മലയാളത്തിന്റെ, തമിഴിന്റെ തെലുങ്കിന്റെ എല്ലാം ഗായികയായിരുന്നു, വേറിട്ട ശബ്ദത്തിനും വ്യത്യസ്ഥ തമായ ആലാപന ശൈലിക്കും ഉടമയായ വാണിയമ്മ എന്ന വാണി ജയറാം. തമിഴകത്താണ് ജനിച്ചതെങ്കിലും മലയാളികള്‍ നെഞ്ചേറ്റിയ, കേരളത്തിന്റെ പ്രിയപ്പെട്ട ഗായികയായിരുന്നു അവര്‍.
‘തിരുവോണപ്പുലരി തന് തിരുമുല്ക്കാഴ്ച’ എന്ന ഒരൊറ്റപ്പാട്ടു മതി മലയാളത്തെ അവര്‍ എത്രമേല്‍ സ്നേഹിച്ചിരുന്നുവെന്നറിയാന്‍. ഓണത്തിന്റെ ഓരോ സ്പന്ദനവും ഒരോ നിറച്ചാര്‍ത്തും, ആഹ്ലാദാരവങ്ങളുടെ തുളുമ്പുന്ന ഭാവവും എല്ലാമുണ്ട് ആ ഗാനത്തില്‍. മൂന്നു തവണ ദേശീയ പുരസ്ക്കാരവും വിവിധ സംസ്ഥാന പുരസ്ക്കാരങ്ങളും നേടിയ അവരെത്തേടി ഈ റിപ്പബ്ലിക് ദിനത്തലേന്നാണ് പദ്മഭൂഷണ്‍ എത്തിയത്. രാജ്യത്തിന്റെ ആദരവിനായി കാത്തിരുന്നപോലെയായി മടക്കം.
പി. സുശീല, എസ്. ജാനകി എന്നിവരുടെ മധുരസ്വരങ്ങളില്‍ പാടിത്തിമിര്‍ത്തിരുന്ന മലയാള ചലച്ചിത്രം പൊടുന്നനെ ഒരു വ്യത്യസ്തതയിലേക്ക് കളം മാറിയത് വാണിയമ്മയുടെ സ്വരത്തിലൂടെയാണ്. സ്വപ്നം എന്ന ചിത്രത്തില്‍ സലീല്‍ ചൗധരിയുടെ സംഗീത സംവിധാനത്തില്‍ പാടിയ ‘സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി’ എന്ന പാട്ട് മലയാളികള്‍ക്ക് പുതിയ അനുഭൂതിയായി. ഇന്നും എന്നും പുതുമയുള്ള സ്വപ്നഗാനം തന്നെയത്.
‘ഏതോജന്മകല്പനയില്’ (പാളം) ‘ആഷാഢ മാസം, ആത്മാവിന് മോഹം’ (യുദ്ധഭൂമി) ‘സീമന്ത രേഖയില്‍’ (ആശീര്‍വാദം) ‘എന്റെ കൈയില്‍ പൂത്തിരി’ (സമ്മാനം) തിരയും തീരവും ചുംബിച്ചുറങ്ങി (അവള് വിശ്വസ്തയായിരുന്നു,) ചിത്രവര്‍ണ്ണ പുഷ്പജാലമൊരുക്കി വച്ചു (അയലത്തെ സുന്ദരി), ‘പദ്മതീര്ഥക്കരയില് ഒരു പച്ചില’ (ബാബുമോന്), ‘നാടന്‍ പാട്ടിലെ മൈന’ (രാഗം) എന്നിങ്ങനെ 2013ല്‍ ഇറങ്ങിയ ‘1983’ എന്ന ചിത്രത്തിലെ പി. ജയചന്ദ്രനൊപ്പം പാടിയ ‘ഓലഞ്ഞാലി കുരുവി’ വരെ സപ്തസ്വരങ്ങളാടുന്ന സ്വര്‍ഗ പ്രവാഹിനിയായിരുന്നു അവര്‍ തീര്‍ത്തത്. അറുനൂറിലേറെ മലയാള ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ച അവര്‍ തമിഴിലും തെലുങ്കിലും അടക്കം മിക്ക തെന്നിന്ത്യന്‍ ചിത്രങ്ങളിലും
പാടി. പുലി മുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ ‘എന്ന ഗാനം വമ്പന്‍ ഹിറ്റായി മാറി. ആക്ഷന്‍ ഹീറോ ബിജുവിലെ(2016) യേശുദാസിനൊപ്പം പാടിയ ‘പൂക്കള്‍ പനിനീര്പൂക്കള്’ എന്ന ഗാനവും സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. 19 ഭാഷകളിലായി പതിനായിരത്തോളം ഗാനങ്ങള്‍ പാടിയിട്ടുണ്ടെന്നാണ് കണക്ക്. വസന്ത് ദേശായിയുടെ സംഗീത സംവിധാനത്തില്‍, ഗുഡ്ഡി എന്ന ചിത്രത്തിലെ ‘ബോലെ രേ പപ്പി ഹര’ എന്ന ഗാനത്തിലൂടെയാണ് അവര്‍ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയയായത്.
പ്രണയത്തിന്റെ തീഷ്ണതയും മാധുര്യവും ഒരുപോലെ നിറഞ്ഞൊഴുകുന്ന ആലാപനമാണ് ഏതോ ജന്മകല്പ്പനയില് എന്ന ഗാനം. സലീല്‍ ചൗധരി, ശങ്കര്‍ ഗണേഷ്, എം.എസ് വിശ്വനാഥന്, എം.കെ അര്ജുനന്, ജി. ദേവരാജന്‍, കെ.രാഘവന്, ദക്ഷിണാമൂര്‍ത്തി, രവീന്ദ്രന് മാഷ്, ജോണ്സണ്, ആര്.കെ. ശേഖര്‍, കെ.ജെ. ജോയി, ബാബുരാജ്, ശ്യാം, എ.ടി. ഉമ്മര്‍, എം.ബി. ശ്രീനിവാസന്, എം.ജി. രാധാകൃഷ്ണന്, പുകഴേന്തി, ജെറി അമല്‍ദേവ്, തുടങ്ങി ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കു വേണ്ടിയും പാടി. എം.കെ. അര്‍ജുനന്റെ സംഗീതസംവിധാനത്തിലാണ് മലയാളത്തില്‍ വാണിജയറാം കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: