പി.വി. രവീന്ദ്രന് നെടുങ്ങാടി
(ലേഖകന്‍ പി.വി.കെ. നെടുങ്ങാടിയുടെ സഹോദരിയുടെ മകനാണ്. കോര്പ്പറേഷന് ബാങ്ക് മാനേജറായിരുന്നു)
ജന്മഭൂമിയുടെ ആദ്യ പത്രാധിപരും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന പി.വി.കെ. നെടുങ്ങാടി അന്തരിച്ചിട്ട് നാളെ 27 വര്‍ഷം പൂര്‍ത്തിയാകുന്നു. 1996 ഫെബ്രുവരി 20ല്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ നെല്ലായയില്‍ വെച്ചായിരുന്നു അന്ത്യം. ഇരുമ്പാലശ്ശേരി വടക്കേതില്‍ പാഠകവിദ്വാന്‍ രേവുണ്ണി നെടുങ്ങാടിയുടെയും പുത്തന്‍ വലിയതൊടി ശിന്നമാളു കോവിലമ്മയുടെയും മൂന്നാമത്തെ മകനായിരുന്നു. അന്നത്തെ ഫോര്‍ത്ത് ഫോം വിദ്യാഭ്യാസത്തിനുശേഷം പഠനം തുടരുന്നതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. തറവാട്ടില്‍ അത്രയും ദാരിദ്ര്യമായിരുന്നു. അങ്ങനെ മുംബൈയിലേക്ക് വണ്ടികയറുകയും അവിടെ ചെറിയ ജോലികള്‍ നോക്കി അധികം താമസിയാതെ നാട്ടില്‍ തിരിച്ചെത്തി. പിന്നീട് കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന മനോരമയില്‍ ജോലി നോക്കുകയും കുറച്ചുകാലം തുടരുകയും ചെയ്തു.
അക്കാലത്ത് കണ്ണൂര്‍ അഴീക്കോടുള്ള എ.കെ. നായരുടെ (കുഞ്ഞമ്പുനായര്‍) ദേശമിത്രം പ്രസില്‍ പത്രാധിപരില്ലാതെ പ്രസ് അടച്ചുപൂട്ടുന്ന അവസ്ഥയിലേക്കെത്തി. അപ്പോള്‍ എ.കെ. നായര്‍ കോഴിക്കോട് വന്ന് പിവികെയെ കണ്ട് കണ്ണൂരിലേക്ക് ക്ഷണിച്ചു. ദേശമിത്രം വാരികയുടെയും സുദര്‍ശനം സായാഹ്ന ദിനപത്രത്തിന്റെയും പത്രാധിപരായി എല്ലാ ചുമതലയും നെടുങ്ങാടിയെ ഏല്പിച്ചു. അങ്ങിനെ 25 വര്‍ഷത്തിലധികം അദ്ദേഹം കണ്ണൂരില്‍ പത്രപ്രവര്‍ത്തകനും പത്രാധിപരായും ചെലവഴിച്ചു.
മതമൈത്രിക്ക് മകുടോദാഹരണമായിരുന്നു അദ്ദേഹം താമസിച്ചിരുന്ന താളിക്കാവിലെ തുണോലി ലൈന്‍ മുറിയിലുള്ള താമസം. വീടിന്റെ ഒരുവശത്ത് ക്രിസ്ത്യന്‍ കുടുംബവും മറുവശത്ത് മുസ്ലീം (പട്ടാണി) കുടുംബവുമായിരുന്നു. ഏതുതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും അവയെല്ലാം മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിലെത്തിച്ചത് അദ്ദേഹമായിരുന്നു.
അദ്ദേഹത്തിന് മക്കള്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ മരുമക്കളായിരുന്നു അദ്ദേഹത്തിന്റെ മക്കള്‍. എന്റെ കോളേജ് വിദ്യാഭ്യാസം അമ്മാവനോടൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ കൂടെയായിരുന്നു താമസം. കണ്ണൂരില്‍ പത്രാധിപരുടെ വീട്ടില്‍ പോകണമെന്നുപറഞ്ഞാല്, ഏത് ഓട്ടോക്കാരനും താളിക്കാവിലുള്ള ലൈന്മുറിയില് എത്തിക്കുമായിരുന്നു. കണ്ണൂരില്‍ പത്രാധിപര്‍ എന്നുപറഞ്ഞാല്‍ പിവികെ മാത്രമായിരുന്നു.
ദേശമിത്രം വാരികയിലൂടെ ഒരുപാട് യുവപ്രതിഭകളെ എഴുത്തുകാരെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കവിതയായാലും ലേഖനമായാലും അവയിലെ തെറ്റുതിരുത്തി പ്രസിദ്ധീകരിക്കുമായിരുന്നു. ഒരിക്കല്‍ ഗാന്ധിജിയുടെ പ്രസംഗം കോഴിക്കോട് വെച്ച് കേള്‍ക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഗാന്ധിയന്‍ സിദ്ധാന്തങ്ങളെ അരക്കിട്ടുറപ്പിച്ചുള്ള എളിയ ജീവിതമാണ് അദ്ദേഹം ജീവിതാവസാനം വരെ നയിച്ചത്.
കറുത്ത ഫ്രെയിമുള്ള ഒരു കണ്ണടയും ഖദറിന്റെ മുണ്ട്, ജുബ്ബ, വേഷ്ടി, മരത്തിന്റെ വളഞ്ഞ പിടിയുള്ള വലിയ ശീലക്കുട എന്നിവയാണ് ഉപയോഗിച്ചിരുന്നത്. റിസ്റ്റ് വാച്ച്, മോതിരം, ചെരുപ്പ് എന്നിവ ധരിച്ചിരുന്നില്ല. സിംപിള്‍ ലൈഫ്. ഏത് നട്ടുച്ച പൊരിവെയിലത്തും കുട നിവര്‍ത്തിപ്പിടിച്ച് ചുട്ടുപൊള്ളുന്ന, ടാര്‍ ഉരുകിയ റോഡിലൂടെ ഉച്ചഭക്ഷണത്തിനായി പ്രസില്‍നിന്ന് താളിക്കാവിലെ വീട്ടിലേക്ക് നടന്നുപോകും. നമുക്കൊന്നും ചിന്തിക്കാന്‍പോലും സാധ്യമല്ല ഇങ്ങനെ. എന്നെ എല്ലായ്പ്പോഴും ഉപദേശിക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്യുന്ന മൂന്ന് കാര്യങ്ങളുണ്ട്. അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിവ. ഇന്നും ഞാനത് ശിരസാവഹിക്കുന്നു. ആര്‍ഭാടജീവിതം നമുക്കരുതെന്ന് പൊരുള്‍.
എ.കെ. നായരുടെ മരണാനന്തരം അദ്ദേഹത്തിന്റെ മകന് രവീന്ദ്രന് നായരുടെ അധീനതയിലായിരുന്നു പിന്നീട് പ്രസിന്റെ ഉടമസ്ഥതയും പ്രസിദ്ധീകരണങ്ങളും. അദ്ദേഹവുമായുള്ള സ്വരച്ചേര്‍ച്ചക്കുറവും പ്രസ് കൊണ്ടുനടത്താനുള്ള ഇച്ഛാശക്തിയുടെ കുറവും കാരണം പ്രസ് പൂട്ടേണ്ടിവന്നു. അങ്ങനെയാണ് അമ്മാവന് അക്കാലത്ത് കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജന്മഭൂമി പത്രത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ജന്മഭൂമി പൂട്ടേണ്ടിവന്നു. അടിയന്തരാവസ്ഥ കാലത്ത് കേരളത്തില്‍ പൂട്ടിയ ഏക ദിനപത്രവും ജന്മഭൂമിയാണ്. കോഴിക്കോട് അദ്ദേഹം താമസിക്കുന്ന സ്ഥലത്തുനിന്നും അര്‍ധരാത്രിയിലാണ് പോലീസ് അറസ്റ്റുചെയ്തത്.
കണ്ണുകെട്ടി ഉടുതുണിയോടുകൂടി കൊണ്ടുപോയി. തന്റെ കണ്ണട എടുക്കുവാനോ ഷര്‍ട്ട് ഇടാനോ സമ്മതിച്ചില്ല. പാളയം റോഡിലെ വെങ്കിടേഷ് ബില്‍ഡിങിലായിരുന്നു അന്ന് ജന്മഭൂമിയും കേസരിയും പ്രവര്‍ത്തിച്ചിരുന്നത്. മൂന്നാമത്തെ നിലയില്‍നിന്നും അദ്ദേഹത്തേയും പി. നാരായണ്‍ജിയെയും അറസ്റ്റുചെയ്ത് കൊണ്ടുപോയി. ഈ സംഭവങ്ങളെല്ലാം അമ്മാവന് പിന്നീട് വിശദീകരിച്ച് എഴുതുകയുണ്ടായി. ജയിലില്‍നിന്നും മോചിതനായ ശേഷം പിന്നീടുള്ള എഴുത്തുമുഴുവന്‍ ജന്മഭൂമിക്കും കേസരിക്കുമായിരുന്നു. കാഴ്ചശക്തിയില്ലെങ്കിലും എഴുത്തുശക്തി അപാരമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മയും വളരെ പ്രസിദ്ധമാണ്. പുസ്തകങ്ങളും വാരികകളും കൃത്യമായി സ്റ്റാന്റില്‍ അടുക്കിവെക്കുമായിരുന്നു. ലേഖനങ്ങള്‍ എഴുതുന്നതിന് പുസ്തകങ്ങള്‍ കോട്ടുചെയ്യുന്നതിന് അവ ഉപകരിച്ചിരുന്നു.
രാജ്യസേവനത്തിനു വേണ്ടിയായിരുന്നു ജീവിതം മുഴുവന്‍ നല്‍കിയത്. നിരവധി പുസ്തകങ്ങളാണ് എഴുതിയത്. അവയിലിന്ന് പലതും കിട്ടാനില്ല. ഏറെക്കാലം പ്രവര്‍ത്തിച്ച കണ്ണൂരിലെ അന്നത്തെ നിരവധി പത്രപ്രവര്‍ത്തകരുടെ ജീവചരിത്രങ്ങള്‍ അദ്ദേഹത്തിന്റെ തൂലികതുമ്പിലൂടെ വന്നിട്ടുണ്ട്. 1921ലെ മാപ്പിള ലഹളയെക്കുറിച്ച് ‘സ്വാതന്ത്ര്യസമരമോ, മാപ്പിളലഹളയോ’ എന്ന പു
സ്തകം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ കപട രാജ്യസ്നേഹത്തെക്കുറിച്ചും 1942ലെ ക്വിറ്റ് ഇന്ത്യ സമരം ഒറ്റിക്കൊടുത്തതും അദ്ദേഹം വിശദീകരിച്ചെഴുതിയിട്ടുണ്ട്. ഇഎംഎസിന്റെ ലേഖനങ്ങള്‍ക്ക് കൃത്യമായ മറുപടി അദ്ദേഹം ജന്മഭൂമിയിലൂടെയും കേസരിയിലൂടെയും നല്കുകയുണ്ടായി.
മരിക്കുന്നതിന് തലേദിവസം പോലും ലേഖനം എഴുതുകയുണ്ടായി. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയുമുണ്ടായിരുന്നു. കെ.ജി. മാരാര്‍, ഒ. രാജഗോപാല്‍, ഇരുട്ടിരാമുണ്ണി എന്നിവര്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. ഏറ്റവുമൊടുവില്‍ ഒ. രാജഗോപാല്‍ തിരുവനന്തപുരത്തുവെച്ച് നെടുങ്ങാടി സാറിനെ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. മലയാള പത്രപ്രവര്‍ത്തന ലോകത്തെ കുലപതിയെന്ന് വിശേഷിപ്പിക്കാവുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു പിവികെ. 2005 ഫെബ്രുവരി 20ന് ചെര്‍പ്പുളശ്ശേരിയില്‍ ജന്മഭൂമി വികസന സമിതി അദ്ദേഹത്തിന്റെ ഒരു അനുസ്മരണം സംഘടിപ്പിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: