2003ല്‍ കൊളോണിയല്‍, ഉത്തര കൊളോണിയല്‍ സമൂഹങ്ങളിലെ ബഹുലത, സാംസ്കാരിക ബഹുസ്വരത എന്നിവയെക്കുറിച്ചുള്ള യുനെസ്കോ പ്രമേയത്തിനുവേണ്ടി എഴുതുന്ന വേളയില്‍, പ്രൊഫ. ഹരിഹര്‍ ഭട്ടാചാര്യ, രാഷ്ട്രം ശിഥിലമാകാതെ കാക്കുന്നതില്‍ വിജയം കൈവരിച്ച ഇന്ത്യ, വൈവിധ്യവും സങ്കീര്‍ണതയും ഉണ്ടെങ്കിലും അതിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിന്റെ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരികയുണ്ടായി.
പല പണ്ഡിതരേയും എല്ലായ്പ്പോഴും വിഭ്രമിപ്പിച്ചിട്ടുള്ള ഈ പ്രശ്നത്തിനാണ് ഏകദേശം അഞ്ചു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ഉത്തരം കണ്ടെത്തിയത്. അദ്ദേഹം പുതിയൊരു സിദ്ധാന്തം രൂപപ്പെടുത്തുകയോ മറ്റൊരു ആശയം അവതരിപ്പിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഇന്ത്യയുടെ ആത്മീയ, ഭൗതിക പാരമ്പര്യങ്ങളില്‍നിന്ന് പ്രേരകശക്തി ഉള്‍ക്കൊണ്ടു. നിതാന്ത യാഥാര്‍ത്ഥ്യം എന്ന നിലയില്‍ ഒരു രാഷ്ട്രത്തിന് നാലു ചേരുവകള്‍ ആവശ്യമുണ്ടെന്ന് അദ്ദേഹം കൃത്യമായി വരച്ചുകാട്ടി-ദേശത്തേയും ജനങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു ആവാസവ്യവസ്ഥ; ഒരു സംയുക്ത ജീവിതത്തിനു വേണ്ട കൂട്ടായ ഇച്ഛാശക്തി; ‘ധര്‍മം’ എന്നു വിളിക്കപ്പെടുന്ന ഒരു ജീവിത വ്യവസ്ഥ; ഒരു ജീവിതാദര്‍ശം. വ്യക്തിക്ക് ശരീരം, മനസ്സ്, ധിഷണ, ആത്മാവ് എന്നിവ ഉള്ളതുപോലെ, രാഷ്ട്രത്തിന് ഭൗതികശരീരം, ഇച്ഛാശക്തി, ധര്‍മ്മം, സമഞ്ജസമായ സഹവര്‍ത്തിത്വം എന്ന ആദര്‍ശം എന്നിവ ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാഷ്ട്രത്തിന് ‘ചിതി’ എന്നു വിളിക്കുന്ന ഒരാത്മാവുണ്ട്. ഭാരതീയ പശ്ചാത്തലത്തില്‍ അത് യുക്തിപരതയിലും അഭിവീക്ഷണത്തിലുമുള്ള നമ്മുടെ സമീപനമാണ്. ആക്രമണങ്ങള്‍, അഭിപ്രായഭേദങ്ങള്‍, സംഘര്‍ഷങ്ങള്‍, വിക്ഷോഭങ്ങള്‍ എന്നിവയുടെ ഫലമായി, അഞ്ചു നൂറ്റാണ്ടുകളിലൂടെയാണ് പാശ്ചാത്യ രാഷ്ട്രങ്ങളും ദേശീയതയും പരിണമിച്ച് നിലവിലുള്ള വ്യവസ്ഥാ ക്രമത്തില്‍ എത്തിയിട്ടുള്ളത്. ഏകത, സംവാദങ്ങള്‍, ഉദ്ഗ്രഥനം, വിവേകം, യുക്തി, അഖണ്ഡത എന്നിവയുടെ ഫലമായി, അഞ്ചു സഹസ്രാബ്ദങ്ങള്‍ നീണ്ട ഒരു പ്രക്രിയയിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്ര സങ്കല്പം പരിണമിച്ചുളവായത്. അതിനാല്‍, പാശ്ചാത്യ രാഷ്ട്രങ്ങള്‍ യൂറോപ്പിലെ മത-രാഷ്ട്രീയ വിക്ഷോഭങ്ങളുടെ ഉല്പ്പന്നങ്ങളായിരുന്നപ്പോള്, നിതാന്തമായ ഇന്ത്യന്‍ രാഷ്ട്രസങ്കല്പം, അന്തര്‍ലീനമായ ശ്രേഷ്ഠ ധര്മത്തിലൂടെയാണ് രൂപംകൊണ്ടതെന്ന് ദീനദയാല്‍ജി അടിവരയിട്ടു പറയുകയുണ്ടായി.
നമ്മുടെ ഭൂത-വര്‍ത്തമാനങ്ങളെ സാംസ്കാരികമായ ബഹുസ്വരതയുടെ ചട്ടക്കൂടിനകത്ത് നിര്‍വചിക്കാനും വിശദീകരിക്കാനും വ്യാഖ്യാനിക്കാനും തെളിയിക്കാനും ഊന്നിപ്പറയാനും സമകാലിക ഭാരതത്തിന്റെ അക്കാദമിക, സാംസ്കാരിക ഭൂമികയില്‍ ഈയടുത്തകാലത്തായി, ഭംഗിയായി സംവിധാനം ചെയ്യപ്പെട്ട ഒരു പരിശ്രമം ഉയര്‍ന്നുവന്നിട്ടുണ്ട്. ഉദ്ഗ്രഥനം, സ്വാംശീകരണം എന്നിവയെക്കുറിച്ചുള്ള നമ്മുടെ ആശയത്തേയും അടിസ്ഥാനപരമായി ഇന്ത്യയുടെ പൈതൃകമായിരുന്ന വൈവിധ്യം, ഭിന്നാത്മകത എന്നിവയുടെ സംരക്ഷണത്തേയും തുടച്ചുനീക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സാംസ്കാരിക ബഹുസ്വരത സ്വീകരിക്കുകയും തങ്ങളുടെ പൈതൃകവും പാരമ്പര്യങ്ങളും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് യൂറോ-അമേരിക്കന്‍ സമൂഹങ്ങള്‍, രാഷ്ട്രീയ അസ്ഥിരതയുടെ ചിന്താക്കുഴപ്പങ്ങളേയും സാംസ്കാരിക ശൈഥില്യത്തിന്റെ വൈകാരികാഘാതങ്ങളേയും എതിരിടുന്ന ഒരു കാലത്ത് ദീനദയാല്‍ജിയുടെ കാഴ്ചപ്പാടുകള്‍ക്ക് വളരെയേറെ പ്രസക്തി കൈവന്നിട്ടുണ്ട്.
സാംസ്കാരിക ബഹുസ്വരതയെക്കുറിച്ച്
മുന്‍പ് യൂറോപ്യന്‍ കോളനികളില്‍ പാര്‍ത്തിരുന്നവരും കുടിയേറ്റ യൂറോ-അമേരിക്കന്‍ സമൂഹങ്ങളുടെ ദൃഷ്ടിയില് തരംതാണവരായി കാണപ്പെട്ടിരുന്നവരുമായ ജനതതിയോടുള്ള പ്രതികരണത്തിലാണ് സാംസ്കാരിക ബഹുസ്വരതയുടെ തുടക്കം. വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ സംസ്കാരങ്ങള്‍ ചില പരിധികള്‍ക്കുള്ളില്‍ നിലനിര്‍ത്താന്‍ അവകാശമുണ്ടെന്ന് പാശ്ചാത്യ ലിബറല്‍ ജനാധിപത്യ രാഷ്ട്രങ്ങള്‍ വാദിച്ചു. വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരവല്‍ക്കരണവും കുടിയേറ്റവും ഹേതുവായി 1970 കള്‍ മുതല്‍ കാനഡയിലും ആസ്ട്രേലിയയിലും പശ്ചിമയൂറോപ്പിലും സാംസ്കാരിക ബഹുസ്വരത ഔദ്യോഗിക നയമായിട്ടുണ്ട്. കാനഡയിലെ ഹാല്‍റ്റണ്‍ പ്രദേശമാകെ, ഹാല്‍റ്റണ്‍ മള്‍ട്ടിക്കള്‍ച്ചറല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ‘സാംസ്കാരിക ബഹുസ്വരതാ ദിനം’ ആയി ആഘോഷിക്കുന്നു.
സബ്സഹാറന്‍ ആഫ്രിക്കയിലെ യൂറോപ്യന്‍ സാമ്രാജ്യത്തിന്റെ പുതുവളര്‍ച്ച, അമേരിക്കന്‍ ഐക്യനാടുകളിലേക്കും ലാറ്റിനമേരിക്കയിലേക്കും ദക്ഷിണ-പൂര്‍വ്വ യൂറോപ്യന്മാരുടെ വന്‍തോതിലുള്ള കുടിയേറ്റം എന്നിവയോടുള്ള പ്രതികരണം എന്ന നിലയില്‍ ചാള്‍സ്, സാന്‍ഡേഴ്സ്, ജോര്‍ജ് സന്തായന, അലെന്‍ ലോക്ക് തുടങ്ങിയ ചിന്തകരും ദാര്‍ശനികരും സാമൂഹിക ശാസ്ത്രജ്ഞരും വികസിപ്പിച്ചെടുത്ത ആശയങ്ങളില്‍നിന്നാണ് ആധുനിക കാലത്തെ സാംസ്കാരിക ബഹുസ്വരത ഉയര്‍ന്നുവന്നിട്ടുള്ളത്. ബഹുസ്വരതയുടെ ശ്രദ്ധേയരായ പ്രത്യയശാസ്ത്ര വക്താക്കളില്‍ റോബര്‍ട്ട് അലന്ദാള്, സെയ്മര്‍ മാര്ട്ടിന് ലിപ്സെറ്റ് എന്നിവര്‍ ഉള്‍പ്പെടുന്നു. 1960കളിലെ പൗരാവകാശ പ്രസ്ഥാനം മുതല്‍ മേല്‍പ്പറഞ്ഞ പ്രത്യയശാസ്ത്രം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രചരിപ്പിക്കാന്‍ അമേരിക്ക തങ്ങളുടെ ശക്തമായ സാംസ്കാരിക സ്വാധീനം ഉപയോഗിച്ചെങ്കിലും, ലോകത്താകമാനം അതിന്റെ ഉത്സുകരായ പിന്തുണക്കാര് ഇടതുപക്ഷക്കാരായിരുന്നു. ഇന്ന് സാംസ്കാരിക ബഹുസ്വരത, പൊതുവില്‍ കോളനി വാഴ്ചാനന്തര കുടിയേറ്റവുമായും, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കകത്തെ വ്യത്യസ്ത വംശീയ ഗ്രൂപ്പുകളുടെ തൊട്ടടുത്ത പരസ്പര സാമീപ്യവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. വംശം എന്നത് സാംസ്കാരിക ബഹുസ്വരതയില്‍ വളരെ പ്രധാനമാണ്. സാംസ്കാരിക ബഹുസ്വരതയെക്കുറിച്ചുള്ള സമകാലിക സംവാദങ്ങള്‍, പാശ്ചാത്യനാടുകളിലെ വൈവിധ്യവും കുടിയേറ്റ സംയോജനനവും കൈകാര്യം ചെയ്യാനുള്ള ശരിയായ മാര്‍ഗം സാംസ്കാരിക ബഹുസ്വരതയാണോ എന്നതിനെ കേന്ദ്രീകരിച്ചായിരിക്കുന്നു.
ധൈഷണിക സമൂഹം തള്ളിപ്പറയുന്നു
യൂറോ-അമേരിക്കന്‍ വിദഗ്ധ ബുദ്ധിജീവിക്കൂട്ടായ്മകളുടെ ശ്രേഷ്ഠമായ ആരാധനാപാത്രമായിരുന്നതും ‘വൈവിധ്യ’പദ്ധതികളിലൂടെ പല യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും നടപ്പിലാക്കാന്‍ ശ്രമിച്ചതുമായ സാംസ്കാരികമായ ബഹുസ്വരതയ്ക്ക് അതിന്റെ പഴയ വശ്യമനോഹാരിതയും പ്രഭയും നഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളായി സാംസ്കാരിക ബഹുസ്വരതയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചുവന്നിരുന്ന പശ്ചിമയൂറോപ്പ്, അതിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. ആഗോളതലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള അപകടകരമായ ബാല്‍ക്കനൈസേഷന്‍ സിദ്ധാന്തങ്ങളിലൊന്ന്, സാംസ്കാരിക ബഹുസ്വരത എന്ന ആശയത്തിലാണ് അധിഷ്ഠിതമായിട്ടുള്ളത്. ജര്‍മന്‍കാര്‍ ‘പാരലല്‍ ഗീസെല്‍ ഷാഫ്റ്റന്’ അഥവാ ‘രാജ്യത്തിന്റെ സാമൂഹിക-സാംസ്കാരിക അഖണ്ഡതയില്‍ നിന്നു സമാന്തര സമൂഹങ്ങള്‍’ എന്നുവിളിക്കുന്ന അവസ്ഥയെ സാംസ്കാരിക ബഹുസ്വരത പരിപോഷിപ്പിക്കുന്നതായി പല വിമര്‍ശകരും ഉത്കണ്ഠപ്പെടുന്നു.
വ്യത്യസ്ത സംസ്കാരങ്ങള്‍ വിലമതിക്കപ്പെടേണ്ടവയാണെന്നും, എന്നാല്‍ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളെ മറികടക്കാന്‍ അവയെ അനുവദിക്കരുതെന്നും അലിഭായി ബ്രൗണ്‍ മുന്നറിയിപ്പു നല്കുകയുണ്ടായി. സാംസ്കാരിക ബഹുസ്വരത അടിസ്ഥാനപരമായി ഒരു പാശ്ചാത്യവിരുദ്ധ പ്രത്യയശാസ്ത്രമാണെന്ന് 1996 ല്‍ സാമുവല്‍ ഹണ്ടിങ്ടണ്‍ നിരീക്ഷിക്കുകയുണ്ടായി. ചവിട്ടിമെതിക്കപ്പെട്ടവരോടും ഒന്നിനും ഉടമകളല്ലാത്തവരോടുമുള്ള, ഉത്തമ സംവേദനത്വം ലക്ഷണമായുള്ള ഒരു പുരോഗമന- സാംസ്കാരിക സാര്‍വ്വലൗകികത്വമാണ് തങ്ങള്‍ പോറ്റി വളര്‍ത്തുന്നതെന്ന് സാംസ്കാരിക ബഹുസ്വരതയുടെ വക്താക്കള്‍ അവകാശപ്പെടുന്നു. പല നാഗരികതകളുടേയും ഒരു രാജ്യം, എന്നാല്‍, ഒരു നാഗരികതയ്ക്കും സ്വന്തമല്ലാത്തതും സാംസ്കാരികമായ ഉള്‍ക്കാമ്പ് ഇല്ലാത്തതുമായ ഒരു രാജ്യം സൃഷ്ടിക്കാനാണ് സാംസ്കാരിക ബഹുസ്വരതയുടെ വക്താക്കള്‍ ആഗ്രഹിക്കുന്നതെന്ന് ഹണ്ടിങ്ടണ്‍ പറയുന്നു. സാംസ്കാരിക ബഹുസ്വരതയുടെ വക്താക്കള്‍ മിക്കപ്പോഴും കുറ്റകൃത്യങ്ങളല്ലാതെ യാതൊന്നും പാശ്ചാത്യ പൈതൃകത്തില്‍ കാണാത്ത വംശകേന്ദ്രിതമായ വിഘടനവാദികളാണെന്ന് ആര്‍തര്‍ ഷ്ലെസിങ്ങര് പറയുന്നു. സമത്വം, അവസരങ്ങള്‍ എന്നിവ സംബന്ധിച്ച ബാഹ്യമായ അവകാശവാദങ്ങള്‍ക്കപ്പുറം സാംസ്കാരിക ബഹുസ്വരതയുടെ ലക്ഷ്യങ്ങള്‍ മനസ്സിലാക്കുക പ്രധാനമാണ്. 2011 ല്‍ റെനെ കുപേറസ് അതു കൃത്യമായി പറയുകയുണ്ടായി. സാംസ്കാരിക ബഹുസ്വരതയ്ക്ക് രണ്ടുവശങ്ങളുള്ള ഒരു ധ്വന്യാത്മക സന്ദേശമുണ്ടെന്ന് അദ്ദേഹം പരയുന്നു: നവാഗതര്‍ക്ക്/പ്രവാസികള്‍ക്ക് ഒരു കപട ആശ്വാസ സന്ദേശം- ”നിങ്ങള്‍ക്ക് നിങ്ങളുടെ പുതിയ മാതൃരാജ്യവുമായി സംയോജിക്കുകയോ ഇണങ്ങിച്ചേരുകയോ ചെയ്യേണ്ടതില്ല.”കൂടാതെ, സ്വദേശി ജനതയ്ക്ക് ഒരു ഭഞ്ജക (റശൃൗുശേിഴ) സന്ദേശവും: ”ഭാവിയില്‍ നിങ്ങളുടെ ഭൂരിപക്ഷ സംസ്കാരം, അനേകം ‘ബഹുസ്വര സംസ്കാര’ങ്ങളില്‍ ഒന്നുമാത്രമായിരിക്കും.”
ഡച്ച് നിയമ ദാര്‍ശനികനായ പോള്‍ ക്ലൈറ്റിയര്, പാശ്ചാത്യേതര സംസ്കാരങ്ങളെ അകാലികമെന്നും സാംസ്കാരിക ബഹുസ്വരതയെ അസ്വീകാര്യമായ സാംസ്കാരിക, ആപേക്ഷികതാ മൂല്യ പ്രത്യയശാസ്ത്രം എന്നും വിശേഷിപ്പിച്ചു. അടിമത്തം, സ്വവര്‍ഗരതി വിരുദ്ധത, വര്‍ഗീയത, യഹൂദ വിരുദ്ധത, സ്ത്രീലൈംഗികാവയവങ്ങളുടെ അംഗഭംഗം എന്നിവ ഉള്‍പ്പെടെയുള്ള അപരിഷ്കൃത നടപടികള്‍ (മുസ്ലിം കുടിയേറ്റക്കാര്‍ പാശ്ചാത്യ ദേശങ്ങളിലേക്കു കൊണ്ടുവന്നത്) സ്വീകാര്യമായി കരുതുന്നതിലേക്ക്, സാംസ്കാരിക ബഹുസ്വരത, വ്യക്തികളെ നയിക്കുമെന്ന അദ്ദേഹം വാദിച്ചു. സമകാലിക ഇസ്ലാം മതത്തെക്കുറിച്ച് പഠിച്ച ഫ്രഞ്ച് പണ്ഡിതനായ പ്രൊഫ. ഒളീവിയര്‍ റോയ്, സ്വാംശീകരണവും സാംസ്കാരിക ബഹുസ്വരതയും ഒരേപോലെ പരാജയപ്പെട്ടതായി തുറന്നടിച്ചു. മനുഷ്യാവകാശങ്ങള്‍ക്കുള്ള യൂറോപ്യന്‍ കണ്‍വെന്‍ഷന്റെ രക്ഷാധികാരികളായ യൂറോപ്യന്‍ കൗണ്‍സില്‍, സാംസ്കാരിക ബഹുസ്വരതയെ ഒരു പരാജയമായി കണ്ട് തള്ളിക്കളയുന്ന രാഷ്ട്രത്തലവന്മാരെ പിന്തുണയ്ക്കുകയും, അത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായ തോര്ബ്ജന് ജാഗ്ലന്‍ഡ് പറയുന്നു: ”സാംസ്കാരിക ബഹുസ്വരത, രാഷ്ട്രങ്ങള്‍ക്കകത്തുതന്നെ, സമാന്തര സമൂഹങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നുണ്ട്; ഇവയില്‍ ചില സമൂഹങ്ങള്‍ ഭീകരതപോലെയുള്ള അപകടകരമായ തീവ്രവാദ ആശയങ്ങള്‍ക്കു വഴിതെളിക്കുന്നു.” സാംസ്കാരിക ബഹുസ്വരത, സാമൂഹികമായ ഉത്തമവിശ്വാസത്തെ, എങ്ങനെ മുറിപ്പെടുത്തുന്നു എന്ന വിഷയത്തില്‍ റോബര്‍ട്ട് ഡി. പുട്നം, ഒരു ദശാബ്ദം നീണ്ട ഗവേഷണം നടത്തുകയുണ്ടായി. നാല്പത് അമേരിക്കന്‍ സമൂഹങ്ങളിലെ 26200 ആളുകള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയതിനുശേഷം അദ്ദേഹം കണ്ടെത്തിയ ഒരു വസ്തുത, ഒരു സമൂഹം വംശീയമായി എത്രമാത്രം വൈവിധ്യം ആര്‍ജിക്കുന്നുവോ, അത്രയ്ക്ക് കൂടുതലായി അവര്‍ക്കു പരസ്പര വിശ്വാസം നഷ്ടപ്പെടുന്നു എന്നതാണ്. വൈവിധ്യമാര്‍ന്ന സമൂഹങ്ങളിലെ ജനങ്ങള്‍ക്ക് രാഷ്ട്ര മാധ്യമങ്ങളിലും സ്ഥാപനങ്ങളിലും ഉത്തമവിശ്വാസം നഷ്ടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: