തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയതിനെ നിയമസഭയില്‍ ന്യായീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങളെ സംരക്ഷിക്കാനാണ് വാട്ടര്‍ ചാര്‍ജ് കൂട്ടിയതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. വെള്ളത്തിന്റെ ഉപയോഗം കുറച്ചാല്‍ ബില്ലും കുറയുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസയാണ് കൂട്ടിയത്. ഇത് കൂട്ടേണ്ടത് അല്ലേ എന്ന് മന്ത്രി നിയമസഭയില്‍ ചോദിച്ചു.
ബോധം കെട്ട് വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളമെടുക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് വിഷ്ണുനാഥ് എംഎല്‍എ കുറ്റപ്പെടുത്തി. ഇതിന് ഹാസ്യ രൂപേണയായിരുന്നു മന്ത്രിയുടെ മറുപടി. ബോധം കെട്ട് വീഴുന്നവർക്ക് തളിക്കാൻ വെള്ളത്തിന് എംഎല്‍എ പ്രത്യേകം കത്ത് തന്നാൽ അനുവദിക്കാമെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇതുവരെ പരാതികളൊന്നുംം ലഭിച്ചിട്ടില്ല. പെന്ഷന് പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജല അതോറിറ്റി. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ ചെറിയ രീതിയില്‍ വാട്ടര്‍ ചാര്‍ജ് കൂട്ടിയതെന്നും മന്ത്രി പറഞ്ഞു. മാർച്ച് – ഏപ്രിൽ മുതൽ മാത്രമേ വർദ്ധന പ്രാബല്യത്തിൽ വരൂ എന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് മുതൽ കൂടിയാലും മാർച്ചിലേ ബില്ല് വരൂ എന്ന് മന്ത്രി പറഞ്ഞു.
ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ കണക്കിലാണ് വർധനവ്. അധിക ബുദ്ധിമുട്ടില്ലാത്ത വർധനവിന് ഇത്രയധികം പ്രശ്നമുണ്ടാക്കേണ്ടതുണ്ടോയെന്ന് മന്ത്രി ചോദിച്ചു. വെള്ളക്കരം വർധിപ്പിച്ചതിൽ പരാതി പറയാൻ ഒരു ഫോൺ കോൾ പോലും തനിക്ക് വന്നില്ലെന്ന് മന്ത്രി പറയുന്നു. അധികഭാരം അടിച്ചേൽപ്പിക്കലല്ലെന്നും മന്ത്രി വിശദീകരിക്കുന്നു.
പുതിയ നിരക്കിൽ ഒരു കുടുംബത്തിന് വിവിധ സ്ലാബുകളിൽ ആയി ശരാശരി 250 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. 1000 ലിറ്ററിന് 4.40 രൂപമുതല്‍ 12 രൂപവരെയായിരുന്നു നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസ വീതം കൂട്ടിയതോടെ 14.4 രൂപമുതല്‍ 22 രൂപവരെയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: