കൊച്ചി: കേരളത്തെ രക്ഷിക്കാനുള്ള ദൗത്യം ബിജെപി പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്ന് പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നത് മദ്യമാഫിയയും അഴിമതി മാഫിയയും മരുമകന് മാഫിയയുമാണ്. രാജ്യത്തെ ഏറ്റവും മോശമായ സര്ക്കാരാണിവിടുത്തേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയില്‍ ബിജെപി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രഭാരി കൂടിയായ അദ്ദേഹം.
ക്ഷേമപദ്ധതികളില്‍ പോലും പാര്‍ട്ടി നോക്കി ഗുണഭോക്താക്കളെ കണ്ടെത്തുകയാണ് കേരളത്തില്‍ ചെയ്യുന്നത്. രാജ്യത്തെ 27 മെട്രോകളില്‍ തിരക്കില്ലാത്തത് കൊച്ചി മെട്രോയില്‍ മാത്രമാണ്. മറ്റ് സ്ഥലങ്ങളില്‍ റോഡ് ഗതാഗതത്തിന്റെ ഇരട്ടി മാത്രം മെട്രോ നിരക്കുള്ളപ്പോള്‍ ഇവിടെ ആറിരട്ടി വരെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ ഉല്പാദനമേഖല സ്തംഭിച്ചു. വ്യവസായത്തിനനുകൂലമായ അന്തരീക്ഷമല്ല ഇവിടെ. ഇടതു തൊഴിലാളി യൂണിയനുകള്‍ വികസനത്തെ പിന്നോട്ട് വലിക്കുകയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും വികസനത്തില്‍ മുന്നോട്ട് പോയപ്പോള്‍ കേരളം പ്രതിദിനം പിന്നിലേക്കാണ്. കേരളത്തില്‍ സര്‍ക്കാര്‍ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നത്. സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ ഗുസ്തിയും ത്രിപുരയില്‍ ദോസ്തിയുമാണ്. 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു.
സമസ്ത മേഖലകളിലും ജനജീവിതം ദുസഹമാക്കുന്ന വിധം സാധാരണക്കാരെ പിഴിയുകയാണ് പിണറായി സര്‍ക്കാരെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ കീശയില്‍ കൈയിട്ട് വാരി ധൂര്‍ത്തടിക്കുന്ന സര്‍ക്കാരാണിത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഉള്ള എല്ലാ സാധനങ്ങള്‍ക്കും വില കൂടിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും സുരേന്ദ്രന് അറിയിച്ചു.
ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് രാഷ്ടീയ പ്രമേയവും സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്.രാധാകൃഷ്ണന് സാമ്പത്തിക പ്രമേയവും സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമള്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മെട്രോമാന് ഇ. ശ്രീധരന്, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്, സി.കെ. പദ്മനാഭന്, കെ.വി. ശ്രീധരന് മാസ്റ്റര്‍, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി ജോര്‍ജ്കുര്യന്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: