ന്യൂദല്‍ഹി: ഫെബ്രുവരി 14 കൗ ഹഗ് ഡേ എന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ഇന്ന് പിന്‍വലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യര്‍ത്ഥന സമൂഹത്തിന്റെ ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നേരത്തേ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതെന്ന് മൃഗ ക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ്.കെ. ദത്ത വ്യക്തമാക്കി.
പശു ഇന്ത്യന്‍ സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൗ ഹഗ് ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള ആഹ്വാനമെന്ന് മൃഗ ക്ഷേമ ബോര്‍ഡ് വിശദീകരിച്ചിരുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെ പുരോഗതി വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നു പോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്ന് മൃഗ ക്ഷേമ ബോര്‍ഡ് ആദ്യം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: