ്ഥം. അവരെ കാട്ടില്‍വെച്ച് ഒരിക്കല്‍ ധര്‍മപുത്രര്‍ കാണുന്നതായി കഥനമുണ്ട്. ഇരുവരേയും ഹസ്തിനപുരത്തേക്ക് തിരിച്ച് വിളിക്കുന്നുണ്ട് ധര്‍മപുത്രര്‍. അവര്‍ മടങ്ങി വരുന്നില്ല എന്നു മാത്രമല്ല, ഇരുവരും മക്കളെ നേരായി വളര്‍ത്താഞ്ഞതും മക്കളോടും അധികാരത്തോടുമുള്ള അമിത ചാര്‍ച്ച മൂലം ഇരുവരും അന്ധരായിപ്പോയതും മക്കളെ യഥാസമയം തിരുത്താഞ്ഞതുമാണ് ഈ ദുരന്തങ്ങള്‍ക്കെല്ലാം കാരണമെന്ന് അവര്‍ ഏറ്റുപറയുന്നുമുണ്ട്. അത് കുറ്റമാണെന്ന് തിരിച്ചറിയുന്നുണ്ട്, തിരുത്താനാകാത്ത ഘട്ടത്തിലുമായി. രണ്ടുതരത്തിലാണെങ്കിലും ഒരേപോലെ അന്ധരായ അവര്‍ക്ക് സംന്യാസത്തിലേക്ക് ഉയരാന്‍ കഴിഞ്ഞതായി ഭാരതത്തില്‍ വ്യാസവിവരണമില്ലതാനും. അതായത് തിരിച്ചറിവുകള്‍ക്ക് ലോകം അറിയണം. അത് ഉണ്ടാകാത്തപ്പോള്‍ ആ ഘട്ടത്തിലും പരാജയം സംഭവിക്കുന്നു. അതുകൊണ്ട് തിരിച്ചറിവുകളല്ലാതാകുന്നതിനാല്‍ നിര്മമതയുടെയും സര്‍വത്യാഗത്തിന്റെയും സംന്യാസാവസ്ഥയിലേക്കുള്ള വാതില്‍ അത്തരക്കാര്‍ക്കുമുന്നില്‍ തുറക്കപ്പെടുന്നില്ല. അവര്‍ പിന്നെയും പിന്നെയും ആഗ്രഹങ്ങളുടെയും നിരാശയുടെയും കുഴികളില്‍ വീണുകൊണ്ടേയിരിക്കും. അങ്ങനെ ‘സൂപ്പര്‍ പവറി’ലേക്കുയരാനുള്ള ഉള്‍ക്കരുത്ത് ഉള്ളവര്‍ക്കും സാഹചര്യങ്ങളുടെയും സമ്പര്‍ക്കത്തിന്റെയും മാതൃകകളുടെയും അഭാവംകൊണ്ട് ബൊണ്‍സായികളായി, ചെറുമാതൃകകളായി മുരടിച്ചുപോകേണ്ടിവരുന്നു.
ഇവിടെയാണ് 52 വയസായപ്പോള്‍ ‘വീടും കുടിയുമില്ലെന്ന’ ചിന്ത ചിലരെ അലട്ടുന്നത്. ഇത്തരക്കാരാണ് പഴയകാല പ്രതാപത്തില്‍ ഊറ്റം കൊള്ളുന്നത്. അതൊരു മാനസികാവസ്ഥയാണ്.
അത് വിവരിക്കുന്ന ഭഗവദ് ഗീതയിലെ പതിനെട്ടാം അധ്യായമായ മോക്ഷ സംന്യാസയോഗമുണ്ട്. അതില്‍ സംന്യാസ യോഗമെന്താണെന്ന്, യുദ്ധം നടത്തി, ഭരണം പിടിച്ച് രാജ്യം ഭരിച്ച് പ്രജകളെ രക്ഷിക്കേണ്ട അര്ജുനന് എന്ന പോരാളി ചോദിക്കുന്നുണ്ട്. തേരാളിയായ വഴികാട്ടി ശ്രീകൃഷ്ണന് പറയുന്നുണ്ട്, അവിടെ മനുഷ്യരിലെ സത്വം, രജസ്, തമസ് എന്നീ പ്രകൃതികളെക്കുറിച്ച്. അവര്‍ക്ക് എങ്ങനെ സംന്യാസവും മോക്ഷവും കിട്ടാമെന്നും എന്തൊക്കെ ആര്‍ജിക്കണമെന്നും എങ്ങനെ വേണമെന്നും. ഭഗവദ് ഗീതയിലെ ഏറ്റവും നര്‍മം നിറഞ്ഞ ഭാഗം അതിലാണ്… ഇത്രയെല്ലാം പറഞ്ഞിട്ട്, കൃഷ്ണന് അര്ജുനനോട് തുടരുന്നു: ഞാനിപ്പറഞ്ഞതൊക്കെ അത്യന്തം രഹസ്യമായ കാര്യങ്ങളാണ്. ഇതൊക്കെ മനസ്സിലാക്കിയിട്ട്്, വിമര്‍ശിച്ച്, ചിന്തിച്ച് ഇഷ്ടാനുസരണം ചെയ്യുക. (ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാദ് ഗുഹ്യതരം മയാ വിമൃശൈ്യ തദശേഷേണ, യഥേച്ഛസി തഥാ കുരു (ശ്ലോകം 63). ക്രമം തെറ്റി ജീവിക്കുന്നവര്‍ക്ക് സംന്യാസം ഏതുവിധേനയും അപ്രാപ്യമാണ്, എക്കാലത്തും.
പിന്കുറിപ്പ്:
ക്ഷേത്രഭരണത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ വേണ്ടെന്ന് കോടതി. ഒരു രാജിക്കത്ത് മതിയല്ലോ ഏത് രാഷ്ട്രീയക്കാരനേയും ഏത് ക്ഷേത്രവും ഭരിക്കാന്‍ യോഗ്യനാക്കാനെന്ന് ഹൈക്കോടതിയെ നോക്കി ഒരു പുച്ഛം ചിരിക്കുന്ന ശബ്ദം കേള്‍ക്കുന്നില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: