ന്യൂദല്‍ഹി: കശ്മീര്‍ വിനോദത്തിന്റെ മാത്രം ഭൂമിയല്ല വിജ്ഞാനത്തിന്റേതുമാണെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍. ഭീകരാക്രമണങ്ങളും കൂട്ടക്കൊലകളും നിലവിളികളും നിറഞ്ഞ കശ്മീര്‍ പഴങ്കഥയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വികസനത്തിന്റെ കാറ്റാണ് അവിടെ വീശുന്നത്. കശ്മീര്‍ മാറാന്‍ അനുവദിക്കില്ലെന്ന് ശഠിച്ചവരും ഇപ്പോള്‍ അവിടെ വിനോദസഞ്ചാരത്തിലാണ്, അദ്ദേഹം പറഞ്ഞു. ഷെര്‍-ഇ-കശ്മീര്‍ കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ ജമ്മുകശ്മീര്‍ വിദ്യാഭ്യാസ മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീര്‍ മാറ്റത്തിന്റെ പാതയിലാണ്. രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങള്‍ക്കും അവകാശപ്പെട്ട വികസനവും പുരോഗതിയും അതേ അളവില്‍ ഇന്ന് കശ്മീരിലും ദൃശ്യമാണ്. ഇത് കശ്മീരിലെ യുവാക്കള്‍ക്ക് വലിയ അവസരമാണ്. കശ്മീരിലെ വിദ്യാശാലകളിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെത്തണം. കശ്മീരിലെ ജനങ്ങള്‍ ദേശീയ മുഖ്യധാരയില്‍ എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് മുന്തിയ പരിഗണനകളാണുള്ളത്.
അതിലൂടെ, അവര്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായും ഇതര രാഷ്ട്രങ്ങളുമായും ബന്ധം സ്ഥാപിക്കും. എനിക്കിത് ഒരു വിദ്യാഭ്യാസ പരിപാടി മാത്രമല്ല, രാജ്യത്തെ എറ്റവും മനോഹരവും ഉജ്ജ്വല ചരിത്രമുള്ളതുമായ ഒരു ലോകത്തെ തങ്ങളിലേക്ക് ക്ഷണിക്കാനുള്ള കരുത്ത് നേടുന്നതിനുള്ള പരിപാടി കൂടിയാണ്. കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെ തങ്ങളുടെ കാമ്പസുകളിലേക്ക് ക്ഷണിക്കുന്നതില്‍ നമ്മുടെ സര്‍വകലാശാലകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
78 രാജ്യങ്ങളുമായി ഇത്തരത്തില്‍ വിദ്യാഭ്യാസ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് നമ്മള് പദ്ധതി തയാറാക്കിയിട്ടുണ്ട്. ബന്ധം വിപുലവും നിക്ഷേപങ്ങള്‍ ആഴമുള്ളതുമാണെങ്കില്, അത് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ഒരു വലിയ പ്രവാഹമായി മാറുമെന്ന് ഡോ. ജയശങ്കര്‍ പറഞ്ഞു.
വിദേശ വിദ്യാര്‍ഥികള്‍ക്കായി ജമ്മുകശ്മീര്‍ ഒരു സമര്‍പ്പിത പരിപാടി ആരംഭിച്ചതായി സമ്മേളനത്തില്‍ സംസാരിച്ച ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. മൂന്ന് വര്‍ഷമായി, വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിലും വ്യവസായങ്ങള്‍, കൃഷി, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിലെ വികസനത്തിലും ജമ്മുകശ്മീര്‍ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്, ഗവര്‍ണര്‍ പറഞ്ഞു.സുഷമ സ്വരാജ് ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്, കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഐസിസിആര്‍ പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: