സച്ചിദാനന്ദ സ്വാമി
(പ്രസിഡന്റ്, ശിവഗിരി മഠം)
ശ്രീനാരായണ ഗുരുദേവന് പുതുയുഗപ്പിറവിക്ക് നാന്ദി കുറിച്ച മഹാസംഭവമാണല്ലോ അരുവിപ്പുറം പ്രതിഷ്ഠ. 1888ലെ മഹാശിവരാത്രി നാളിലാണ് പ്രതിഷ്ഠ നടന്നതെന്ന് ഏവര്‍ക്കും അറിയാം. അരുവിപ്പുറം വിപ്ലവം എന്ന പേരില്‍ പില്ക്കാലത്ത് പ്രസിദ്ധി നേടിയ ആ അദ്ധ്യാത്മ വിപ്ലവം നമ്മുടെ നാടിനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുവാന്‍ പര്യാപ്തമായി. ശവസമാനമായിക്കിടന്ന സമൂഹത്തെ ശിവസമാനമായി മാറ്റുവാന്‍ അരുവിപ്പുറം വിപ്ലവം നിദാനമായി. ജീവനില്ലെങ്കില്‍, ശിവനില്ലെങ്കില്‍ ശവമായി. അതുകൊണ്ടാണ് ഗുരുദേവന് ശിവന് വന്നാല്‍ എല്ലാമായി എന്നരുളി ചെയ്തുകൊണ്ട് ശിവരാത്രി നാളില്‍ ശിവനെ അരുവിപ്പുറത്തേക്ക് ഇറക്കിക്കൊണ്ടുവന്നത്. അത് മഹാഗുരുവിന്റെ അവതാരകൃത്യ നിര്‍വ്വഹണത്തിന്റെ ആരംഭം കുറിക്കലായി. പ്രതിഷ്ഠയോടുകൂടി ഗുരുദേവന്,
‘ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്’
എന്ന വിശ്വ സന്ദേശവും നല്കി. അരുവിപ്പുറത്തുള്ളതുപോലെ ആലുവാ അദൈ്വതാശ്രമത്തില്‍ മറ്റൊരു ശിവരാത്രി നാളിലാണ് അദ്യത്തേതെന്ന് വിളിക്കപ്പെടാവുന്ന സര്‍വ്വമതമഹാസമ്മേളനം ഗുരുദേവന് സംഘടിപ്പിച്ചത്. ലോക ചരിത്രത്തില്‍ ആദ്യമായി നടന്ന സര്‍വ്വമത സമ്മേളനമായി ഗണിക്കപ്പെടുന്നത് ചിക്കാഗോ സമ്മേളനമാണ്. ഭാരതജനതയുടെ അഭിമാനമായ വിവേകാനന്ദ സ്വാമികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്ത് ‘അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ’ എന്ന് സംബോധന ചെയതത് ഭുവന പ്രസിദ്ധമാണ്. ഇത് ലോക ചരിത്രത്തില്‍ മായാമുദ്രകള്‍ പതിപ്പിച്ചു. അതുവരെയും സ്വന്തം രാജ്യവും സ്വന്തം മതവുമെന്ന സ്വാര്‍ത്ഥ ബോധത്തില്‍ കഴിഞ്ഞിരുന്ന ജനതയ്ക്ക് അതിനപ്പുറം മനുഷ്യരാശിയെ ഏകതയില്‍ കാണുവാനുള്ള മഹദ് ദര്‍ശനമാണ് വിവേകാനന്ദ സ്വാമികള്‍ നല്‍കിയത്. ഇവിടെ ഒരു കാര്യം കൂടി എടുത്തു പറയേണ്ടതായിട്ടുണ്ട്. ചിക്കാഗോ സമ്മേളനത്തിന് അഞ്ച് വര്‍ഷം മുമ്പാണ് 1888ല്‍ സര്‍വ്വരും സോദരത്വേന വാഴുന്ന ഏക ലോകത്തെ ശ്രീനാരായണ ഗുരുദേവന് വിഭാവനം ചെയ്തത്. പക്ഷേ കേരളക്കരയില്‍ നിന്നുകൊണ്ട് ഗുരു പ്രഖ്യാപിച്ച ഏകലോക ദര്‍ശനം വേണ്ടവണ്ണം വിലയിരുത്തുവാന്‍ സമൂഹത്തിനോ ശ്രീനാരായണ പ്രസ്ഥാനത്തിനോ പോലും സാധിച്ചില്ല. വിശ്വഗുരുവിനെപ്പോലും ജാതിയുടെ വക്താവായി ചിത്രീകരിക്കപ്പെട്ടു.
ആദ്യസര്വ്വമത സമ്മേളനം എന്നു പറയുന്ന ചിക്കാഗോ സമ്മേളനം കൊളംബസ് അമേരിക്ക കണ്ടു പിടിച്ചതിന്റെ നാനൂറാം വാര്‍ഷികം പ്രമാണിച്ച് അമേരിക്കന്‍ ഗവണ്മെന്റ് സംഘടിപ്പിച്ചതാണ്. മനുഷ്യരെല്ലാം ഒന്ന് എന്നുള്ള ഗുരുവിന്റെ താത്വിക ദര്‍ശനം പോലെ ഒരു ദര്‍ശനം ഷിക്കാഗോ സമ്മേളനത്തിന്റെ പിന്നിലുണ്ടായിരുന്നോ എന്ന് സംശയമാണ്. നിരവധി മഹദ് വ്യക്തികള്‍ പങ്കെടുത്ത് തങ്ങളുടെ മതത്തിന്റെ വൈശിഷ്ട്യം ഊന്നിപ്പറയുകയായിരുന്നു ഈ സമ്മേളനത്തില്‍. എന്നാല്‍ ‘പലമതസാരവുമേകമെന്ന’ തത്വദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നു തുടങ്ങിയ മനുഷ്യനിഷ്ഠമായ ഏകത്വ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ഒരു വിശ്വമഹാഗുരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി സംഘടിപ്പിച്ചതാണ് അദൈ്വതാശ്രമത്തില്‍ നടന്ന സര്‍വ്വമതസമ്മേളനം. അതും ശിവരാത്രി നാളില്‍ തന്നെ സംഘടിപ്പിക്കുവാന്‍ ഗുരുദേവന് പ്രത്യേകം ശ്രദ്ധിച്ചു. ആലുവ സമ്മേളനത്തിന്റെ ശതാബ്ദിയാണ് 2023-24 എന്നറിയാമല്ലോ.
ഗുരുദേവന്റെ താത്വിക ദര്‍ശനത്തില്‍ ശിവപെരുമാന് നല്കുന്ന സ്ഥാനം എത്രയും ചിന്തനീയമാണ്. മറ്റൊരു പുണ്യനാളും തെരഞ്ഞെടുക്കാതെ ശിവരാത്രി തന്നെ ശിവപ്രതിഷ്ഠക്കായി തെരഞ്ഞെടുത്തത് എത്രയും പഠനാര്‍ഹമാണ്. ലോകത്തിലേക്കും, ഏറ്റവും പഴക്കം ചെന്ന സംസ്കാരമാണ് ദ്രാവിഡ സംസ്കാരം. ലോകമെങ്ങും ദ്രാവിഡ സംസ്കാരം നിറഞ്ഞു നിന്നിരുന്നു എന്ന് റഷ്യയിലും ചൈനയിലും ഇന്റോനേഷ്യയിലും മറ്റും നടന്ന പുരാവസ്തു ഗവേഷണങ്ങളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. പശുപതിയായ ശിവപെരുമാന്റെ സമാരാധനയ്ക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ടെന്ന് പറയാം. ദൈവസങ്കല്പ്പമനുസരിച്ച് പതി എല്ലാറ്റിനും കാരണഭൂതമായ പരമതത്വവും പശുജീവനും പാശം ജീവന്റെ ബന്ധനവുമാകുന്നു. ബന്ധനത്തില്‍നിന്നും ജീവന്റെ മോചനവും പതിയെ പ്രാപിക്കലും സിദ്ധാന്തമാകുന്നു. ഗുരുദേവന്റെ പല കൃതികളിലും ഈ പതിപശുപാശം എന്നീ സങ്കല്‍പ്പങ്ങള്‍ കാണാനാവും. ഈ തത്വത്തെ വേദാന്ത സമ്പ്രദായവുമായി സമന്വയിപ്പിച്ച് അദൈ്വത ദര്‍ശനത്തിന് പുതിയ ഭാഷ്യം ചമയ്ക്കുകയാണ് ഗുരുദേവന് ചെയ്തിട്ടുള്ളത്. ഗുരുദേവന് വര്‍ക്കല കുന്നിന് ശിവഗിരി എന്ന് പേരിട്ടതും ശിവനേയും ശിവകുടുംബത്തില്പ്പെട്ട ദേവതമാരേയും ആധാരമാക്കി കൂടുതലായി കൃതികള്‍ രചിച്ചതും ഈ മൂര്‍ത്തികളെ കൂടുതലായി പ്രതിഷ്ഠിക്കുകയും ചെയ്തതില്‍ നിന്നും ഗുരുദേവന്റെ ശൈവാഭിമുഖ്യം പ്രകടമാണ്. കുമാര മഹാകവി തൃപ്പാദങ്ങളെ സ്തുതിച്ചുകൊണ്ടെഴുതിയ ഗുരുസ്തവത്തില്‍ ‘വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍ താന്‍, ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ’ എന്നു പാടിയിരിക്കുന്നു. വേദാന്തവും സിദ്ധാന്തവും ചിരപുരാതനമായ ദര്‍ശനമാണ്. വേദത്തേയും ശൈവാഗങ്ങളേയും ഗുരുദേവന് അഭേദമായി ദര്‍ശിക്കുന്നു. ഗുരുദര്‍ശനത്തിന്റെ അപൂര്‍വ്വതയാണത്.
വേദാന്ത സിദ്ധാന്ത സമ്പ്രദായങ്ങളെ സമന്വയിപ്പിക്കുന്ന ഗുരുദേവന്റെ അസാധാരണത്വം ഇവിടെ വെളിപ്പെടുന്നുണ്ട്. മറ്റു ദേവതകളേക്കാള്‍ ഉപരിയായി ദ്രാവിഡ മൂര്‍ത്തിയായ ശിവനെ തന്നെ ഗുരു കൂടുതലായും ആവിഷ്ക്കരിച്ചു. ജാതി-ചാതുര്‍വര്‍ണ്യ വ്യവസ്ഥകള്ക്കിപ്പുറത്തുള്ള സങ്കല്പ്പത്തിലാകണം ഇത്. ചരിത്രഗതിയില്‍ ചാതുര്‍വര്‍ണ്യത്തെക്കുറിച്ചുള്ള ആദ്യപരാമര്‍ശം കാണുന്നത് വേദത്തിലെ പുരുഷ സൂക്തത്തിലാണ്. പുരുഷസൂക്തമാകട്ടെ വൈഷ്ണവ സങ്കല്പ്പത്തിലധിഷ്ഠിതവുമാണ്. അതുകൊണ്ടു കൂടിയാവണം ശൈവദര്ശനവുമായി ഗുരുദേവന് താദാത്മ്യം പ്രഖ്യാപിച്ചത്.
ലോകരക്ഷക്കായി ശിവപ്പെരുമാന് ഉണര്‍വ്വോടുകൂടി ഇരുന്ന ശിവരാത്രി നാള് ഗുരുദേവന് അദ്ധ്യാത്മ വിപ്ലവത്തിന്റെപുണ്യദിനമായി തെരഞ്ഞെടുത്തു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളുടെ ശൈവഭാവമാണ് ശിവസ്വരൂപം. നാഗങ്ങളെ ശരീരത്തിലണിഞ്ഞ് പുലിത്തോലിലിരുന്ന് കഴുത്തില്‍ കാളകൂട വിഷവുമായി ജഡയില്‍ ഗംഗയേയും ഇരുത്തി ചന്ദ്രനെ ഉയര്‍ത്തികാട്ടി പ്രകാശിക്കുന്ന ശിവസ്വരൂപം ആത്മതത്വത്തിന്റെ ആവിഷ്കാരമാണ്. കാളകൂടം ഭക്ഷിച്ച് ലോകരെ രക്ഷിക്കുവാന്‍ നിലകൊണ്ട മഹാദേവനൊപ്പം എല്ലാ ദേവീദേവന്മാരും ഉണര്‍വ്വോടെ നിലകൊണ്ടു എന്നാണ് പുരാണം വെളിപ്പെടുത്തുന്നത്. ഗുരുദേവന് കൃതികളില്‍ ഉടനീളം വെളിപ്പെടുത്തുന്ന ശൈവാഭിമുഖ്യം എത്രയും പഠന വിഷയമാണ്. ശിവനേയും ശിവതത്വത്തേയും അദൈ്വത തത്വത്തിന് അവിരോധമാകുമാറ് ഗുരുദേവന് സമന്വയിപ്പിക്കുന്നു.
അതിനാല്‍ മഹാശിവരാത്രി നമ്മുടെ നവോത്ഥാന ദിനമാണ്. അധ്യാത്മിക വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ ഗുരുദേവന് തെരഞ്ഞെടുത്ത ശിവരാത്രി നാള് പുതുയുഗപ്പിറവിയുടെ-ശ്രീനാരായണ യുഗത്തിന്റെ ആരംഭം കുറിക്കലായി. നെയ്യാറിന്റെ തീരത്ത് ശിവപ്രതിഷ്ഠയും ചൂര്ണ്ണികാ നദീതീരത്ത് സര്‍വ്വമത സമ്മേളനവും രണ്ടും മനുഷ്യനെ ഏകതയിലേക്ക് നയിക്കുവാന്‍ മഹാഗുരു സംഘടിപ്പിച്ച മഹാദിനങ്ങളായി. ശിവരാത്രി നാളിലൂടെയാണ് പുതുയുഗത്തിന്റെ വസന്തചാര്ത്തുണ്ടായത്. ഗുരുദേവന് പ്രതിഷ്ഠ നടത്തിയ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ശിവരാത്രിയാഘോഷങ്ങളുണ്ട്. അതുപോലെ ഗുരുദേവ പ്രസ്ഥാനത്തില്‍ നൂറുകണക്കിന് ശിവക്ഷേത്രങ്ങളുണ്ട്. കോടിക്കണക്കിനാളുകളെ മതസമന്വയത്തിലേക്കും മതസൗഹാര്ദ്ദത്തിലേക്കും ശാന്തിയിലേക്കും സമാധാനത്തിലേയ്ക്കും നയിച്ചത് ശിവരാത്രി ദിനങ്ങളാണ്. അങ്ങനെ ശിവരാത്രി മാനവ പുരോഗതിക്കുള്ള ദിനമായി ഗുരുദേവന് മാറ്റിയെടുത്തു. അതിനാല്‍ മഹാശിവരാത്രി എല്ലാവരും ആഘോഷിക്കണം. കേരളീയ ജനതയ്ക്കാകമാനം ഇതിനു ചുമതലയുണ്ട്. ഏവരും ഗുരുചിന്തയോടൊപ്പം ചേരണം. ഗുരുദേവ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും ശിവരാത്രിയെ നവോത്ഥാന ദിനമായി ആഘോഷിക്കണം. പ്രത്യേകിച്ച് ഗുരുഭക്തരും അധഃസ്ഥിത പിന്നാക്ക ജനവിഭാഗങ്ങളും ശിവരാത്രിയുടെ പ്രാധാന്യമറിഞ്ഞ് പ്രവര്‍ത്തിക്കണം. ആ ദിവസം സാര്‍വ്വത്രികമായ ആഘോഷങ്ങള്‍ ഗുരുദേവ ദര്‍ശനത്തില്‍ ഊന്നിനിന്നുകൊണ്ട് നാടെങ്ങും സംഘടിപ്പിക്കണമെന്ന് ഗുരുദേവസംന്യസ്ത ശിഷ്യപരമ്പരയുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: