ശ്രീജിത്ത് നെടിയാംകോട്
ഉദയാസ്തമയങ്ങളുടെ ചാരുത ഒരേയിടത്ത് ദൃശ്യമാകുന്ന പുണ്യഭൂമി. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും അതിരിടുന്ന കന്യാകുമാരി. ത്രിവേണീ സംഗമത്തിന്റെ പവിത്രതയുമായി ഭാരതത്തിന്റെ തേക്കേ അറ്റത്ത് തമിഴ്നാട്ടില്‍ സ്ഥിതിചെയ്യുന്ന കന്യാകുമാരിക്ക് ധന്യമായ ആ പേരു സമ്മാനിച്ചത് ഒരു പുണ്യപുരാതന ക്ഷേത്രമാണ്. ആദിപരാശക്തി കന്യകയായി വാഴുന്ന 51 ശക്തിപീഠങ്ങളിലൊന്നായ, മൂവായിരം വര്‍ഷം പഴക്കമുള്ള കന്യാകുമാരി ക്ഷേത്രം. ക്ഷേത്രോല്പത്തിക്ക് നിദാനമായ ഐതിഹ്യമിങ്ങനെ:
നടക്കാതെ പോയൊരു മാംഗല്യം
ബാണാസുരനെ നിഗ്രഹിക്കാനാണ് ആദിപരാശക്തി കന്യാകുമാരിയായി അവതരിച്ചത്. ഭഗവാന് സുന്ദരേശ്വരന് (ശിവന്) ദേവിക്ക് വിവാഹവാഗ്ദാനം നല്കി. കോഴി കൂവുന്നതിനു മുമ്പ് വിവാഹത്തിന് എത്താമെന്ന് ഭഗവാന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വിവാഹത്തിനു പുറപ്പെട്ട ദേവന്റെ വഴി മധ്യേ, നാരദന് കോഴിയായി രൂപം മാറിയെത്തി കൂവി. കോഴി കൂവുന്നത് കേട്ട് ഭഗവാന് സുന്ദരേശ്വരന് തിരിച്ചു പോയി. വിവാഹം മുടങ്ങി. ദേവി കന്യകയായിരുന്നാല്‍ മാത്രമേ ബാണാസുരനെ നിഗ്രഹം സാധ്യമാകൂ. ഇക്കാര്യം ദേവേന്ദ്രന് അറിയാമായിരുന്നു. ദേവേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് നാരദന് കോഴിയായെത്തി കൂവിയത്.
അതിനിടയില്‍, കന്യാകുമാരിദേവിയോട് അനുരാഗം തോന്നിയ ബാണാസുരന് വിവാഹാഭ്യര്‍ത്ഥനയോടെ വരണമാല്യം ചാര്‍ത്താനൊരുങ്ങി ദേവിയുടെ അടുത്തെത്തി. ദേവിയത് നിരസിച്ചു. തുടര്‍ന്ന് യുദ്ധത്തിനെത്തിയ ബാണാസുരനെ ദേവി ചക്രായുധം കൊണ്ട് വധിച്ചു. കന്യകയായ ദേവി പില്ക്കാലത്ത് കന്യാകുമാരിദേവിയായി അറിയപ്പെട്ടു എന്നാണ് ഐതിഹ്യം.
ദേവീവിഗ്രഹത്തിലെ വൈരമൂക്കുത്തി വളരെ പ്രസിദ്ധമാണ്. അതുമായി ബന്ധപ്പെട്ടൊരു കഥയും പ്രചാരത്തിലുണ്ട്. പണ്ടൊരിക്കല്‍ കച്ചവടത്തിനായി കപ്പലില്‍ യാത്ര ചെയ്തിരുന്ന വിദേശികള്‍ കരകാണാതെ കടലില്‍ അലഞ്ഞു തിരിഞ്ഞപ്പോള്‍ രക്ഷകയായത് ദേവിയാണ്. ദൂരെ ഒരു പ്രകാശം കണ്ട്, അതു ലക്ഷ്യമാക്കി യാത്ര ചെയ്ത് അവര്‍ കരയ്ക്കണയുകയായിരുന്നു. കന്യാകുമാരിദേവിയുടെ മൂക്കുത്തിക്കല്ലിന്റെ തിളക്കമായിരുന്നു വിദേശികള്‍ക്ക് വഴികാട്ടിയായ ആ വെളിച്ചം. കടല്‍ യാത്രികര്‍ക്ക് ഇന്നും ദേവി തുണയാകുന്നു എന്നാണ് വിശ്വാസം.
ദേവിയുടെ തോഴിമാരായിരുന്ന വിജയസുന്ദരിക്കും ബാലസുന്ദരിക്കും ക്ഷേത്രത്തില്‍ പ്രതിഷ്ഠകളുണ്ട്. ക്ഷേത്രത്തിലെ പൂജാകര്‍മങ്ങളെല്ലാം കേരളീയ ശൈലിയിലാണ്. ചുവന്ന സാരിയും നെയ്വിളക്കുമാണ് വഴിപാടുകളില്‍ പ്രധാനം. അഭീഷ്ട വരദായിനിയായ ദേവിയെ മനമറിഞ്ഞു തൊഴുതാല്‍ മാംഗല്യഭാഗ്യം സിദ്ധിക്കമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ നാലു തൂണുകളില്‍ വിരല്‍കൊണ്ട് തട്ടിയാല്‍ വീണ, മൃദംഗം ഓടക്കുഴല്‍, ജലതരംഗം എന്നീ സംഗീതോപകരണങ്ങളുടെ ശബ്ദം കേള്‍ക്കാനാവുമത്രെ.
അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം ഇവയുടെ സംഗമസ്ഥാനമാണ് കന്യാകുമാരി. ദേവിയെ ദര്‍ശിക്കാനും ത്രിവേണീ സംഗമത്തില്‍ മുങ്ങി ബലിതര്‍പ്പണം നടത്താനുമായി ഉത്തരേന്ത്യയില്‍ നിന്നുപോലും ധാരാളം ഭക്തര്‍ ഇവിടെയെത്താറുണ്ട്.
വിവേകാനന്ദപ്പാറയും തിരുവള്ളുവരുടെ പ്രതിമയും
കന്യാകുമാരി നൂറ്റാണ്ടുകളായ് ഒരു ആദ്ധ്യാത്മിക കേന്ദ്രവും കലാ കേന്ദ്രവുമാണ്. ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളും ഇവിടെയെത്തുന്നു. ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരെല്ലാം ഇവിടം ഭരിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ തെക്കേ അറ്റത്തെ ജില്ലയാണ് കന്യാകുമാരി. കേരള അതിര്‍ത്തിയില്‍ നിന്ന് ഏറെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന കന്യാകുമാരിയില്‍ തമിഴും മലയാളവും ഒരു പോലെ പ്രാധാന്യമുള്ള ഭാഷകളാണ്. തിരുവനന്തപുരം ജില്ലയുടെ ഭാഗമായിരുന്ന വിളവന്‍കോട് , തോവാള, അഗസ്തീശ്വരം, കല്‍ക്കുളം താലൂക്കുകള്‍ വേര്‍പെടുത്തി 1956 നവംബര്‍ 1 നാണ് കന്യാകുമാരി ജില്ല രൂപീകരിച്ചത്.
1892 ല്‍ വിവേകാനന്ദ സ്വാമികള്‍ കന്യാകുമാരിയിലെത്തി, കടല്‍ നീന്തി കടന്ന്, കരയില്‍ നിന്ന് ഏറെ ദൂരെയല്ലാതെയുള്ള രണ്ടു പാറകളില്‍ ഒന്നില്‍ ഇരുന്ന് ധ്യാനിച്ചു. വിവേകാനന്ദപ്പാറ എന്നറിയപ്പെടുന്ന ഈ സ്മാരകം 1970 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് വി.വി.ഗിരി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. കന്യാകുമാരിദേവി ഒറ്റക്കാലില്‍ തപസ്സനുഷ്ഠിച്ചിരുന്നതും ഈ പാറയിലാണെന്നാണ് പറയപ്പെടുന്നത്. ദേവിയുടേതെന്ന് കരുതുന്ന ശ്രീപാദപ്പാറ ഇപ്പോഴും അവിടെ പൂജിക്കുന്നു. ഇതിനു സമീപമുള്ള മറ്റൊരു പാറയില്‍ തമിഴ് ദാര്‍ശനികനും കവിയും തിരുക്കുറളിന്റെ ഉപജ്ഞാതാവുമായ തിരുവള്ളുവരുടെ 133 അടി ഉയരമുള്ള പ്രതിമയും കാണാം. വിഖ്യാത ശില്പിയായ ഡോ. വി.ഗണപതി സ്ഥപതിയാണ് ഇത് നിര്‍മ്മിച്ചത്. മഹാത്മാഗാന്ധിയുടെ ദേഹവിയോഗത്തിനു ശേഷം ചിതാഭസ്മം കന്യാകുമാരിയില്‍, കടലില്‍ നിമജ്ജനം ചെയ്യുന്നതിനു മുമ്പ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെ പീന്നീടൊരു ഗാന്ധിമണ്ഡപം നിര്‍മ്മിച്ചു. ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: