അലോക് കുമാര്‍
കേന്ദ്ര ഊര്‍ജ മന്ത്രാലയ സെക്രട്ടറി
ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ഒന്നാം ഊര്‍ജ പരിവര്‍ത്തന പ്രവര്‍ത്തന സമിതി യോഗം ബെംഗളൂരുവില്‍ വിജയകരമായി സമാപിച്ചു. 18 അംഗ രാജ്യങ്ങളെയും പ്രത്യേക ക്ഷണിതാക്കളായ 9 അതിഥി രാജ്യങ്ങളെയും 15 അന്താരാഷ്ട്ര സംഘടനകളെയും പ്രതിനിധാനം ചെയ്ത് 110ലധികം പേര് ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തു. ഊര്ജപരിവര്ത്തനത്തിലെ നേട്ടങ്ങളും ഇന്ത്യാ ഗവണ്മെന്റിന്റെ വിവിധ ഇടപെടലുകളായ സൗഭാഗ്യ, ഉജ്വല, ഉജാല പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് ശുദ്ധമായ ഊര്‍ജം ലഭ്യമാക്കുന്നതിലെ വിജയവും ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ലൈഫ് (പരിസ്ഥിതിസൗഹൃദ ജീവിതശൈലി) യജ്ഞത്തിലൂടെ ആവശ്യകത കൈകാര്യം ചെയ്യുന്നതിനും ഉത്തരവാദിത്വമുള്ള ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ ആഹ്വാനത്തിന് പങ്കെടുത്ത എല്ലാ രാജ്യങ്ങളില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിച്ചു.
ഇന്ത്യയുടെ അധ്യക്ഷതയില്‍ നിര്‍ദേശിച്ച ആറ് മുന്‍ഗണനാ മേഖലകളില്‍ അംഗരാജ്യങ്ങളില്‍ നിന്ന് മികച്ച പിന്തുണയും ലഭിച്ചു. അതില്‍ സാങ്കേതിക അന്തരം പരിഹരിക്കുന്നതിലൂടെയുള്ള ഊര്‍ജ പരിവര്‍ത്തനം, ഊര്‍ജ പരിവര്‍ത്തനത്തിന് കുറഞ്ഞ ചെലവിലുള്ള ധനസഹായം, ഊര്‍ജ സുരക്ഷയും വൈവിധ്യമാര്‍ന്ന വിതരണ ശൃംഖലകളും, ഊര്‍ജ കാര്യക്ഷമതയും കുറഞ്ഞ വ്യാവസായിക കാര്‍ബണ്‍ പരിവര്‍ത്തനവും ഉത്തരവാദിത്വ ഉപഭോഗവും, ഭാവിയിലേക്കുള്ള ഇന്ധനങ്ങള്‍: ഹരിത ഹൈഡ്രജനും ജൈവ ഇന്ധനങ്ങളും , ശുദ്ധമായ ഊര്‍ജത്തിന്റെ സാര്‍വത്രിക ലഭ്യതയും, ന്യായമായതും മിതമായതും ഉള്‍ക്കൊള്ളുന്നതുമായ ഊര്‍ജ സംക്രമണ പാതയും എന്നിവ ഉള്‍പ്പെടുന്നു.
ഇലക്ട്രോലൈസറുകള്‍, ഇന്ധനസെല്ലുകള്‍, കാര്‍ബണ്‍ ക്യാപ്ചര്‍ യൂട്ടിലൈസേഷന്‍ ആന്‍ഡ് സ്റ്റോറേജ് (സിസിയുഎസ്), ബാറ്ററി സംഭരണത്തിനായുള്ള ഉന്നത നിലവാരത്തിലുള്ള കെമിസ്ട്രി സെല്ലുകള്‍, ലഘു മോഡുലേറ്റര്‍ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ എന്നിവയുടെ കാര്യക്ഷമതയും ചെലവ് കുറയ്ക്കലും എന്നിവ അന്താരാഷ്ട്ര സഹകരണത്തിനുള്ള പ്രധാന മേഖലയായി കണ്ടെത്തി. ആഗോള ഊര്‍ജ പരിവര്‍ത്തനം സാക്ഷാത്കരിക്കുന്നതില്‍ ഊര്‍ജ സുരക്ഷയുടെ അവിഭാജ്യ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചകളില്‍ സമവായമായി. ഊര്‍ജ സ്രോതസുകളുടെ സംഭാവനയെ അടിസ്ഥാനമാക്കി ഓരോ രാജ്യത്തിനും അതിന്റേതായ ഊര്‍ജ സംക്രമണ പാത ഉണ്ടായിരിക്കുമെന്ന് തിരിച്ചറിഞ്ഞു.
ഭാവിയില്‍ ഹരിതഗൃഹവാതക ബഹിര്‍ഗമനം പൂജ്യത്തിലെത്താന്‍, 2050ല്‍ ലോകത്തില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 90 ശതമാനവും പുനരുപയോഗ ഊര്‍ജമായിരിക്കണം. 2021ല്‍ ഇത് 29 ശതമാനമാണ്. ആഗോള സൗരോര്‍ജ, വായു ഊര്‍ജ ശേഷി ഗണ്യമായി ഉയരേണ്ടതുണ്ട്. 2020നും 2050നും ഇടയില്‍ സൗരോര്‍ജ ശേഷി മാത്രം 17 മടങ്ങ് വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഊര്‍ജ മേഖലയിലെ വാര്‍ഷിക ബാറ്ററി വിന്യാസം 2050 ആകുമ്പോഴേക്കും ആഗോളതലത്തില്‍ 300 ജിഗാവാട്ടില്‍ അധികം, അതായത് 2021ലെ ബാറ്ററി ആവശ്യകതയുടെ 51 മടങ്ങ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. സമാനമായി, 2030ഓടെ ഇലക്ട്രോലൈസര്‍ ശേഷിയുടെ (850 ജിഗാവാട്ട്) 129 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് ആവശ്യമായി വരുന്ന സാഹചര്യത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഹരിത ഹൈഡ്രജന്‍ മേഖലയില്‍ പ്രതീക്ഷിക്കുന്നത്.
ലോകം പുതിയ പുനരുപയോഗ ഊര്‍ജശേഷി കെട്ടിപ്പടുക്കുന്നതിനനുസരിച്ച് വിതരണ ശൃംഖലകള്‍ വൈവിധ്യവല്‍ക്കരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയാണ് പ്രധാന വെല്ലുവിളിയായി തിരിച്ചറിഞ്ഞിട്ടുള്ളത്. 2022ല്‍, പ്രധാന സാങ്കേതിക വിദ്യകളുടെ 80 ശതമാനത്തിലധികം നിര്‍മാണ ശേഷി, അതായത് സൗരോര്‍ജ പിവി മൊഡ്യൂള്‍ (480 ജിഗാവാട്ട്), കാറ്റ് (120 ജിഗാവാട്ട്), ലിഥിയംഅയണ് ബാറ്ററി (1000 ജിഗാവാട്ട് മണിക്കൂര്‍), കൂടാതെ 50% ഇലക്ട്രോലൈസറുകള്‍ (8 ജിഗാവാട്ട്/വര്‍ഷം) എന്നിവ, മൂന്ന് രാജ്യങ്ങളില്‍ മാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു എന്നാണ് ഒരു പഠനത്തില്‍ കാണുന്നത്. ഉദാഹരണത്തിന്, കഴിഞ്ഞ ദശകത്തില്‍, സോളാര്‍ പിവി സാമഗ്രികളുടെ ആഗോള വ്യാപാരത്തിന്റെ 70 ശതമാനവും വഹിച്ചത് അഞ്ച് രാജ്യങ്ങള്‍ മാത്രമാണ്. കാറ്റില്‍ നിന്നുള്ള വൈദ്യുതിയുടെ മേഖലയില്‍, മൊത്തം വ്യാപാരത്തിന്റെ 80 ശതമാനവും കയറ്റുമതി ചെയ്യുന്നത് നാല് രാജ്യങ്ങള്‍ മാത്രമാണ്. ലിഥിയംഅയണ് ബാറ്ററിയുടെ നിര്‍മാണവും ഏതാനും രാജ്യങ്ങളില്‍ മാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു. മൊത്ത വ്യാപാരത്തിന്റെ 70 ശതമാനവും നാല് രാജ്യങ്ങള്‍ മാത്രമാണ് നടത്തിയത്.
നിലവിലുള്ള പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം വളരെ കേന്ദ്രീകൃതമാണെന്നും വ്യാപാര ശൃംഖല ഊര്‍ജ സുരക്ഷയ്ക്ക് അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും തിരിച്ചറിഞ്ഞ അംഗരാജ്യങ്ങള്‍, ഊര്‍ജ സംവിധാനങ്ങള്‍ക്കാവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കള്‍, നിര്‍ണായക ധാതുക്കള്‍, ഘടകങ്ങള്‍ എന്നിവയുടെ പ്രാദേശിക ഉല്‍പ്പാദനത്തിലും, വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനെ അഭിസംബോധന ചെയ്യേണ്ടതിന്റെ അടിയന്തര പ്രാധാന്യം ഉയര്‍ത്തിക്കാട്ടി.
ഹരിത ഹൈഡ്രജന്‍/അമോണിയ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി യോഗത്തില്‍ വലിയ പിന്തുണയുണ്ടായിരുന്നു. ഒപ്പം കുറഞ്ഞ കാര്‍ബണ്‍ അടങ്ങിയ ഹൈഡ്രജന്‍ സാങ്കേതികവിദ്യകളുടെ മുഴുവന്‍ സാധ്യതകളും പരിഗണിക്കാനും ചില അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു. സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിന് പൊതുമേഖലാ ധനസഹായത്തോടൊപ്പം സ്വകാര്യമേഖലയിലെ ധനസഹായവും അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. ഗ്ലോബല്‍ സൗത്തിന്റെ ആവശ്യകതകള്‍ കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകതയും ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ സാങ്കേതികവിദ്യകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് അതത് ഗവണ്മെന്റുകള് വ്യക്തമായ ദീര്‍ഘകാല സൂചനകള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയും അവര്‍ എടുത്തുപറഞ്ഞു.
ഡീകാര്ബണൈസേഷന് ലക്ഷ്യമിടുന്ന സമ്പദ് വ്യവസ്ഥകളുടെ ‘ആദ്യ ഇന്ധന’മായി ഊര്‍ജക്ഷമതയെ അംഗീകരിക്കുകയും, ഇക്കാര്യത്തില്‍ ആ രാജ്യങ്ങള്‍ സ്വീകരിച്ച ദേശീയ നയങ്ങളുടെ വ്യാപ്തി അംഗരാജ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. 2030ഓടെ ആഗോളതലത്തില്‍ ഊര്‍ജക്ഷമത ഇരട്ടിയാക്കാനുള്ള പദ്ധതിരേഖ നിര്‍ദേശിക്കുന്നതിനുള്ള നിര്‍മാണ ഘടകങ്ങളെ കുറിച്ച് ഇവ മികച്ച ഉള്‍ക്കാഴ്ചകള്‍ നല്കി. ഹരിത വളര്‍ച്ചയും ഹരിത തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതിന് വ്യവസായ വൈദ്യുതീകരണവും ഗതാഗതവും പ്രധാനമാണെന്നും എടുത്തുകാട്ടി.
അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചെലവ് വഹിക്കുന്നതിലെ പ്രശ്നത്താല്‍ ലോകത്ത് 75 ദശലക്ഷം പേര്‍ക്ക് കൊവിഡ് പ്രതിസന്ധിക്കിടെ വൈദ്യുതി ലഭ്യത നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ശുദ്ധമായ പാചക സാങ്കേതികവിദ്യകളും ഇന്ധനങ്ങളും ലഭ്യമല്ലാത്ത 2.4 ബില്യണ്‍ പേര് ആഗോളതലത്തില്‍ നിലവിലുള്ളപ്പോള്‍, ശുദ്ധമായ പാചകത്തിന് ശേഷിയുള്ള 100 ദശലക്ഷത്തിലധികം പേര്‍ക്ക് ഭാവിയില്‍ അത് താങ്ങാന്‍ കഴിയുകയില്ല. അതിനാല്‍, ഏതൊരു ഊര്‍ജ പരിവര്‍ത്തനവും ആരെയും പിന്നിലാക്കാതെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ നടപ്പിലാക്കുമെന്ന് ഉറപ്പാക്കണമെന്നും അംഗങ്ങള്‍ ധാരണയായി.
ഊര്‍ജ സുരക്ഷാ പരിഗണനകള്‍ നിറവേറ്റുന്നതിനായി പ്രകൃതി വാതകത്തെ പരിവര്‍ത്തന ജൈവ ഇന്ധനമായി അംഗീകരിക്കേണ്ടതിന്റെ ആവശ്യകത ചില അംഗരാജ്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, എഥനോളും കംപ്രസ്ഡ് ബയോഗ്യാസും മുതല്‍ ഹരിത ഹൈഡ്രജന്‍ വരെ ഉള്‍ക്കൊള്ളുന്ന ഭാവിയിലേക്കുള്ള വിശാലമായ ഇന്ധനങ്ങള്‍ ശുദ്ധമായ ഊര്‍ജ പരിവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിക്കുമെന്നു കാര്യത്തിലും അംഗങ്ങള്‍ക്ക് ഏകാഭിപ്രായമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: