കൊച്ചി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം മദ്ധ്യവയസ്കന് കായലില്‍ ചാടി ജീവനൊടുക്കി. ചെറായി കുരിപ്പള്ളിശേരിയിലെ ശശി എന്നയാളാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് സംഭവത്തിനു കാരണമെന്നാണു നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഭാര്യയായ ലളിതയെ കൊലപ്പെടുത്തിയ ശേഷം ശശി വൈപ്പിനിലെത്തി ഫെറി സര്‍വീസില്‍ കയറുകയായിരുന്നു. ആറരയ്ക്കുള്ള വൈപ്പിൻ – ഫോര്‍ട്ട്കൊച്ചി റോ-റോ ജങ്കാര്‍ സര്‍വീസില്‍ യാത്ര ചെയ്യുന്നതിനിടെ ഇയാള്‍ കായലിലേയ്ക്ക് ചാടുകയായിരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ശശി ജാങ്കറില് നടക്കുന്നതും പെട്ടെന്ന് ഓടി കായലിലേയ്ക്ക് ചാടുന്നതും ദൃശ്യത്തിലുണ്ട്. മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇന്ന് പുലര്‍ച്ചെ മേളം കലാകാരനായ മകന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലളിതയെ വെട്ടേറ്റ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശശിയെ വീട്ടില്‍ കാണാനില്ലാത്തിനാല് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ജങ്കാറില്‍ നിന്ന് ഒരാള്‍ കായലില്‍ ചാടി മരിച്ചെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് മരിച്ചത് ശശിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: