എ.എസ്.അഹിമോഹനന്‍
(തിരുവനന്തപുരത്തെ അയ്യാ വൈകുണ്ഠര്‍ പഠനകേന്ദ്രം ചെയര്‍മാനാണ് ലേഖകന്‍)
സാമൂഹ്യ പരിഷ്കര്‍ത്താവും ആത്മീയാചാര്യനുമായ അയ്യാ വൈകുണ്ഠനാഥരുടെ 213-ാം ജയന്തിദിനമാണിന്ന്. അദ്ദേഹം രചിച്ച രണ്ടു വിശുദ്ധ ഗ്രന്ഥങ്ങളില്‍ അതിബൃഹത്തായതാണ് വിശുദ്ധ അഖിലത്തിരട്ട് അമ്മാനൈ. 1840 ഡിസംബര്‍ പതിനൊന്നിന് വെളുപ്പിന് 12:29ന് താമരക്കുളം പതിയില്‍ തന്റെ ശിഷ്യനായ ഹരിഗോപാലനെ വിളിച്ചുണര്‍ത്തി ഏടും എഴുത്താണിയും നല്കി അയ്യാ വൈകുണ്ഠര്‍ ചൊല്ലിക്കൊടുത്ത് എഴുതിയതാണീ വിശുദ്ധഗ്രന്ഥം. പതിനയ്യായിരത്തി ഒരുന്നൂറ്റി നാല്‍പ്പത്തിയെട്ട് വരികളുണ്ട് ഈ തമിഴ് ഗ്രന്ഥത്തില്‍. തിരു ഏട് എന്നാണ് അറിയപ്പെടുന്നത്. അയ്യാ കോവിലുകളായ പതികളിലും താങ്കലുകളിലും ഉത്സവങ്ങളോടനുബന്ധിച്ച് ‘ഏട് വായന’ എന്ന പേരില്‍ പാരായണം ചെയ്യുന്നു.
പനയോലയില്‍ എഴുതപ്പെട്ട വിശുദ്ധ അഖിലതിരട്ട് 1939ലാണ് പുസ്തകരൂപത്തില്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. അതിനുമുമ്പ് മൂല ഗ്രന്ഥത്തില്‍ നിന്നും ഓലയില്‍ തന്നെ മൂന്ന് പകര്‍ത്തിയെഴുത്തുകള്‍ ഉണ്ടായിട്ടുണ്ട്. പാഞ്ചാലം കുറിച്ചി, സാമിത്തോപ്പ്, കോട്ടാങ്കാട് എന്നീ പേരുകളിലുള്ള പതിപ്പുകളായി അറിയപ്പെടുന്നു. ഇതില്‍ പാഞ്ചാലം കുറിച്ചിപ്പതിപ്പ് ഹരിഗോപാലന് തന്നെ പകര്‍ത്തി എഴുതിയതാണ്. അച്ചടി പതിപ്പുകളെല്ലാം പതിനേഴ് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പതിനേഴു ദിവസങ്ങളായി പാരായണം ചെയ്യുന്നതിനാണിത്.
പതിനയ്യായിരത്തിലധികം വരികളുള്ള വിശുദ്ധ അഖിലത്തിരട്ട് ഈരടികളായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഗസ്തീശ്വരം പ്രദേശത്ത് അക്കാലത്ത് നിലനിന്നിരുന്ന പ്രാദേശിക തമിഴ് ഗ്രാമ്യഭാഷയാണ് രചനക്കായി ഉപയോഗിച്ചിട്ടുള്ളത്. ആഴവും പരപ്പുമുള്ള അര്‍ത്ഥതലങ്ങള്‍ നിറഞ്ഞ വരികളെല്ലാം ആകര്‍ഷകമായ രാഗ-താള നിബദ്ധങ്ങളാണ്. ഭൂരിഭാഗം വരികളിലും ദ്വിതിയാക്ഷരപ്രാസം കാണാം. ആദ്യ എട്ടു ഭാഗങ്ങളില്‍ പ്രപഞ്ച സൃഷ്ടി മുതല്‍ അയ്യാ വൈകുണ്ഠര്‍ അവതരിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ സംക്ഷിപ്തമായും ചടുലതയോടും വിവരിക്കുന്നു.
പ്രപഞ്ചത്തിന്റെ ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളെ വിവരിക്കുകയും പ്രപഞ്ച രഹസ്യങ്ങളുടെ പരിണാമങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന ഈഗ്രന്ഥത്തില്‍ ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ സാന്റോര്‍ ജനതയുടെ ഉത്ഭവവും വളര്‍ച്ചയും സ്വഭാവ വിശേഷങ്ങളും വിവരിക്കുന്നു. ദ്വാപരയുഗം കടന്ന് കലിയുഗത്തിലും ഈ ജനത നിലനില്ക്കുന്നു. കലിയുഗത്തില്‍ ദുഷ്ടശക്തിയായ കലി പിറക്കുന്നു. ആധുനിക മനുഷ്യന്റെ സഹജമായ നശീകരണ പ്രവണതകളെയും വിവിധതരം ആര്‍ത്തികളെയും കലി പ്രതിനിധാനം ചെയ്യുന്നു. കലിയുഗത്തിന്റെ ദുര്ദേവത നീചനാണ്. ഭൂമിയുടെ പലയിടങ്ങളില്‍ രാജാക്കന്മാരായി ഇവര്‍ പിറന്ന് ജനങ്ങളുടെ ജീവിതത്തെ നിയമങ്ങള്‍ സൃഷ്ടിച്ചും അല്ലാതെയും പീഡിപ്പിക്കുന്നു. നീചന്മാരുടെ ഭരണം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് മോചനമേകാനും സാന്റോര്‍ ജനതയുടെ ഉയര്‍പ്പിനുമായി അയ്യാവൈകുണ്ഠര്‍ അവതരിക്കുന്നതായി അഖിലത്തിരട്ട് വിവരിക്കുന്നു.
അദൈ്വത ചിന്താധാരയില്‍ നിന്നും വ്യത്യസ്തമായി ഏകത്വമെന്ന ആശയമാണ് വിശുദ്ധ അഖിലത്തിരട്ട് ചര്‍ച്ച ചെയ്യുന്നത്. ലോകത്തില്‍ നാം കാണുന്നതെല്ലാം ഈ ഏകത്വത്തില്‍ നിന്നുണ്ടായതാണെന്നും എല്ലാറ്റിലും ദര്‍ശിക്കുന്ന വ്യത്യസ്തതകള്‍ ആത്യന്തികമായ ഈ ഏകത്വം തന്നെയാണെന്നും വിശുദ്ധ അഖിലം പഠിപ്പിക്കുന്നു. ഒന്‍പതാം ഭാഗം മുതല്‍ അയ്യാ വൈകുണ്ഠരുടെ പരമമായ ആധിപത്യവും അക്കാലത്ത് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന അടിമത്തത്തെ മറികടക്കാനുള്ള ഉപദേശങ്ങളും കാണാന്‍ കഴിയും. രാജാവിനെയും കരിനിയമങ്ങളെയും അതിനിശ്ശിതമായി ചോദ്യം ചെയ്യുന്നതും നിരാലമ്പരായ ജനതയെ പിതൃസ്നേഹത്തോടെ നെഞ്ചോട് ചേര്‍ക്കുന്നതും വൈകാരികമായി മാത്രമെ വായിക്കാനാവൂ. കരളലിയിപ്പിക്കുന്ന മനുഷ്യത്വ വര്‍ണ്ണനയും ഹാസ്യം നിറഞ്ഞ ചോദ്യങ്ങളും ആകര്‍ഷകമായ പ്രകൃതിവര്‍ണ്ണനകളും വിശുദ്ധ അഖിലത്തിരട്ടില്‍ കാണാം.
ജാതീയമായി നിലനിന്ന ഉച്ചനീചത്വങ്ങളെ വിശുദ്ധ അഖിലത്തിരട്ട് വ്യക്തമായി അപലപിക്കുന്നു. ജാതി വ്യവസ്ഥയേക്കാള്‍ ജാതി വിവേചനത്തെ ശക്തമായി ചോദ്യം ചെയ്യുന്ന ഈ മഹത്ഗ്രന്ഥം പിന്നീട് കേരളത്തില്‍ അലയടിച്ചുയര്‍ന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വഴിമരുന്നായി എന്നതില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: