തിരുവനന്തപുരം: യുജിസിയുടെ ഏഴാം ശമ്പള പരിഷ്ക്കരണത്തോടനുബന്ധിച്ച് കോളേജ് അധ്യാപകർക്ക് ശമ്പളക്കുടിശ്ശിക നൽകാത്തത് കേന്ദ്രം പണം നൽകാത്തത് കൊണ്ടാണ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞത് തികച്ചും വസ്തുതാവിരുദ്ധം. യുജിസി ഇതുവരെ നടപ്പിലാക്കിയ ആറ് ശമ്പള പരിഷ്ക്കരണങ്ങളിൽ ഒന്നിലും സഹായം മുൻകൂർ ആയി നൽകിയിട്ടില്ല.
ശമ്പള പരിഷ്ക്കരണം നടപ്പാക്കിയതിന് ശേഷമുള്ള ആദ്യത്തെ മൂന്ന് വർഷത്തിൽ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയുടെ അമ്പത് ശതമാനം കേന്ദ്ര സർക്കാർ വഹിക്കും. എന്നാൽ ഇത് നടപ്പാക്കിയതിന്ശേഷം വേണം അതിനുള്ള രേഖകൾ സമർപ്പിക്കേണ്ടത്. മുൻകൂറായി അമ്പത് ശതമാനം നൽകില്ലെന്നിരിക്കെ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇതിലേക്കായി വിശദമായ കത്ത് കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയം യു.ജി.സിക്കും സംസ്ഥാന സർക്കാരുകൾക്കും നേരത്തെ അയച്ചിരുന്നു. പണം നൽകുന്നത് റീ ഇംബേഴ്സ്മെന്റ് വ്യവസഥയിൽ ആയിരിക്കും എന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകൾ ഇങ്ങിനെയിരിക്കെ ശമ്പള കുടിശ്ശിക നൽകാതെ സഹായത്തിനായി കേന്ദ്രത്തെ സമീപിച്ചു എന്നത് ദുരൂഹമാണ്.
അതിനിടെ 2016 ന് ശേഷം വിരമിച്ച അധ്യാപകർ ഹൈക്കോടതിയിൽ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് നൽകിയ കേസിൽ സർക്കാർ ആവശ്യപ്പെട്ട മൂന്ന് മാസത്തെ സമയം മാർച്ച് 19 ന് അവസാനിക്കുകയാണ്. ശമ്പള കുടിശ്ശികക്ക് വിരമിച്ച അധ്യാപകർ അർഹരാണെന്നു സർക്കാർ കോടതിയിൽ സമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: