കാസര്‍കോട്: സർക്കാർ കോളേജിൽ കുടിവെള്ള പ്രശ്നത്തില്‍ പരാതിയുമായെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടതായി പരാതി. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്കി.
കാസര്‍കോട് സര്‍ക്കാര്‍ കോളേജിലാണ് സംഭവം. ക്യാമ്പസിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെടാന്‍ എത്തിയ വിദ്യാര്‍ത്ഥികളെയാണ് പ്രിന്‍സിപ്പല്‍ എം.രമ പൂട്ടിയിട്ടത്. പരാതിയുമായെത്തിയ വിദ്യാര്‍ത്ഥികള്‍ തനിക്കുമുന്നില്‍ ഇരിക്കാന്‍ പാടില്ലെന്ന നിലപാടെടുത്ത പ്രിന്‍സിപ്പല്‍ ഈ വെള്ളം തന്നെ കുടിച്ചാല്‍ മതി, തനിക്കിപ്പോള്‍ സമയമില്ലെന്നാണ് പ്രതികരിച്ചത്.
എന്നാല്‍ ഇതിന് പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തതോടെ പ്രിന്‍സിപ്പല്‍ എം രമ പുറത്തിറങ്ങി ചേംബറിനുള്ളില്‍ പതിനഞ്ചോളം വിദ്യാര്‍ത്ഥികളെ പൂട്ടിയിടുകയായിരുന്നു. സഭ്യമല്ലാത്ത വാക്കുകളാണ് എം.രമ ഉപയോഗിച്ചതെന്നും പരാതിയുണ്ട്. വിദ്യാര്‍ത്ഥികളെകൊണ്ട് കാലുപിടിപ്പിച്ച വിവാദത്തില്‍ ഇടംനേടിയയാളാണ് എം.രമ.
പ്രിന്‍സിപ്പലിനെതിരെ നടപടിയാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: