ശശി നാരായണന്
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പരമ്പരാഗത ജീവിതരീതികളില്‍ നിന്നും, ആവാസവ്യസ്ഥയില്‍ നിന്നും പറന്നകലാന്‍ വെമ്പുന്ന വര്‍ത്തമാനകാല മലയാളീ ജീവിതത്തിനൊരപവാദമാണ്, പത്മശ്രീ ചെറുവയല്‍ രാമന്! മോദിജിയുടെ പുത്തന്‍ നയങ്ങളാല്‍ അംഗീകരിച്ചാദരിച്ച ഭാരതത്തിലെ സത്യസന്ധവും സമര്‍പ്പിതവുമായ എളിയ ജീവിതങ്ങളില്‍ നമുക്കെന്നും അഭിമാനിക്കാവുന്ന ഒരു ചരിത്രശേഷിപ്പാണത്! ഭൂതകാല മലയാളിയുടെ ഒരു പ്രാക് രൂപം.
വയനാട്ടിലെ പൂര്‍വ്വികര്‍ വനവാസികളാണ്. അവരിലേറ്റവും പ്രബലരായിരുന്നു കുറിച്ചിയ ഗോത്രം. ബ്രിട്ടീഷുകാരോടെതിര്‍ത്ത് നാട്ടില്‍ ഒറ്റപ്പെട്ട് കാടുകയറിയ പഴശ്ശി രാജാവിനെ ജീവന് നല്കി സംരക്ഷിച്ച ജനത. ഒളിയുദ്ധ മുറകളാല്‍ കേണല്‍ വെല്ലസ്ലിയുടെ ഉറക്കംകെടുത്തുകയും, സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തില്‍ രക്തസാക്ഷി ആവുകയും ചെയ്ത തലക്കര ചന്തുവിന്റെ പിന്മുറക്കാര്. അദ്ദേഹത്തിന്റെ കൊടുമിയില്‍ താവഴിയിലെ ബന്ധുത്വത്തില്‍ തന്നെയാണ് പ്രകൃതി സംരക്ഷണത്തിനും, കാര്‍ഷിക സംസ്കൃതിയുടെ നിലനില്‍പ്പിനുമായി ജീവിതം ഉഴിഞ്ഞുവച്ച രാമേട്ടന്റേയും ജനനം. മാനന്തവാടി പനമരം ചെറുവയല്‍ കേളപ്പന്റെയും തേയി അമ്മയുടെയും മകനായി ജനിച്ച ചെറുവയല്‍ രാമന് കുട്ടിക്കാലം തൊട്ടേ പാരമ്പര്യ കൃഷി രീതിയില്‍ വ്യാപൃതനായി. കഴിഞ്ഞ തലമുറയില്‍ തന്നെ പലരും കാര്‍ഷികവൃത്തി ഉപേക്ഷിക്കുകയും ഭൂമി അന്യാധീനപ്പെടുകയും ചെയ്തതോടെ വയനാടിന്റെ ഭൂപടം തന്നെ മാറിപ്പോയി. കുടിയേറ്റക്കാരുടെ സാംസ്കാരിക കടന്നുകയറ്റം കൂടി ആയപ്പോള്‍ കോണ്‍ക്രീറ്റുകാടുകള്‍ പെരുകുകയും കാടിന്റെ ആവാസ വ്യവസ്ഥ മലിനപ്പെടുകയും ചെയ്തു. അവ്യവസ്ഥമായ ആധുനികവല്ക്കരണങ്ങളാലും, തെറ്റായ വികസന നയങ്ങളാലും വനവാസികള്‍ക്കു വംശനാശം വന്നുപോകുമോ എന്നു ഭയപ്പെടുന്ന വര്‍ത്തമാനകാലത്തിന്റെ ദുര്‍ഘടാവസ്ഥയില്‍ പോലും ഒന്നിനെയും കൂസാതെ ധീരമായി തന്റെ നിലപാടുകളിലുറച്ചു നില്‍ക്കുകയും പരമ്പരാഗത നെല്‍വിത്തുകളും കാര്‍ഷിക രീതികളും സംരക്ഷിച്ചുനിര്‍ത്തുകയും ചെയ്യുന്നു രാമേട്ടന്.
ഒന്നര നൂറ്റാണ്ടു പഴക്കമുള്ള പുല്ലു മേഞ്ഞ ചാണകം മെഴുകിയ മണ്‍വീട്ടിലാണ് അദ്ദേഹവും ഭാര്യ ഗീതയും മക്കളും താമസം. മൂന്നേക്കറില്‍ എല്ലാ കാര്‍ഷിക വിളകളും കൃഷി ചെയ്യുന്ന രാമേട്ടന് പരമ്പരാഗത വിത്തു സംരക്ഷണത്തിനായി മാത്രം ഒന്നര ഏക്കര്‍ കൃഷി ഭൂമി നീക്കിവച്ചിരിക്കുന്നു.
കേന്ദ്ര ഗവണ്മെന്റിന്റെ പ്ലാന്റ് ജിനോംസേവ്യര്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കര്‍ഷക ജ്യോതി എന്നിവയടക്കം വിവിധ സംഘടനകളുടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ പത്മശ്രീ പുരസ്കാരം സത്യസന്ധമായി എളിയ ജീവിതം നയിക്കുന്ന ഓരോ ഭാരതീയനും കേരളത്തിലെ പാരമ്പര്യ കര്‍ഷകര്‍ക്കും ഉള്ള അംഗീകാരമാണ്. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന രാജ്യാന്തര സെമിനാറിലും വനവാസി സംസ്കാരവും ജീവിതവുമായി ബന്ധപ്പെട്ട് ബ്രസീലില്‍ വച്ചു നടന്ന സമ്മേളനത്തിലും ചെറുവയല്‍ രാമന് പങ്കെടുത്തിട്ടുണ്ട്.
ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയും, ജീവിതശൈലീ രോഗങ്ങളുടെ വളര്‍ച്ചയും വീര്‍പ്പുമുട്ടിക്കുന്ന വര്‍ത്തമാനകാല ലോകത്തിന് വെളിച്ചമായി വരുംതലമുറകള്‍ക്കു പാഠമായി നമ്മുടെ പുരാതന സഹയോഗാത്മക പ്രകൃതിജീവനത്തിന്റെ നേര്‍സാക്ഷ്യമായി അങ്ങനെ പത്മശ്രീ ചെറുവയല്‍ രാമേട്ടന് ഇന്നും നമ്മളോടൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: