അഴിമതിക്കേസുകളില്‍പ്പെട്ട് ജയിലിലായ ദല്‍ഹി ആം ആദ്മി സര്‍ക്കാരിലെ എക്സൈസ് മന്ത്രിയായ മനീഷ് സിസോദിയയും ജയില്‍ മന്ത്രി സത്യേന്ദ്ര ജയിനും രാജിവച്ചിരിക്കുന്നു. മദ്യ നയ അഴിമതിക്കേസില്‍ അവസാനവട്ടം ചോദ്യം ചെയ്ത സിസോദിയയെ സിബിഐ അറസ്റ്റു ചെയ്യുകയായിരുന്നു. ഇതിനെതിരെ രാഷ്ട്രീയ പകപോക്കല്‍ ആരോപിച്ച് രാജ്യതലസ്ഥാനത്തും പാര്‍ട്ടിക്ക് ഭരണമുള്ള പഞ്ചാബിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും, ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. സിബിഐയുടെ നടപടിയില്‍ ഭരണഘടനാ ലംഘനം ആരോപിച്ച സിസോദിയയുടെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി തീരുമാനിച്ചതോടെ ഗത്യന്തരമില്ലാതെ രാജിവയ്ക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത മന്ത്രി സത്യേന്ദ്ര ജയിനും മാസങ്ങളായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്. അഴിമതിക്കേസില്‍ പ്രതിയായ സിസോദിയ രാജിവച്ചാല്‍ എന്തുകൊണ്ട് ഈ മാനദണ്ഡം സത്യേന്ദ്ര ജയിനും ബാധകമാവുന്നില്ല എന്ന ചോദ്യം ഉയരും. അത് ഒഴിവാക്കാനാണ് ജെയിനിനെക്കൊണ്ടും രാജിവയ്പ്പിച്ചത്. മദ്യനയത്തില്‍ ഒരു സ്വകാര്യ കമ്പനിക്ക് അനുകൂലമായി ഇളവുവരുത്തി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്. വന്‍ അവകാശവാദങ്ങളുമായി ആം ആദ്മി പാര്‍ട്ടി മത്സരത്തിനിറങ്ങിയ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് ഈ പണം ഉപയോഗിച്ചതായാണ് കരുതപ്പെടുന്നത്. അവിടെ കനത്ത പരാജയം ഏല്‍ക്കേണ്ടിവന്നതിനു പുറമെയാണ് അഴിമതിക്കേസിലും തിരിച്ചടിയേറ്റിരിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തെ അഴിമതികള്‍ക്കെതിരെ അണ്ണാ ഹസാരെ നടത്തിയ പ്രക്ഷോഭത്തിന്റെ പേരില്‍ രൂപീകരിച്ചതാണ് ആം ആദ്മി പാര്‍ട്ടി. ദല്‍ഹിയില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞതോടെ പല വിവാദങ്ങളും ഉയര്‍ന്നുവന്നു. വര്‍ഗീയ കലാപങ്ങളെയും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പരസ്യമായി പിന്തുണച്ച അരവിന്ദ് കേജ്രിവാള് നയിക്കുന്ന ദല്‍ഹി സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്കി ജനങ്ങളുടെ പിന്തുണയാര്‍ജിക്കാനും ശ്രമം നടത്തി. അവസരവാദ നയങ്ങളുടെ വക്താവും അഴിമതിക്കാരുടെ സംരക്ഷകനുമായി മാറിയ കേജ്രിവാളിനെ അണ്ണഹസാരെ പലവട്ടം തള്ളിപ്പറഞ്ഞു. അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി ഹസാരയെപ്പോലും ഉപയോഗിച്ച കേജ്രിവാള് ഇതൊന്നും കാര്യമാക്കിയില്ല. തനിക്കു ചുറ്റും കൂടിയ കൗശലക്കാരായ ഒരു കൂട്ടം നേതാക്കളുടെ ബലത്തില്‍ ദല്‍ഹിയില്‍ ഭരണം നടത്തുകയും, ഖാലിസ്ഥാന്‍ വാദികളുടെ പിന്തുണയോടെ പഞ്ചാബില്‍ അധികാരത്തിലെത്തുകയും ചെയ്തു. ഗീബല്‍സിനെപ്പോലും തോല്‍പ്പിക്കുന്ന കുപ്രചാരണമാണ് ഈ പാര്‍ട്ടിയുടെ കൈമുതലെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സത്യേന്ദ്ര ജയിനെ തൊണ്ടിമുതലോടെയാണ് പിടികൂടിയത്. കറന്‍സി കെട്ടുകളും സ്വര്‍ണവുമുള്‍പ്പെടെ പിടിച്ചെടുത്തു. എന്നിട്ടും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രചാരണമാണ് മുഖ്യമന്ത്രി കേജ്രിവാള് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയത്. ആം ആദ്മി സര്‍ക്കാരിന്റെ ജയില്‍ വകുപ്പ് മന്ത്രിയായിരുന്ന സത്യേന്ദ്ര ജയിന് ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ അനുവദിച്ചത് വലിയ വിവാദമായി. കേജ്രിവാളിന്റെ വിദ്യാഭ്യാസ മന്ത്രിയായ സിസോദിയയാണ് എക്സൈസ് വകുപ്പും കൈകാര്യം ചെയ്തിരുന്നത്!
സിസോദിയയെക്കൊണ്ടും ജയിനിനെക്കൊണ്ടും രാജിവപ്പിച്ചത് കേജ്രിവാളിന്റെ ബുദ്ധിയാണ്. പിടിച്ചുനില്ക്കണമെങ്കില് ഇങ്ങനെയൊരു കടുംകൈ ആവശ്യമാണ്. വൃത്തികെട്ട കൗശലങ്ങള്‍ പ്രയോഗിച്ചാണ് ഈ നേതാവ് പാര്‍ട്ടിയുണ്ടാക്കിയതും അധികാരത്തില്‍ തുടരുന്നതും. അധികാരത്തിനുവേണ്ടി ആരുമായി കൂട്ടുചേരാനും മടിക്കില്ല. ഇതിനു തെളിവാണ് ഖാലിസ്ഥാന്‍ വാദികളുമായുള്ള കൂട്ടുകെട്ട്. ദല്‍ഹിയിലെ കര്‍ഷക വിരുദ്ധ സമരത്തിന്റെ മറവില്‍ രൂപപ്പെട്ടതാണ് ഈ അവിശുദ്ധ സഖ്യം. നരേന്ദ്ര മോദിയെയാണ് കേജ്രിവാള് മുഖ്യ ശത്രുവായി പ്രഖ്യാപിച്ചിട്ടുള്ളത്. വന്‍ വിജയം നേടുമെന്ന പ്രഖ്യാപനവുമായി ഗുജറാത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ഹിമാചലില്‍ കെട്ടിവച്ച കാശുപോലും കിട്ടിയില്ല. പ്രതിപക്ഷ രാഷ്ട്രീയത്തെ ഇന്നു കാണുന്ന രീതിയില്‍ അധഃപതിപ്പിക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടിക്കും കേജ്രിവാളിനും വലിയ പങ്കുണ്ട്. മറ്റൊരാള്‍ കോണ്‍ഗ്രസ് നേതാവ് രാഹുലാണ്. പലപ്പോഴും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളെപ്പോലെയാണ് ഇവര്‍ പെരുമാറുന്നത്. സിസോദിയ ജയിലിലായതോടെ കേജ്രിവാളിന്റെ പതനം തുടങ്ങിയതായി കണക്കാക്കാം. സ്വന്തമായി ഒരു വകുപ്പും കൈകാര്യം ചെയ്യാതെ പതിനെട്ടിലേറെ വകുപ്പുകളാണ് കേജ്രിവാള്, സിസോദിയയ്ക്ക് വിട്ടുകൊടുത്തിരുന്നത്. അഴിമതികളെല്ലാം തന്റെ അറിവോടെയും സമ്മതത്തോടെയും നടത്തുമ്പോഴും താന്‍ പിടിയിലാവരുത് എന്നൊരു തന്ത്രം ഇതിനു പിന്നിലുണ്ട്. കേജ്രിവാളിന്റെ സത്യസന്ധതയില്ലായ്മയും അവസരവാദവും ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ നേതാക്കള്‍ വെളിപ്പെടുത്തുകയുണ്ടായി. സിസോദിയയും സത്യേന്ദ്ര ജയിനും ഒറ്റയ്ക്കല്ല അഴിമതി നടത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്. അന്വേഷണം കേജ്രിവാളിലേക്ക് തിരിയുന്ന കാലം ഒട്ടും വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: