കൊല്ലം: ശമ്പളക്കാര്യത്തിലെന്ന പോലെ പെന്‍ഷന്‍കാരുടെ കാര്യവും കെഎസ്ആര്‍ടിസിയില്‍ അവതാളത്തിലാണ്. പെന്ഷന് എപ്പോള്‍ കിട്ടുമെന്നോ എത്ര കിട്ടുമെന്നോ ഒരുറപ്പുമില്ല. പെന്ഷനെമാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി പേര്‍ക്ക് ഇത് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. രോഗബാധിതരായ പെന്‍ഷന്‍കാര്‍ക്ക് കൃത്യസമയത്ത് മരുന്നുവാങ്ങാന്‍ പോലും കഴിയുന്നില്ല.
ജീവിത ചെലവ് വര്‍ധിച്ചിരിക്കുന്ന ഇക്കാലത്ത് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കെഎസ്ആര്‍ടിസിയില്‍ പെന്ഷന് പരിഷ്കരണം നടപ്പാക്കിയിട്ട് പതിനൊന്ന് വര്‍ഷത്തിലേറെയായി. പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തിന് അതിലേറെ പഴക്കമുണ്ട്. പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിനോ, കോര്‍പറേഷനോ ഇതുവരെ ആയിട്ടില്ല. നിലവില്‍ പെന്ഷന് കുടിശിക ഇല്ലെങ്കിലും പെന്ഷന് പരിഷ്കരണം ഉണ്ടാകാത്തതില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ അസ്വസ്ഥരാണ്.
2011ലാണ് അവസാനമായി പെന്ഷന് പരിഷ്കരിച്ചത്. മറ്റ് സര്‍ക്കാര്‍ സര്‍വീസുകളില്‍ ശമ്പള പരിഷ്കരണം നടത്തുമ്പോള്‍ തന്നെ പെന്‍ഷനും പരിഷ്കരിക്കും. എന്നാല്‍ കെഎസ്ആര്‍ടിസി മാത്രം ഇത് നടപ്പാക്കുന്നില്ലെന്നാണ് പെന്‍ഷന്‍കാരുടെ പരാതി. 1997 മുതല്‍ പെന്‍ഷന്‍കാര്‍ അധികാരകേന്ദ്രങ്ങളുടെ പടിവാതുക്കല്‍ കയറി ഇറങ്ങുകയാണ്. നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഒരു തീരുമാനവുമായിട്ടില്ല.
കേരളത്തിലെ എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്കി. ഒടുവില്‍ വിഷയം പഠിക്കാന്‍ നിയമസഭാ സമിതിയെ നിയോഗിച്ചു. നിയമസഭാ സമിതി പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ശിപാര്‍ശയും ചെയ്തു. എന്നാല്‍ ഇതിലും നടപടിയായില്ല. 2011ലെ പെന്ഷന് തുകയാണ് ഇപ്പോഴും പെന്ഷന് തുകയായി വാങ്ങുന്നത്. 2018 മുതല്‍ ഓണം സ്പെഷല്‍ അലവന്‍സായി കിട്ടിയിരുന്ന അധിക തുകയും നിലച്ചു.
കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാരും, ആശ്രിതപെന്‍ഷന്‍ ലഭിക്കുന്നവരും ഉള്‍പ്പെടെ 38,000 പേര്‍ക്കാണ് പ്രതിമാസം പെന്ഷന് ലഭിക്കുന്നത്. ഇതില്‍ 75 ശതമാനത്തിലേറെയും പെന്ഷന് തുകയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്നവരാണ്. നേരത്തെ അഞ്ചുമാസത്തോളം പെന്ഷന് വിതരണം മുടങ്ങിയപ്പോള്‍, പത്തുപേരോളം ആത്മഹത്യ ചെയ്തത് ഇതിന് തെളിവാണ്. ആഹാരത്തിനും മരുന്നിനും വീട്ട് വാടകയ്ക്കും പെന്ഷന് പ്രതീക്ഷിച്ച് കഴിയുന്നവര്‍ക്ക് ജീവിതചെലവ് കൂടിയ ഇന്നത്തെ സാഹചര്യത്തില്‍ ഇപ്പോള്‍ കിട്ടുന്ന പെന്ഷന് തുക മതിയാകില്ല. ഇതിന്റെ കൂടെ കൃത്യമല്ലാതെ കിട്ടുന്ന പെന്‍ഷനും ഇവരെ ദുരിതത്തിലാക്കുകയാണ്. വിരമിച്ച ജീവനക്കാരുടെ അവകാശമാണ് പെന്‍ഷനെന്നും അത് വൈകിക്കുകയോ നിഷേധിക്കുകയോ ചെയ്യരുതെന്ന ഹൈക്കോടതിയുടെ നിര്‍ദേശം പലപ്പോഴും കോര്‍പറേഷനും സര്‍ക്കാരും മറക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: