കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ എന്ന പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കാസര്‍കോട് കുമ്പളയില്‍ നിന്നും ആരംഭിക്കാനിരെക്കെ വിവാദങ്ങളില്‍ ആടിയുലഞ്ഞ് പാര്‍ട്ടിയും സംസ്ഥാന ഭരണകൂടവും. അതിനാല്‍തന്നെ പാര്‍ട്ടിയ്ക്കും സംസ്ഥാന ഭരണകൂടത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളെയും വിവാദങ്ങളേയും പ്രതിരോധിക്കാനുളള സ്വയം പ്രതിരോധ ജാഥയായി മാറും.
എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഉയര്‍ന്നിരിക്കുന്ന നിരവധി ആരോപണങ്ങളും കണ്ണൂരിലെ മുന്‍ ഡിവൈഎഫ്ഐ നേതാവായ ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലും സംസ്ഥാനത്താകമാനം സജീവ ചര്‍ച്ചയായി നിലനില്‍ക്കുകയാണ്. ആരോപണങ്ങളുടേയും വിവാദങ്ങളുടേയും തുടര്‍ച്ചയായി പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിരിക്കുന്ന വിഭാഗീയതയിലും പ്രതിഷേധങ്ങളിലും പാര്‍ട്ടിയും ഭരണകൂടവും ആടിയുലയുന്ന ഘട്ടത്തിലാണ് ജാഥയ്ക്ക് തുടക്കമാകുന്നത്. മാത്രമല്ല സംസ്ഥാനത്താകമാനം പാര്‍ട്ടി നിര്‍ജ്ജീവമായിരിക്കുന്ന സ്ഥിതിയാണ്. കേന്ദ്ര സര്‍ക്കാരിനും വര്‍ഗ്ഗീയതയ്ക്കുമെതിരെയെന്ന് പ്രഖ്യാപിച്ച നടക്കുന്ന ജാഥയ്ക്കിടയില്‍ സംസ്ഥാനത്ത് ഭരണതലത്തിലും പാര്‍ട്ടിതലത്തിലും ഉണ്ടായിരിക്കുന്ന പ്രതിസന്ധികള്‍ക്ക് ജാഥയിലൂടെ പാര്‍ട്ടിക്ക് മറുപടി പറയേണ്ടി വരുമെന്നുറപ്പാണ്.
വിലക്കയറ്റം അടക്കമുളള വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. സംസ്ഥാന ബജറ്റില്‍ ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തിയ നടപടിയിലടക്കം ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ വലിയ അതൃപ്തിയാണ് ഉടലെടുത്തിരിക്കുന്നത്. നിരവധി ക്ഷേമ പദ്ധതികളും വികസന പദ്ധതികളും ഉള്‍പ്പെടുത്തിയ കേന്ദ്ര ബജറ്റിനെതിരെ കഴിഞ്ഞകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വലിയ പ്രതിഷേധങ്ങള്‍ ഇത്തവണ കേരളത്തിലും രാജ്യത്തിന്റെ മറ്റും ഭാഗങ്ങളിലും ഉണ്ടായിട്ടില്ല. മാത്രമല്ല കേരളത്തിനും നിരവധി വികസന-ക്ഷേമ പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. ഇതിനിടെ ക്ഷേമപെന്‍ഷനും ശബളം കൊടുക്കാനും ദൈനംദിന ചിലവുകള്‍ക്ക് പോലും പണം കണ്ടെത്താനാവാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. ഇതിന് തടയിടാന്‍ ജനങ്ങള്‍ക്കാകെ ഇരുട്ടടിയായി നികുതി വര്‍ദ്ധനകളും മറ്റം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതിലുളള പ്രതിഷേധം ജനങ്ങള്‍ക്കിടിയില്‍ ശക്തമാണ്. അവരുടെ ഇടയിലേക്കാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഇല്ലാ കഥകളുമായി കോടികള്‍ മുടക്കി സിപിഎം ജാഥ കടന്നു പോകുന്നത്. പാര്‍ട്ടി അണികള്‍തന്നെ പ്രതിഷേധത്തിലാണ്.
കണ്ണൂരില്‍ മുന്‍ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്താകമാനം ചര്‍ച്ചയായി നിലനില്‍ക്കുകയാണ്. വെളിപ്പെടുത്തലിന്റെ പേരില്‍ പാര്‍ട്ടി അനുഭാവികളും നേതാക്കളും രണ്ടു ചേരിയില്‍ നിലകൊണ്ട് പരസ്യ പോര് തുടരുകയാണ്. പ്രശ്നം പരിഹരിക്കാനാവാതെ അവസാനം പി. ജയരാജനെതന്നെ ഇറക്കി പരിഹാരം തേടുകയാണ്. ഷുഹൈബ്, പെരിയ കൊലപാതക കേസുകള്‍ക്കായി 2.11കോടി രൂപ ഇതിനകം സര്‍ക്കാര്‍ ചിലവാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളും ആകാശിന്റെ വെളിപ്പെടുത്തലും കൂട്ടിവായിക്കുമ്പോള്‍ പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ വേണ്ടിയാണ് ഖജനാവില്‍ നിന്നും ഇത്രയധികം പണം ചിലവഴിച്ചതെന്ന യാഥാര്‍ത്ഥ്യം തെളിയുകയാണ്.
ലൈഫ്മിഷന് കേസില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുയര്‍ന്നിരിക്കുന്ന ആരോപണം, മുഖ്യമന്ത്രിയുടെ സുരക്ഷയും യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പയ്യന്നൂരിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമെല്ലാം പാര്‍ട്ടിയിലുടലെടുത്തിരിക്കുന്ന വിഭാഗീയതകളും ജാഥയുടെ നിറംകെടുത്തുന്ന അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയെല്ലാം മാറ്റി നിര്‍ത്തി പുതിയ ടീം എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളും അപരിചിതരായ ഏതാനും നേതാക്കളെ ജാഥയുടെ മാനേജ്മെന്റിന് നിയമിച്ചതിലും പാര്‍ട്ടിക്കുളളില്‍ അതൃപ്തിയുളളതായാണ് വിവരം. ജെയ്ക്ക്, സ്വരാജ്, ജലീല്‍ തുടങ്ങിയ ഏതാനും നേതാക്കളാണ് ജാഥയിലെ മുഴുവന്‍ സമയ നേതാക്കള്‍. പിബി അംഗമായ എം.എ. ബേബി, തോമസ് ഐസക്കതുടങ്ങി പിണറായിക്കും എം.വി. ഗോവിന്ദനും അനഭിമതരായ തലമുതിര്‍ന്ന നേതാക്കളെയെല്ലാം ജാഥയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതെല്ലാം ജാഥയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.
ചുരുക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനും വര്‍ഗ്ഗീയതയ്ക്കുമെതിരെ എന്ന പേരില്‍ നടത്തുന്ന ജാഥ പാര്‍ട്ടിയിലെ അന്തചിദ്രം ശമിപ്പിക്കാനും ജനകീയ പ്രതിഷേധങ്ങള്‍ ശമിപ്പിക്കാനുമുളള അധര വ്യായാമമായി മാറുന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: